26.2 C
Kollam
Monday 5th October, 2026 | 08:26:34 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബര്‍ 5, തിങ്കള്‍ | 1202 കന്നി 19 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബര്‍ 5, തിങ്കള്‍ | 1202 കന്നി 19 | പൂയ്യം

ഗ്യാനേഷ് കുമാറിനെതിരേ അഴിമതി അന്വേഷണവുമായി കേരളം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍‍ ഗ്യാനേഷ് കുമാറിനെതിരേ അഴിമതി അന്വേഷണവുമായി കേരളം. എം.സി. റോഡ് നിര്‍മാണത്തിന് കരാറേറ്റെടുത്ത മലേഷ്യന്‍ കമ്പനിയിലെ എന്‍ജിനിയര്‍ ലീ സീ ബിനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് 20 വര്‍ഷം മുമ്പ് പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ്‌കുമാറിനെതിരേ സംസ്ഥാന വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നത്. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശമനുസരിച്ച് വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. കമ്പനിക്ക് കിട്ടാനുള്ള ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ചുമത്തിയ നഷ്ടപരിഹാരം കുറയ്ക്കാനും അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണമുണ്ടായിരുന്നു.

വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍

പൗരന്മാരെ വോട്ടവകാശമില്ലാത്തവരാക്കുന്ന നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍‍ ഭുയാന്‍. ഹൈദരാബാദിലെ നല്‍സാര്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സുപ്രീംകോടതി ജഡ്ജിയുടെ വിമര്‍ശനം.

ഫ്ളൈ ദുബായ് വിമാനം റാഞ്ചാന്‍ ശ്രമം; സഹപൈലറ്റ് പിടിയിൽ

ഫ്ളൈ ദുബായ് വിമാനം റാഞ്ചി തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റ് ഹമാം അല്‍ ഹമാമി സമ്മതിച്ചെന്ന് സൗദി അന്വേഷണ ഉദ്യോഗസ്ഥര്‍. വാള്‍ സ്ട്രീറ്റ് ജേണലിലാണ് ഈ വിവരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ മഴുകൊണ്ട് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തകര്‍ക്കാനാണു 29 കാരന്‍ ശ്രമിച്ചത്. എന്നാല്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നു സ്മിത് മച്ചാര്‍ ബഹളം വച്ചതോടെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് ഹമാമിനെ കീഴ്പെടുത്തുകയായിരുന്നു. നേരത്തെ, ഒമാന്‍‍ എയറില്‍ പൈലറ്റായിരുന്ന ഹമാമിന് തീവ്രവാദ ബന്ധമുണ്ടെന്നു സംശയിച്ച് അച്ചടക്ക നടപടികളെടുത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം സംഘര്‍ഷഭരിതമായി. വിദ്യാര്‍ഥി സംഘടനകളായ ഐസ, എഐഎസ്എഫ്, യുവജന സംഘടനയായ എഐവൈഎഫ്, ആം ആദ്മി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എഎസ്എപി, ജെഎന്യുവി ലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ പോലീസുമായി ഉന്തും തള്ളും അടിപിടിയുമുണ്ടായി. ഐസ ദേശീയ പ്രസിഡന്റ് നേഹബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്റ്റേഷനില്‍ വെച്ച് വിട്ടയച്ചു.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റി; വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്. സുരേഷ് ബാബുവിനെ മാറ്റി. വി ചെന്താമരക്ഷനെ സെക്രട്ടറിയായി ജില്ലാ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്ന് സുരേഷ് ബാബു അറിയിച്ചു. വിപുലീകൃത ജില്ല കമ്മറ്റിയ്ക്കു മുമ്പേ വ്യക്തിപരമായ അസൗകര്യം അറിയിച്ചിരുന്നെന്നു സുരേഷ്ബാബു പറഞ്ഞു.

