
നിയമോപദേശം ലഭിച്ചു,ഇഡിക്കെതിരെ പ്രതിഷേധത്തിന്റെ മൂര്‍ച്ചകൂടുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സിപിഎം നേതാക്കളെ പ്രതിയാക്കി കേസെടുക്കാന്‍ ഇഡി നീക്കം
കൊച്ചി.ഇഡിക്കെതിരെ പ്രതിഷേധത്തിന്റെ മൂര്‍ച്ചകൂടുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സിപിഎം നേതാക്കളെ പ്രതിയാക്കി കേസെടുക്കാന്‍ ഇഡി നീക്കം. പൊലീസ് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ കേസെടുക്കാന്‍ തടസമില്ലെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചു. ഹെഡ്ക്വാട്ടേഴ്‌സിന്റെ അനുമതി കൂടി ലഭിച്ചാല്‍ കേസെടുത്ത് സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി.
സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഹമ്മദ് റിയാസിലേക്കടക്കം അന്വേഷണം നീങുന്നതിനിടെ ഇഡിക്കെതിരെ സിപിഎം പടയൊരുക്കം തുടങ്ങി കഴിഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ നേതാക്കളുടെ വാക്കുകളില്‍ വരാനിരിക്കുന്ന പ്രതിഷേധങ്ങളുടെ സൂചനയുണ്ട്.
ഇതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് കേസില്‍ പ്രതികളായ സിപിഎം നേതാക്കളുടെ പൊലീസ് സ്‌റ്റേഷനിലെ ഓണാഘോഷവും ഇഡിയെ ചൊടിപ്പിച്ചു. പൊലീസ് അന്വേഷണവും അട്ടിമറിക്കപ്പെട്ടുവെന്ന് ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡി സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങുന്നത്. ഇഡിക്ക് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മറ്റേതെങ്കിലും ഏജന്‍സികള്‍ കേസെടുക്കണം. മാത്രമല്ല എഫ്‌ഐആറിലടക്കം അടിസ്ഥാന കുറ്റകൃത്യം ഉള്‍പ്പെടുകയും വേണം. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വധശ്രമമടക്കമുള്ള വകുപ്പുകളാണ് സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വധശ്രമം അടിസ്ഥാന കുറ്റകൃത്യമായി പരിഗണിച്ച് ഇഡിക്ക് കേസെടുക്കാന്‍ മറ്റ് തടസങ്ങളില്ല. എന്നാല്‍ അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ഇഡിക്ക് കോടതിയില്‍ നിന്നടക്കം തിരിച്ചടി നേരിടാന്‍ സാധ്യത കൂടുതലാണ്. വധശ്രമത്തില്‍ കേസെടുക്കാമെങ്കിലും ആ കുറ്റകൃത്യത്തിലൂടെ സാമ്പത്തിക നേട്ടമോ കള്ളപ്പണമിടപാടോ നടന്നിട്ടുണ്ടെങ്കില്‍ മാത്രമെ കേസ് നിലനില്‍ക്കൂ. ഇവിടെ അക്കാര്യം എങ്ങനെ ഇഡി ഉറപ്പിക്കുമെന്നതാണ് വെല്ലുവിളി.
സിപിഎം നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുകയാണ് ഇഡിയുടെ ലക്ഷ്യം. സിഎംആര്‍എല്‍ കേസിലടക്കം കൂടുതല്‍ രാഷ്ടീയ നേതാക്കളിലേക്കടക്കം വരും ദിവസങ്ങളില്‍ അന്വേഷണം എത്തും. പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടന്ന ഘട്ടത്തിലാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസ് സ്റ്റേഷനില്‍ തന്നെ ഓണാഘോഷത്തില്‍ പങ്കെടുത്ത് പ്രതികള്‍ അവരുടെ സ്വാധീനം വ്യക്തമാക്കി. പൊലീസില്‍ നിന്ന് തുടര്‍നടപടികളുണ്ടാകില്ലെന്നിരിക്കെയാണ് ഇഡി തന്നെ നേരിട്ട് നടപടിയിലേക്ക് കടക്കുന്നത്. കേസെടുത്ത് ആവശ്യമെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെയടക്കം ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. കോടതിയില്‍ നിന്നുണ്ടാകാവുന്ന തിരിച്ചടികളടക്കം പരിശോധിച്ച ശേഷമാകും കേസെടുക്കുന്നതില്‍ ഹെഡ്ക്വാട്ടേഴ്‌സ് അനുമതി നല്‍കുക.
