കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. അപകടസമയത്ത് കാറിലുണ്ടായിരുന്ന നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് മദ്യം നൽകിയ വൈറ്റില, പാലാരിവട്ടം, ആലുവ എന്നിവിടങ്ങളിലെ ബാറുകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു ഇവർ. കർണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിനിയുമാണ്.
അപകടസമയത്ത് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി നിനവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന 19കാരനായ സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സുഹൈലിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രിയും നിർദേശം നൽകിയിരുന്നു. വിവിധ ബാറുകളിൽ കയറി പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.



