പാലക്കാട് ജില്ലാ കമ്മിറ്റിയിൽ പിണറായിക്കും എംവി ഗോവിന്ദനും രൂക്ഷ വിമർശനം

സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍‍ശനം. പിണറായിയും ഗോവിന്ദനുമാണ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണക്കാരെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും വിമര്‍ശനം. അതേസമയം വിഭാഗീയത ഇല്ലാതാക്കുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത: ആരോഗ്യമന്ത്രി കെ മുരളിധരൻ റിപ്പോർട്ട് തേടി

സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു മരുന്നില്ലെന്ന പരാതികള്‍ക്കിടെ ഓരോ ജില്ലയിലുമുള്ള മരുന്നിന്റെ കണക്ക് പരിശോധിക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ റിപ്പോര്‍ട്ടു തേടി. എല്ലാ ജില്ലകളിലും മരുന്ന് ലഭ്യത നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ഡി എം ഒ യോ ഡെപ്യൂട്ടി ഡി എം ഒയോ ആയിരിക്കും ഈ ജില്ലാതല സമിതിയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കുക.

വി.ഡി. സതീശനെതിരെ അടൂർ പ്രകാശ് എഐസിസിക്ക് പരാതി നൽകും

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച യുഡിഎഫ് കണ്‍‍വീനര്‍ അടൂര്‍ പ്രകാശ് ഇന്നു ഡല്‍ഹിയിലെത്തി എഐസിസി നേതൃത്വത്തിന് പരാതി നല്‍കും. കേരളത്തില്‍ കൂടിയാലോചനകളില്ലെന്ന് വിമര്‍ശനമുന്നയിച്ച അടൂര്‍ പ്രകാശ് ഇക്കാര്യങ്ങളിലെല്ലാം രേഖാമൂലം എഐസിസിക്ക് പരാതി നല്‍കും.

ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിലിരുന്ന് വ്യാജ ഒപ്പിട്ടെന്ന് സിപിഎം

കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന് സിപിഎം. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗണ്‍സില്‍ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കിന്റെ ആരോപണം. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ തീതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലാണ് സുഗതന്റെ വ്യാജ ഒപ്പിട്ടതെന്ന് ആരോപണം.

യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആക്രമണം: പ്രതിപക്ഷ നേതാവ് ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ യൂത്ത് കോണ്‍ഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തു നല്‍കി. ഹോസ്റ്റല്‍ പരിസരത്തുനിന്ന് യൂത്ത് കോണ്‍ഗ്രസ് സമരം തുടങ്ങാന്‍ പോലീസ് അനുമതിയുണ്ടോയെന്ന് അന്വേഷിക്കണം. അക്രമികളെ പോലീസ് തടഞ്ഞില്ല, ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.

അൻപതാമത് വയലാർ അവാർഡ് ആർ രാജശ്രീക്ക്

അന്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീക്ക്. ആത്രേയകം എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഈ മാസം 27 ന് മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും.

ഗ്യാനേഷ് കുമാറിനെതിരെ പഴയ ക്രമക്കേട് ആരോപണവുമായി പി സി തോമസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 2004 ല്‍ കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്നപ്പോള്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ക്രമക്കേടെന്ന ആരോപണവുമായി പി സി തോമസ്. തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്കുവേണ്ടി അപരന്റെ പത്രിക കാരണമില്ലാതെ തള്ളിയെന്നാണ് ആരോപണം. ഈ വിഷയത്തില്‍ അന്വേഷണം വേണെന്നും പി സി തോമസ്.

കെഎസ്ടിപി അഴിമതി: എന്നെ മാത്രം കോടതി കയറ്റിയെന്ന് എം.കെ. മുനീർ

ഇരുപത് വര്‍ഷം പഴക്കമുള്ള കെഎസ്ടിപി അഴിമതിയുമായി ബന്ധപ്പെട്ട് തന്റെ കാര്യത്തില്‍ മാത്രം അന്വേഷണം നടന്നുവെന്നും തന്നെ കോടതി കയറ്റിയെന്നും മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. സിപിഎം നേതാവ് തോമസ് ഐസക്ക് ഉന്നയിച്ച ആരോപണങ്ങളോടായിരുന്നു മുനീറിന്റെ പ്രതികരണം.