പ്രതിപക്ഷ ഉപ നേതാവ് തർക്കത്തിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടില്ല
തിരുവനന്തപുരം.പ്രതിപക്ഷ ഉപ നേതാവ് തർക്കത്തിൽ സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെടില്ല. പ്രശ്നപരിഹാരത്തിന് സിപിഐ ദേശീയ നേതൃത്വം നടത്തുന്ന ശ്രങ്ങളോടാണ് സിപിഐഎം കേന്ദ്ര നേതൃത്വം മുഖം തിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്നമാണെന്ന് നിലപാടിലാണ് സിപിഐഎം കേന്ദ്ര നേതൃത്വം.
വിട്ടുവീഴ്ചക്കില്ലെന്ന കടുത്ത നിലപാടിൽ സിപിഐ തുടരുന്നതോടെ എൽഡിഎഫിൽ അസാധാരണ സാഹചര്യം തുടരുകയാണ്. ഇടതുമുന്നണിയുണ്ടാക്കിയത് സിപിഐ കൂടിയായതിനാൽ മുന്നണിയിലെ പദവികളുടെ തീരുമാനം സിപിഐ കൂടി അറിഞ്ഞു വേണമെന്ന് നിലപാടിലാണ് പാർട്ടി . പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സിപിഐക്ക് പദവിയില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്ഥിതി സങ്കീർണമായത്. അടുത്തമാസം ചേരുന്ന വിശാല സംസ്ഥാന സമിതിക്കു മുൻപ് ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയത്തിന് സിപിഐഎം തയ്യാറാവില്ല.
മറ്റു ഘടകകക്ഷികൾ സമ്മർദ്ദം ചെലുത്തുന്നു എന്നത് മുൻനിർത്തിയാണ് എൽ ഡി എഫിന്റെ മുന്നണിയോഗം വിളിച്ച് ചേർത്തത്. യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ചയ്ക്കും എടുത്തില്ല. അത് സിപിഐഎമ്മിന്റെ മറ്റൊരു തന്ത്രമായിരുന്നു. ഇതിലും സി പി ഐ ക്ക് എതിർപ്പുണ്ട്. പ്രതിപക്ഷ ഉപ നേതാവ് തർക്കത്തിൽ മറ്റു ഘടകകക്ഷികളുടെ അഭിപ്രായം തേടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ അതറിയില്ല എന്നാണ് സിപിഐയുടെ മറുപടി. നിയമസഭയിൽ പ്രത്യേക ബ്‌ളോക്കായി ഇരിക്കാനുള്ള കടുത്ത നടപടിയിലേക്ക് കടക്കാനാണ് സിപിഐ നേതൃത്വത്തിന്റെ ആലോചന
പുനലൂർ താലൂക്ക് ആശുപത്രിയിൽ 24×7 സ്‌പെഷ്യൽറ്റി സേവനം തുടങ്ങാനായി പുതിയ നിയമനം ഇല്ല, പുനർ വിന്യാസത്തില്‍ എതിർപ്പുമായി ഡോക്ടർമാരുടെ സംഘടന
പുനലൂർ. താലൂക്ക് ആശുപത്രിയിൽ 24×7 സ്‌പെഷ്യൽറ്റി സേവനം തുടങ്ങാനായി പുതിയ നിയമനം ഇല്ല. മറ്റു ആശുപത്രികളിൽ നിന്ന് ഡോക്ടർമാരെ പുനർ വിന്യസിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.നടപടിയിൽ എതിർപ്പുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന KGMOA രംഗത്തെത്തി.
ജില്ലാ-ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം നടപ്പാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പദ്ധതി ആദ്യം നടപ്പാക്കുന്നത് പുനലൂർ താലൂക്ക് ആശുപത്രിയിൽ. എന്നാൽ ഇവിടേക്ക് പുതിയ ഡോക്ടർമാരുടെ നിയമനം ഇല്ല പകരം മറ്റ് ആശുപത്രികളിൽ ഡോക്ടർമാരെ ഇങ്ങോട്ടേക്ക് താൽക്കാലികമായി സ്ഥലംമാറ്റി. 11 ഡോക്ടർമാരെയാണ് ഇങ്ങനെ പുനർവിന്യസിച്ചിരിക്കുന്നത്. ഈ സ്ഥലംമാറ്റം മറ്റ് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. നിലവിലെ ഒപികളിൽ കിട്ടിയിരുന്ന സ്പെഷ്യാലിറ്റി സേവനം കൂടി ഇല്ലാതാകും.