ആർ ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു

ബിജെപിയോട് കലഹിച്ച് കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ രാജി സന്ദേശം പിന്‍വലിച്ചു. ശാസ്തമംഗലം വാര്‍ഡിന്റെ വാട്സ് ആപ് ഗ്രൂപ്പിലായിരുന്ന സന്ദേശം പങ്കുവച്ചിരുന്നത്. പാര്‍ട്ടിയോടുള്ള അതൃപ്തിയല്ല ശാരീരിക അസ്വസ്ഥതയായിരുന്നു ശ്രീലേഖയുടെ പ്രശ്നമെന്നാണ് നേതാക്കളുടെ വിശദീകരണം. രാജി പിന്‍‍വലിപ്പിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍‍ വിവി രാജേഷ്, എസ് സുരേഷ് എന്നിവര്‍ ശ്രീലേഖയുമായി സംസാരിച്ചിരുന്നു.

തിരുവനന്തപുരം നഗര ഭരണത്തിൽ പ്രതിസന്ധിയില്ല: മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗര ഭരണത്തില്‍ പ്രതിസന്ധി ഇല്ലെന്നു മേയര്‍‍ വിവി രാജേഷ്. പല കൗണ്‍സിലര്‍മാരും പല കത്തുകള്‍ നല്‍കാറുണ്ട്. ശ്രീലേഖ കൗണ്‍സിലറായി തുടരും. ശ്രീലേഖ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്തു നല്‍കിയിട്ടില്ല.

ആർ ശ്രീലേഖയുടെ പ്രസ്താവനകളെ വിമർശിച്ച് വി. ശിവൻകുട്ടി

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍‍ ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാന്‍ കഴിയില്ലെന്നും നാക്കെടുത്താല്‍ കള്ളം മാത്രമേ പറയൂ എന്നും സിപിഎം നേതാവ് വി.ശിവന്‍കുട്ടി. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ബിജെപിക്ക് നേരെ നടത്തിയ ഭീഷണിയാണു രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊന്നാനിയിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി

പൊന്നാനി ചന്തപ്പടിയില്‍ പിണറായി വിജയനു കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപന സമ്മേളനത്തിലേക്ക് കാറില്‍ വരുമ്പോഴാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചത്. മുന്‍ എംഎല്‍എ പി നന്ദകുമാറിനെ തിരുത്തിക്കുകയോ നടപടിയെടുക്കുകയോ ചെയ്യാത്തതില്‍ ആണ് പിണറായിക്ക് കരിങ്കൊടിയെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

പി നന്ദകുമാറിന്റെ പരാമർശം പാർട്ടി നിലപാടല്ല: എം വി ഗോവിന്ദൻ

മലപ്പുറം ജില്ലയെക്കുറിച്ചുള്ള പി നന്ദകുമാറിന്റെ പരാമര്‍ശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നന്ദകുമാറിന്റേത് പാര്‍ട്ടി നിലപാടല്ലെന്നും മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎം നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മലപ്പുറം പരാമർശത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ എം ഷാജി

സിപിഎം എന്തിനാണ് മലപ്പുറം ജില്ലയെ ആക്ഷേപിച്ചതെന്ന് മന്ത്രി കെ എം ഷാജി. സിപിഎം നന്നാവുകയല്ല. പി നന്ദകുമാറിന്റേത് വളരെ മോശം പരാമര്‍ശമാണ്. കേരളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മഹാമനുഷ്യരുടെ നാടുകൂടിയാണെന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി.

കണ്ണൂർ സിപിഎം സൊസൈറ്റിയിലെ ഫണ്ട് തിരിമറി: പരാതിക്കാരനിൽ നിന്ന് വിശദീകരണം തേടി

കണ്ണൂരില്‍ സിപിഎം നേതൃത്വത്തിലുള്ള എജ്യുക്കേഷണല്‍ സൊസൈറ്റിയിലെ ഫണ്ട് തിരിമറി ആരോപണത്തില്‍ പരാതിക്കാരനായ ലോക്കല്‍ കമ്മറ്റിയംഗത്തോടു വിശദീകരണം തേടി സിപിഎം. ഉളിക്കല്‍ ലോക്കല്‍ കമ്മറ്റിയംഗം തോമസ് ജോസഫിനോടാണ് വിശദീകരണം തേടിയത്.

മുണ്ടംവേലി ഫ്ലാറ്റ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ

മുണ്ടംവേലി ഫ്ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ഉടനേ. ഇതുസംബന്ധിച്ച് വിജിലന്‍സ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേര്‍ന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സര്‍ക്കാര്‍ എന്‍ജിനീയര്‍‍മാര്‍ക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദര്‍ശിക്കും.

കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ

കേരള കേന്ദ്ര സര്‍വകലാശാലയിലെ വന്ദേമാതരം സെമിനാര്‍ വിവാദത്തില്‍. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും ആര്‍എസ്എസ് ബന്ധമുള്ളവരെ സെമിനാറില്‍ ഉള്‍പ്പെടുത്തിയതിനും എതിരേ വിവിധ വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തി.

സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തെ വിമർശിച്ച് സുരേഷ് ഗോപി

തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ സംഘാടനത്തിന് ഒരു തവണ പോലും സംഘാടകസമിതി യോഗം ചേര്‍ന്നില്ലെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരക്കുകളില്‍ ആയിരുന്നു എന്ന് ന്യായീകരണം. ദിവസങ്ങള്‍ പിന്നിട്ടിട്ടും അപകടത്തില്‍ പോലീസ് കേസെടുത്തേ തീരുവെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു.

സുരേഷ് ബാബുവിനെ മാറ്റിയതിനെ സ്വാഗതം ചെയ്ത് പി കെ ശശി

സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് പി കെ ശശി. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ എന്നും ശശി ചോദിച്ചു. സുരേഷ് ബാബുവിനെതിരെയടക്കം വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സി പി എം ബന്ധം അവസാനിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ശശി സംസാരിച്ചത്.

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ പോലീസ് പരിശോധന; സിപിഎം മാർച്ച്

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്. പത്താം തീയതിക്കകം സിഐ സതീഷ് കുമാറിനെ സ്റ്റേഷനില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ അനിശ്ചിത കാലസമരവുമായി എസ്എഫ്ഐ കന്റോണ്‍മെന്റ് സ്റ്റേഷന്റെ മുന്നിലെത്തും എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

വിദേശ തൊഴിൽ തട്ടിപ്പ്: രണ്ടുപേർ വിഴിഞ്ഞത്ത് പിടിയിൽ

വിദേശത്തു തൊഴില്‍ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മുരിങ്ങൂര്‍ തെക്കുമുറി കോനൂര്‍ നാലുകെട്ടില്‍ കടവിലെ വീട്ടില്‍ ഷഫീഖ് (49), മലപ്പുറം നിലമ്പൂര്‍ പടികുളത്തുംപടി വീട്ടില്‍ ഷഫ്‌ന (32) എന്നിവരെയാണ് പിടികൂടിയത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി അജിതയുടെ പരാതിയിലാണ് കൊണ്ടോട്ടിയില്‍ പ്ലാനറ്റ് ആന്‍ഡ് ടൂര്‍സ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്നയേയും ജീവനക്കാരന്‍ തൃശൂര്‍ സ്വദേശി ഷഫീക്കിനേയും അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 15,80,000 രൂപയും ഇവരുടെ ബന്ധുവില്‍ നിന്ന് 5,40,000 രൂപയും തട്ടിയതായാണ് പരാതി.

തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾ

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സര്‍വീസുകള്‍ക്ക് തുടക്കമാകുന്നു. തുടക്കത്തില്‍‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദ് സര്‍വീസ്.

ബിജെപി വളർച്ചയെ ഉൾക്കൊണ്ട് പ്രവർത്തിക്കണം: ടി ശശിധരൻ

പണക്കൊഴുപ്പും കായിക ബലവുമുള്ള മൂന്നാം ബദലായി ബിജെപി വളര്‍ന്നുവെന്ന യഥാര്‍ത്ഥ്യം ഉള്‍കൊണ്ടുള്ള പ്രവര്‍ത്തനമാണ് സിപിഎം നടത്തേണ്ടതെന്ന് ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ ടി ശശിധരന്‍. പി യു സനൂപ് രക്തസാക്ഷി ദിനാചരണത്തിന്‍ന്റെ ഭാഗമായി ചൂണ്ടല്‍ പുതുശ്ശേരിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഗാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. മധ്യകേരളത്തിലെ ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന ഗജരാജന്‍ പല്ലാട്ട് ബ്രഹ്‌മദത്തനാണ് ഇടിമിന്നലേറ്റ് ചരിഞ്ഞത്. ഇന്നലെ വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്‌മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്.