ഇതോടെയാണ് KGMOA എതിർപ്പ് ഉയർത്തിയിരിക്കുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും പുനർവിന്യസം കൊണ്ട് സേവനം നടപ്പിലാക്കാൻ സാധിക്കില്ലെന്നുമാണ് KGMOA യുടെ നിലപാട്.
ഓണത്തിന് മുൻപേ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന
ഓണത്തിന് മുൻപേ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിറ്റത് 239.94 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 23 കോടി രൂപയുടെ അധിക വിൽപനയാണ് നടന്നത്. നിലവിൽ വില്പനയിൽ മുന്നിൽ പെരിന്തൽമണ്ണയിലെ വിൽപനശാലയാണ്.
ഓണം എത്തുന്നതിനു മുന്നേ തന്നെ മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം. ഈ മാസം 18 മുതൽ 20 വരെ മൂന്ന് ദിവസം ബെവ്‌കോ ഔട്ട് ലെറ്റിലൂടെ വിറ്റത് 239.99 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ ഓണകാലത്ത് വിറ്റത് 209.89 കോടി ആയിരുന്നു. ഇത്തവണ 23.1 കോടിരൂപയുടെ വർദ്ധനയാണ് ഉണ്ടായത്. നിലവിലെ കണക്ക് പ്രകാരം മദ്യ വില്പനയിൽ പെരിന്തൽമണ്ണയിലെ വിൽപനശാലയാണ് ഏറ്റവും മുന്നിൽ. 90 ലക്ഷം രൂപയുടെ കച്ചവടമാണ് ഇതുവരെ നടന്നത് . 78 ലക്ഷം രൂപയുടെ വിൽപനയുണ്ടായ തിരൂര്, 62 ലക്ഷം രൂപയുടെ വിൽപനയുൺ്ടായ ചാലക്കുടി ഔട്ട്ലെറ്റുകളും തൊട്ടുപിന്നാലെയുണ്ട്.
അതേസമയം ഓപ്പറേഷൻ തൂഫാൻ ഫലപ്രദമായതാണ് മദ്യത്തിന് ഡിമാൻഡ് കൂട്ടിയതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇതുവരെ ഓപ്പറേഷൻ തൂഫാനിലൂടെ 10085 അറസ്റ്റുകൾ നടന്നു. 8289.88 ഗ്രാം MDMA യും 1032 .175 കി.ഗ്രാം കഞ്ചാവും 515.687 ഗ്രാം ഹെറോയ്നും ഇതുവരെ പിടിച്ചെടുത്തു. ഓണത്തിന് ശേഷം തൂഫാൻ 2 ആരംഭിക്കും.
ഓണക്കാലത്ത് കേരളത്തില്‍ പ്ളാന്‍ ചെയ്തത് 5 കോടിയുടെ ലഹരിക്കച്ചവടം,ഓണക്കാല വില്‍പ്പനയ്ക്കായി 5 കിലോ എംഡിഎംഎ കേരളത്തിലേക്ക് എത്തി, ബോസിനെ പൂട്ടി എക്സൈസ്
കൊച്ചി: വൈറ്റിലയില്‍ പിടിയിലായ മയക്കുമരുന്ന് വിതരണക്കേസ് പ്രതി വരുണ്‍ ദേവ് സംസ്ഥാനത്തേക്ക് രാസലഹരി എത്തിക്കുന്നതില്‍ പ്രധാനിയെന്ന് എക്സൈസ്. വാഹനം തടഞ്ഞാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍ നിന്നും 232 ഗ്രാം രാസലഹരിയാണ് പിടികൂടിയത്. ലഹരി കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നും എക്സ് എന്നുമാണ് വരുണ്‍ ദേവിന്റെ വിളിപ്പേര്.
ഓണക്കാലത്ത് ഇയാളും സംഘവും കേരളത്തില്‍ 5 കോടിയുടെ ലഹരിക്കച്ചവടമാണ് പദ്ധതിയിട്ടത്. ഡല്‍ഹി, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും വാങ്ങുന്ന എംഡിഎംഎ അടക്കമുള്ള രാസലഹരി വസ്തുക്കള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിക്കും. കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരിമരുന്നുകള്‍ സംഭരിച്ചിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ സൂചിപ്പിച്ചു. വിശ്വസ്തരായ ഇടനിലക്കാര്‍ വഴി കൊച്ചിയിലെ ലഹരി വില്‍പ്പനക്കാരിലേക്ക് എത്തിക്കുകയാണ് രീതി.