കളമശ്ശേരിയിൽ സ്പാ ജോലിയുടെ മറവിൽ പീഡനം: രണ്ടുപേർ അറസ്റ്റിൽ

കളമശ്ശേരിയില്‍ സ്പായിലെ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് യുവാക്കള്‍ കളമശ്ശേരി പൊലീസിന്റെ പിടിയില്‍. കാര്‍ത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ എന്നിവരാണ് പിടിയിലായത്.

ട്രാൻസ്‌ജെൻഡർ യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ

പോക്സോ കേസില്‍ ജാമ്യത്തിലായിരിക്കെ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍‍. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് ഷാഫി എന്ന 21 കാരനാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ട്രാന്‍സ് വുമണിനെ ലൈംഗികമായി ഉപദ്രവിച്ച് 1,18,000 രൂപ തട്ടിയെടുത്തെന്നാണു കേസ്.

കെഎസ്ആർടിസിയിൽ 65 ബസുകൾ കട്ടപ്പുറത്ത്

കെഎസ്ആര്‍ടിസിയില്‍ 65 ബസുകള്‍ വിവിധ അറ്റകുറ്റപ്പണികള്‍ക്കായി കട്ടപ്പുറത്താണെന്ന് വിവരാവകാശ രേഖ. സ്വിഫ്റ്റ് ഉള്‍പ്പെടെ ആകെ 5,755 ബസുകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ 2,988 എണ്ണം ഓര്‍ഡിനറി വിഭാഗത്തിലാണ്.

കുറവിലങ്ങാട് കെഎസ്ഇബി ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

വൈദ്യുത ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈന്‍മാന്‍ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കല്‍ വീട്ടില്‍ വിനോദ് ജോര്‍ജ് (50) ആണ് മരിച്ചത്. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു.

വെഞ്ഞാറമൂട്ടിൽ സാമ്പത്തിക തട്ടിപ്പ്: ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റില്‍. വെഞ്ഞാറമൂട് ജംഗ്ഷനില്‍‍ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന തൈക്കാട് സ്വദേശിയായ ബിജു(52) വിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം പണയംവെച്ചതില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

പെരിയാറിൽ നിന്ന് കടത്തിയ മണൽ ലോഡ് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

പെരിയാറില്‍ നിന്ന് വാരി കടത്തുകയായിരുന്ന ഒരു ലോഡ് മണല്‍ പൊലീസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പ് സ്വദേശി ധനേഷ് മുരളീധരന്‍(38)നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഡൽഹിയിൽ മൂന്നു കേസുകൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാര്‍ലമെന്റ് സ്ട്രീറ്റ് സ്റ്റേഷനില്‍ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനില്‍ ഒരു കേസുമാണ് എടുത്തത്.

അമൃത്സറിൽ വെടിയേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

പഞ്ചാബിലെ അമൃത്സറില്‍ വെടിയേറ്റ ആക്ടിവിസ്റ്റും സോഷ്യല്‍‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സന്ധു എന്ന മധുസൂദനന്‍ മരിച്ചു. ശനിയാഴ്ച രാത്രി ബൈക്കില്‍ എത്തിയ അക്രമികള്‍ സന്ധുവിന് നേരെ മൂന്നുതവണ വെടിവെക്കുകയായിരുന്നു.

ട്രെയിനിൽ പാമ്പുകളുമായെത്തി മോഷണം നടത്തുന്ന സംഘം ബിഹാറിൽ പിടിയിൽ

പാമ്പുകളുമായി ട്രെയിനില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണം നടത്തുന്ന സംഘം ബിഹാറില്‍ പിടിയില്‍. ജനസേവ എക്സ്പ്രസില്‍ കയറിയ ആറുപേരെയാണ് ആര്‍പിഎഫ് പിടികൂടിയത്. ഇവരില്‍ നിന്ന് പത്ത് വിഷപ്പാമ്പുകളെ പിടിച്ചെടുത്തു. ദിവസേന നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ട്രെയിനിലാണ് ഇവര്‍ എല്ലാ ദിവസവും വിഷപ്പാമ്പുകളുമായി എത്തി യാത്രക്കാരെ പേടിപ്പിച്ച് പണം തട്ടിയിരുന്നത്.

ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് നെതന്യാഹു

ഫ്ളൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്മിത്ത് മച്ചാറിനെ ഹീറോയെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രായേല്‍ സ്വാതന്ത്ര്യദിന പരിപാടിയിലേക്ക് ക്ഷണിച്ചു.

കീവിൽ ജർമ്മൻ ചാൻസലറുടെ സന്ദർശനത്തിനിടെ റഷ്യൻ ആക്രമണം

ജര്‍മ്മന്‍ ചാന്‍‍സലര്‍ ഫ്രീഡ്രിച്ച് മെര്‍സ് യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നതിനിടെ തലസ്ഥാനമായ കീവിലെ പ്രധാന പാലത്തിന് നേരെ റഷ്യന്‍ ആക്രമണം. യുക്രെയ്ന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു മെര്‍സിന്റെ സന്ദര്‍ശനം. അദ്ദേഹം കിവില്‍ എത്തിയതിന് തൊട്ടുപിറകേ ഡിനിപ്രോ നദിക്ക് കുറുകെയുള്ള നോര്‍ത്തേണ്‍ ബ്രിഡ്ജിലാണ് റഷ്യന്‍ ഡ്രോണ്‍ പതിച്ചത്.

ഫ്ളൈ ദുബായ് അക്രമണം: സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധങ്ങൾ അന്വേഷിക്കുന്നു

ഫ്ളൈ ദുബായ് വിമാനത്തില്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് രണ്ടു വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2014 ലാണ് ഓസ്ട്രേലിയയിലേക്ക് വിദ്യാര്‍ത്ഥി വിസ ലഭിച്ചത്. 2017 ല്‍ ഇയാള്‍ ഓസ്ട്രേലിയയില്‍ നിന്ന് പോയി. കോഴ്സ് തുടരാത്തതിനാല്‍ ഇയാളുടെ വിസ 2019 ല്‍ റദ്ദാക്കി. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും സുരക്ഷാ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനും ഉള്‍പ്പെടുന്ന കൗണ്ടര്‍ ടെററിസം ടീം ഇയാള്‍ക്ക് ഓസ്ട്രേലിയയിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.

യുഎസിൽ വധശിക്ഷ നടപ്പാക്കുന്നതിൽ പിഴവ്: ജയിൽ വകുപ്പ് മേധാവി രാജിവച്ചു

അമേരിക്കയിലെ ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതിനെത്തുടര്‍ന്ന് ജയില്‍‍ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ രാജിവച്ചു. മരുന്ന് കുത്തിവെക്കുന്നതിലെ പിഴവുമൂലം വധശിക്ഷ പരാജയപ്പെടുകയും അവര്‍ ബോധരഹിതയായി ആശുപത്രിയില്‍ വെന്റിലേറ്ററിലാവുകയും ചെയ്തു.

റഷ്യ-യുക്രൈൻ സമാധാന ചർച്ചകളിൽ ഇന്ത്യ സജീവം: എസ് ജയശങ്കർ

റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ സമാധാനം കൊണ്ടുവരാന്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സജീവമായി ഇടപെടുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയും യുക്രൈനും തമ്മില്‍ ചില സുപ്രധാന കരാറുകളില്‍ എത്തിച്ചേരാൻ ഇന്ത്യ മുന്‍കൈ എടുക്കുന്നുണ്ടെന്നും എസ് ജയശങ്കര്‍ വെളിപ്പെടുത്തി. മ്യൂണിക്ക് ലീഡേഴ്സ് മീറ്റിംഗിലാണ് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍.

യെമനിൽ ഹൂതികൾക്കെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചു

യെമനില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവന്‍ മേഖലകളും തിരിച്ചുപിടിക്കാന്‍ സൗദി അറേബ്യയുടെ പിന്തുണയുള്ള യെമന്‍ ഭരണകൂടം സൈനിക നടപടി ആരംഭിച്ചു. ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യെമനി പ്രസിഡന്റ് റഷാദ് അല്‍ അലിമി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. ഹൂതികള്‍ ആയുധം താഴെവെക്കണമെന്ന് സൈനിക വക്താവും ആവശ്യപ്പെട്ടു.