വില്‍ക്കുന്നവരുമായി വരുണ്‍ ദേവ് നേരില്‍ ബന്ധപ്പെടാറില്ല. നേരിട്ട് കച്ചവടത്തിന് ഇറങ്ങാറുമില്ല. കഴിഞ്ഞദിവസം കലൂരിലെ ഹോട്ടലില്‍ നിന്ന് 49 ഗ്രാം ലഹരിയുമായി പിടിയിലായ രണ്ടു പ്രതികളില്‍ നിന്നാണ്, കോട്ടയത്തു നിന്നും ലഹരിയുമായി ഒരു സംഘം കൊച്ചിയിലെത്തുന്നതായി വിവരം ലഭിച്ചത്. വൈറ്റിലയില്‍ വെച്ച് വാഹനം തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്നതില്‍ പ്രധാനിയാണ് വലയിലായതെന്ന് വ്യക്തമായത്.
ഓണക്കാല വില്‍പ്പനയ്ക്കായി 5 കിലോ എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ എക്സൈസിന് ലഭിച്ച വിവരം. നാലു കോടിയുടെ ലഹരിക്കച്ചവടമാണ് ഒരു തവണ ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിലൂടെ സംഘം നടത്തിയിരുന്നത്. ലഹരി വില്‍പ്പനയ്ക്കായി പെണ്‍കുട്ടികളെ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. വരുണ്‍ ദേവിന്റെ സാമ്പത്തിക ഇടപാടുകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു, ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നീട് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സുഹൃത്താണ് ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം യുവതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ഇമെയിലും ടെലഗ്രാം അക്കൗണ്ടും മൊബൈല്‍ഫോണും പരിശോധിച്ചപ്പോള്‍ അശ്ലീല ദൃശ്യങ്ങളും, ദൃശ്യങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും കണ്ടെത്തി. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് യുവതി തന്ത്രപൂര്‍വം ഭര്‍ത്താവിനെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടില്‍ വെച്ച് നാലു വയസ്സുള്ള കുട്ടിക്ക് മുന്നില്‍ വെച്ചും ഇയാള്‍ ലൈംഗിക വൈകൃതം കാണിച്ചു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
തുടക്കത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്താന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് യുവതി ഡിജിപിക്കും കോടതിയിലും പരാതി നല്‍കിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസിപി നേരിട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നാലു വയസ്സുള്ള കുട്ടിയുടെ മൊഴിയെടുക്കുകയും റിപ്പോര്‍ട്ട് പൊലീസിന് നല്‍കുകയും ചെയ്തു. കുട്ടി പിതാവിനെതിരെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് മുന്നില്‍ വെച്ച് ലൈംഗികവൈകൃതം കാണിച്ചതിന് പോക്സോ കേസെടുത്തത്.
പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇവര്‍ യുകെയിലായിരുന്നു. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയാണെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നു. കുളിമുറിയില്‍ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. നഗ്‌നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
കുലശേഖരപുരത്ത് അപ്രതീക്ഷിതമായി നാട്ടുകാരെ ഞെട്ടിച്ച് മാവേലി
കരുനാഗപ്പള്ളി. കുലശേഖരപുരം പഞ്ചായത്തിലെ ഓണാഘോഷാ പരിപാടിയിൽ അപ്രതീക്ഷിതമായി എത്തിയഅതിഥിയെ കണ്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒരു നിമിഷം അമ്പരന്നു… യാഥാർത്യം തിരിച്ചറിഞ്ഞതോടെ ഓണാഘോഷ പരിപാടി വറൊരു ലവലിലേക്കാണ് പോയത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചെങ്ങന്നൂരിൽ പോകേണ്ടതിനാൽ പഞ്ചായത്തിൽ നടക്കുന്ന
ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന്ആഘോഷപരിപാടി നടത്തുന്നതിനെ പറ്റി തീരുമാനിച്ചകമ്മിറ്റിയിൽ 3-ാം വാർഡ് പ്രതിനിധി കൃഷ്ണൻ കുട്ടിഅറിയിച്ചിരുന്നു. ധാരാളം കല്യാണങ്ങൾ നടക്കുന്ന ദിവസങ്ങൾ ആയതിനാൽ എല്ലാവരും അത് സത്യമാണെന്ന് ധരിച്ചു.