കേരളത്തിലെ കായിക മേഖലയെ വിമർശിച്ച് എച്ച്.എസ്. പ്രണോയ്

കേരളത്തിലെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളെയും കായിക ഘടനയെയും രൂക്ഷമായി വിമര്‍ശിച്ച് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ മെഡല്‍ ജേതാവ് എച്ച്.എസ്. പ്രണോയ്. സംസ്ഥാനത്ത് കായിക താരങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ പ്ലാറ്റ്‌ഫോമുകളോ സംവിധാനങ്ങളോ ഇല്ലെന്നും ഇതില്‍ അധികൃതര്‍ക്ക് താല്പര്യമില്ലെന്നും പ്രണോയ് പറഞ്ഞു.

ആര്‍ ജി വണ്‍ വനിതാ ട്വന്റി 20: കേരളത്തിന് കിരീടം

ആര്‍ ജി വണ്‍ വനിതാ ട്വന്റി 20 ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ ബറോഡയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഏഷ്യൻ ഗെയിംസിന് സമാപനം; ഇന്ത്യയ്ക്ക് നാലാം സ്ഥാനം

ഏഷ്യന്‍ ഗെയിംസിന് സമാപനം. അടുത്ത ഏഷ്യന്‍ ഗെയിംസ് 2030 ല്‍ ഖത്തറിലെ ദോഹയില്‍. ഇത്തവണ 21 സ്വര്‍ണവും 27 വെള്ളിയും 37 വെങ്കലവും ഉള്‍പ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് എത്തിയത്. ഉസ്ബെകിസ്താനും 21 സ്വര്‍ണ മെഡലുകള്‍‍ ലഭിച്ചെങ്കിലും വെള്ളിയുടെ എണ്ണം കൂടുതലായതിനാല്‍ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. 169 സ്വര്‍ണ മെഡലോടെ ചൈന ഒന്നാം സ്ഥാനത്തും 83 സ്വര്‍ണത്തോടെ ജപ്പാന്‍ രണ്ടാം സ്ഥാനത്തും 39 സ്വര്‍ണം നേടിയ ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണ ഇന്ത്യക്ക് 28 സ്വര്‍ണമാടക്കം 107 മെഡലുകളാണ് ലഭിച്ചത്.

25 കമ്പനികൾ കൂടി ഒരു ലക്ഷം കോടി ക്ലബ്ബിൽ

നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യപകുതിയില്‍ പ്രധാന സൂചികകളില്‍ മുന്നേറ്റമൊന്നുമുണ്ടായില്ലെങ്കിലും വിപണിമൂല്യത്തില്‍ കമ്പനികള്‍ നേട്ടമുണ്ടാക്കി. 25 കമ്പനികള്‍ പുതുതായി ഒരു ലക്ഷം കോടി രൂപ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ക്ലബ്ബിലെത്തി. ഇതേ കാലയളവില്‍ നാലു കമ്പനികള്‍‍ ഈ ക്ലബ്ബില്‍നിന്ന് പുറത്തുപോവുകയും ചെയ്തു. മാര്‍ച്ച് അവസാനത്തില്‍ 93 ആയിരുന്ന വന്‍കിട കമ്പനികളുടെ എണ്ണം സെപ്റ്റംബര്‍ അവസാനത്തോടെ 114 ആയി ഉയർന്നു. ലോറസ് ലാബ്സ് പോലെയുള്ള കമ്പനികള്‍ ഈ കാലയളവില്‍ വിപണിമൂല്യത്തില്‍ 100 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ബിറ്റ്ചാറ്റ് ആപ്പ് ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പിൾ നീക്കം ചെയ്തു

ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്ക് ഡോര്‍‍സിയുടെ ഉടമസ്ഥതയിലുള്ള ഓഫ്‌ലൈന്‍ മെസേജിങ് ആപ്പായ ബിറ്റ്ചാറ്റ് ഇന്ത്യയിലെ ആപ്പ് സ്റ്റോറില്‍നിന്ന് ആപ്പിള്‍ നീക്കം ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. ഇന്ത്യയില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ആപ്പില്‍ അടങ്ങിയിട്ടുണ്ടെന്നും പ്രദേശങ്ങളിലെ നിയമപരമായ ആവശ്യകതകള്‍ പാലിക്കണമെന്ന ആപ്പിളിന്റെ നിര്‍ദ്ദേശം ഇത് പാലിക്കുന്നില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് മന്ത്രാലയം തടയല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ജയസൂര്യ ചിത്രം ‘മായാൻ’ ഡിസംബർ 3-ന് റിലീസ് ചെയ്യും