പഞ്ചായത്ത് ജീവനക്കാരും , ജനപ്രതിനിധികൾ ഉള്‍പ്പെടെ എല്ലാവരും എത്തി. ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടയിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയെത്തിയ മാവേലിയെ കണ്ട് എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. എല്ലാവർക്കും അനുഗ്രഹം നൽകിക്കൊണ്ട് കടന്നുവരുന്നത് മൂന്നാം വാർഡിലെ ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണൻ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഓണാഘോഷ പരിപാടി യുടെ അന്തരീക്ഷം തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്. കക്ഷി രാഷ്ട്രീയ വെത്യാസമില്ലാതെ ജീവനക്കാരും , ജനപ്രതിനിധികളും, എല്ലാവരും മേളത്തിനൊപ്പം ചുവടു വെച്ചും , ആർപ്പുവിളിച്ചും ആഘോഷം പൊടി – പൊടിച്ചു.
അപ്രതീക്ഷിതമായി എത്തിയ മാവേലിയെ നാട്ടുകാരും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
പഞ്ചായത്ത് ഓഫീസ് പരിസത്ത് ഉണ്ടായിരുന്ന എല്ലാവരേയും അനുഗ്രഹിച്ച് ഒരു ആഘോഷമായിഎല്ലാ വരുടേയും അകമ്പടിയോടെ അടുത്ത ക്ഷേത്രത്തിൽ നടക്കുന്ന സപ്താഹ വേദിയിലും മാവേലി എത്തി. അവിടെ നിന്നും തിരിച്ച് പഞ്ചായത്തിൽ എത്തി പരിപാടിയിലും ഓണ സദ്യയിലും പങ്കെടുത്താണ് മാവേലി മടങ്ങിയത്.
ഓണാഘോഷപരിപാടിയിൽ അപ്രതീക്ഷിതമായി എത്തി ചടങ്ങ് ആഘോഷമാക്കി മാറ്റിയതിന് എല്ലാവരും കൃഷ്ണൻ കുട്ടിയെ അനു മോദിച്ചു.
ഏറെ രഹസ്യമായിട്ടാണ് കൃഷ്ണൻകുട്ടി പരിപാടി പ്ലാൻ ചെയ്തത്. രാവിലെ മേക്കപ്പ്മാൻ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ ഗീത പോലും ഈ വിവരം അറിയുന്നത്. മാവേലിയായി വേഷമിട്ട് താൻ സെക്രട്ടറിആയിട്ടുള്ള അമ്പീലേത്ത് ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് തയ്യാറായി നിന്നിരുന്ന മേളക്കാരുടെ അകമ്പടിയോടെ പഞ്ചായത്തിലെ ഓണാഘോഷ പരിപാടിയിൽ എത്തി ചേർന്നത്.
അപ്രതീക്ഷിതമായി മാവേലി എത്തിയതോടെ ഈ വർഷത്തെ കുലശേഖരപുരം പഞ്ചായത്തിലെ ഓണാഘോഷ പരിപാടി കളറായി.
മെട്രോ സ്റ്റേഷനിലെ പുതിയ ‘ഉദ്യോഗസ്ഥൻ’; ജിഞ്ചർ പൂച്ചയ്ക്ക് ഔദ്യോഗിക പദവി!
മാസങ്ങളായി മെട്രോ സ്റ്റേഷനിൽ ‘കാവലും പരിശോധനയുമായി’ നടന്നിരുന്ന ജിഞ്ചർ പൂച്ചയ്ക്ക് ഒടുവിൽ ഔദ്യോഗിക പദവി. മുംബൈ മെട്രോ ലൈൻ 7ലെ ഗുന്ദാവലി സ്റ്റേഷനിൽ സ്ഥിരം സാന്നിധ്യമായ പൂച്ചയ്ക്കാണ് മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (MMMOCL) തമാശയായി ‘ചീഫ് ഫെലൈൻ ഓഫീസർ’ (CFO) എന്ന പദവി നൽകിയത്.
സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ സ്ഥിരമായി നിലയുറപ്പിക്കുന്ന പൂച്ച യാത്രക്കാരെ നിരീക്ഷിക്കുകയും സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്യുന്ന ‘രീതിയാണ്’ പിന്തുടർന്നിരുന്നത്. പൂച്ചയുടെ ചിത്രങ്ങൾ പകർത്തിയ യാത്രക്കാരനായ സന്ദേഷ് സാമന്താണ് ശമ്പളമില്ലാതെ ‘ജോലി ചെയ്യുന്ന’ ഈ കാവൽക്കാരന് ഔദ്യോഗിക പദവി നൽകണമെന്ന ആവശ്യവുമായി മെട്രോ അധികൃതരെ സമീപിച്ചത്.
രസകരമായ ആവശ്യത്തോട് അധികൃതരും തമാശയായി ചേർന്നതോടെയാണ് പൂച്ചയ്ക്ക് ‘ചീഫ് ഫെലൈൻ ഓഫീസർ’ പദവി ലഭിച്ചത്. പേരിന് തമാശയാണെങ്കിലും പൂച്ച തന്റെ ചുമതലകൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് MMMOCL ഉദ്യോഗസ്ഥരുടെ പ്രതികരണം.
സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും ഈ പൂച്ച ഇപ്പോൾ ഏറെ പ്രിയപ്പെട്ടതാണ്. യാത്രാക്ഷീണവുമായി മെട്രോയിലെത്തുന്നവർക്ക് കൗതുകവും ആശ്വാസവും പകരുന്ന ‘സഹപ്രവർത്തകനായി’ പൂച്ച മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെ പ്രശസ്ത പൂച്ച ലാറിയെ ഓർമിപ്പിക്കുന്നതാണ് മുംബൈ മെട്രോയിലെ ഈ പുതിയ ‘ഉദ്യോഗസ്ഥന്റെ’ വിശേഷങ്ങളും.
അസാധാരണമായ തരിപ്പും നടക്കാനുള്ള പ്രയാസവും; വിറ്റാമിൻ B12 ന്റെ കുറവ് വ്യക്തമാക്കുന്ന 5 ലക്ഷണങ്ങൾ
ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിനും രക്തകോശങ്ങളുടെ നിർമ്മാണത്തിനും ഏറ്റവും ആവശ്യമായ പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ B12. എന്നാൽ പലപ്പോഴും ശരീരത്തിൽ B12 ന്റെ കുറവുണ്ടാകുമ്പോൾ പ്രകടമാകുന്ന ലക്ഷണങ്ങൾ മറ്റ് സാധാരണ ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിച്ച് ആളുകൾ അവഗണിക്കാറാണ് പതിവ്. വിറ്റാമിൻ B12 ന്റെ കുറവ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള ചില ലക്ഷണങ്ങൾ ഇവയാണ്.
നാവിലെ മാറ്റങ്ങൾ
നാവ് അസാധാരണമാംവിധം മിനുസമാർന്നതോ, ചുവന്നു തടിച്ചതോ, വേദനയുള്ളതോ ആയി മാറുകയാണെങ്കിൽ അത് വിറ്റാമിൻ B12 ന്റെ കുറവ് മൂലമാകാം.
കൈകാലുകളിൽ തരിപ്പും മരവിപ്പും
നാഡികളുടെ കൃത്യമായ പ്രവർത്തനത്തിന് വിറ്റാമിൻ B12 അത്യാവശ്യമാണ്. ഇതിന്റെ കുറവ് പെരിഫറൽ നാഡികളെ ബാധിക്കുന്നു. കൈകളിലോ കാലുകളിലോ അസാധാരണമായ മരവിപ്പ്, വേദന എന്നിവ ഉണ്ടാകുന്നത് B12 ന്റെ കുറവിന്റെ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ്.
കാരണമില്ലാത്ത ക്ഷീണം
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിന് വിറ്റാമിൻ B12 പ്രധാന പങ്കുവഹിക്കുന്നു. ഇതിന്റെ അഭാവം വിളർച്ചയിലേക്ക് നയിച്ചേക്കാം. അമിതമായ ക്ഷീണം, തളർച്ച, തലകറക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഓർമ്മക്കുറവും മാനസികാവസ്ഥയിലെ മാറ്റങ്ങളും
കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ വിറ്റാമിൻ B12 സ്വാധീനിക്കുന്നു. അതിനാൽ B12 ന്റെ കുറവ് തലച്ചോറിലേക്കുള്ള നാഡീസന്ദേശങ്ങളെ ബാധിക്കുകയും ശ്രദ്ധകേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് , ചിന്താശേഷിയിലെ മന്ദത, ഓർമ്മക്കുറവ്, പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ
നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ ശരീരത്തിന്റെ ചലനങ്ങളെ ഏകോപിപ്പിക്കാനുള്ള കഴിവിനെ B12 ന്റെ കുറവ് തടസ്സപ്പെടുത്തുന്നു. ഇത് നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതിനും വീഴാൻ പോകുന്നതിനും കാരണമാവുകയും ചെയ്യുന്നു.





