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മിച്ച് ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ‘മായന്‍’ ഡിസംബര്‍ 3 ന് ചിത്രം ആഗോള റിലീസായി എത്തും. തിരക്കഥ: റാഫി, ജിതിന്‍ കെ ജോസ്. ‘മായന്‍ ചാപ്റ്റര്‍ 1’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍ ബിയോണ്ട് ദ ഷാഡോസ് എന്നാണ്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിന്‍‍ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയസൂര്യ പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണ്.

‘ലവ് ആൻഡ് വാർ’: തിയേറ്റർ അവകാശം 300 കോടിക്ക് വിറ്റുപോയി

രണ്‍ബീര്‍ കപൂര്‍, ആലിയഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ലവ് ആന്‍ഡ് വാര്‍’ ചിത്രത്തിന്റെ ആഗോള തിയേറ്റര്‍ അവകാശം 300 കോടി രൂപക്ക് പെന്‍ മരുധര്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. റൊമാന്റിക് വാര്‍ ഡ്രാമയായ ചിത്രം ജനുവരി 21-ന് പ്രദര്‍ശനത്തിനെത്തും. സഞ്ജയ് ലീല ബന്‍സാലിയാണ് സംവിധാനം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

ഫാമിലി ഇലക്ട്രിക് സ്കൂട്ടർ ‘സിമ്പിൾ വേവ്’ വിപണിയിലെത്തി

സിമ്പിള്‍ എനര്‍ജിയുടെ ആദ്യ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ സീരീസായ സിമ്പിള്‍‍ വേവ് വിപണിയിലെത്തി. സിമ്പിള്‍ വേവ് എസ്, സിമ്പിള്‍ വേവ്, സിമ്പിള്‍‍ വേവ് പ്ളസ് നിരകളില്‍ ആറ് മോഡലുകളാണ് എത്തിയിരിക്കുന്നത്. 5 കെ.ഡബ്ല്യൂ.എച്ച് ബാറ്ററി പായ്ക്ക് നല്‍കുന്ന സിമ്പിള്‍ വേവ് പ്ളസ് 243 കിലോമീറ്റര്‍ ഐ.ഡി.സി റേഞ്ചും മണിക്കൂറില്‍ 90 കിലോമീറ്റര്‍ പരമാവധി വേഗതയും നല്‍കും. ആരംഭ വില: 1,09,999 രൂപ.

പുസ്തക പരിചയം: ‘കുടിയേറ്റം സംസ്‌കാരം രാഷ്ട്രീയം’

പ്രവാസ അനുഭവം മലയാളിയുടെ ജീവിതത്തിനും സാഹിത്യത്തിനും നല്‍കിയിട്ടുള്ള സംഭാവനകള്‍ അത്യപൂര്‍വ്വമാണ്. കുടിയേറ്റ മനുഷ്യരുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്ന ഇ.കെ. ദിനേശന്റെ പുതിയ കൃതി ‘കുടിയേറ്റം സംസ്‌കാരം രാഷ്ട്രീയം’ മാതൃഭൂമി ബുക്‌‌സ് പുറത്തിറക്കി. വില 199 രൂപ.

ഉയർന്ന രക്തസമ്മർദ്ദം: തിരിച്ചറിയാതെ പോകുന്നത് വലിയൊരു വിഭാഗം ആളുകളെന്ന് പഠനം

മുതിര്‍ന്നവരില്‍ വലിയൊരു വിഭാഗവും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടെന്ന് തിരിച്ചറിയാതെ പോകുന്നുവെന്നു പഠനം. ഓക്സ്ഫോഡ് പോപ്പുലേഷന്‍ ഹെല്‍ത്തിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ 59% പേര്‍ക്കും തങ്ങള്‍ക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് അറിയാത്തത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുന്നതിലൂടെ ഹൃദയാഘാതവും പക്ഷാഘാതവും ഒഴിവാക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here