Home Blog Page 1224

അപകടം പതിയിരിക്കുന്ന കുന്നത്തൂരിലെ കൊടുംവളവിലൂടെയുള്ള യാത്ര വാഹന യാത്രികർക്ക് പേടിസ്വപ്നമാകുന്നു

കുന്നത്തൂർ:കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ കുന്നത്തൂർ ഫാക്ടറി ജംഗ്ഷനും ആറ്റുകടവിനും ഇടയ്ക്കുള്ള കൊടും വളവ് വാഹന യാത്രികർക്ക് പേടിസ്വപ്നമായി മാറുന്നു.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്നതാണ് ഇവിടുത്തെ പ്രത്യേകത.സദാ സമയവും തിരക്കേറിയ ഈ പാതയിൽ അടുത്തടുത്തായി രണ്ട് വലിയ വളവുകളാണുള്ളത്.ഇതിൽ കൊക്കാംകാവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പ്രീ-മെട്രിക്
ഹോസ്റ്റലിനോട് ചേർന്നുള്ള വളവാണ് ഏറ്റവും അപകടകാരിയായി മാറുന്നത്.ഭരണിക്കാവ് ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.കൊക്കാംകാവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന റോഡും പ്രധാന പാതയും തമ്മിലുള്ള ഉയരവ്യത്യാസമാണ് ഇതിനു കാരണം.പാതയോരം നന്നേ കുറവായ ഇവിടെ താഴ്ചയിലേക്ക് വാഹനങ്ങൾ പതിക്കാനുള്ള സാധ്യത കൂടുതലാണ്.പലപ്പോഴും വലിയ വാഹനങ്ങൾ ഉൾപ്പെടെ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.ഇരുചക്ര വാഹനങ്ങൾ പലപ്പോഴും താഴേക്ക് പതിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.വളവു തിരിഞ്ഞ് നേർക്കു നേർ എത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും കൂട്ടിയിടിക്കുന്നത് പതിവാണ്. വർഷങ്ങൾക്ക് മുമ്പ് കണ്ടെയ്നർ ലോറി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു.സ്വകാര്യ ബസിടിച്ച് പ്രദേശവാസിയായ ഒരാളും മരണപ്പെട്ടിരുന്നു.ഈ ഭാഗത്ത് പതിവായി റോഡ് തകരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.കൊടും വളവാണെങ്കിലും അമിത വേഗതയിലാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ ചീറി പായുന്നത്.കാൽനട യാത്രികരും ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്.ആധുനിക രീതിയിലുള്ള നവീകരണം നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതാണ് ഇതിനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.വളവ് നിവർത്തിയെടുക്കുകയും സൈഡ് വാൾ കെട്ടി റോഡിൻ്റെ വീതി കൂട്ടുകയും വശങ്ങളിൽ സ്റ്റമ്പ് പാകണമെന്നും സുരക്ഷാ മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്താൽ ഒരു പരിധിവരെ അപകടങ്ങൾ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കരാർ എടുക്കാൻ ആളില്ല;റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണം പ്രതിസന്ധിയിൽ

ശാസ്താംകോട്ട:ഏറെ നാളത്തെ കാത്തിരിപ്പിനും സമ്മർദ്ദങ്ങൾക്കും ഒടുവിൽ കാരാളിമുക്ക് -ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ – കുറ്റിയിൽ മുക്ക് റോഡ് നിർമ്മാണത്തിന് 2 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടിയിൽ എത്തിയിട്ടും റോഡ് നിർമ്മാണത്തിൻ്റെ കരാർ എടുക്കാൻ ആളില്ലാത്തതിനാൽ നിർമ്മാണം പ്രതിസന്ധിയിലായി. വർഷങ്ങളായി തകർന്ന് കിടന്ന് യാത്ര ദുഷ്കരമായ റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്  റെയിൽ സിറ്റി അടക്കമുള്ള സംഘടകളും വിവിധ രാഷ്ട്രീയ പാർട്ടികളും യാത്രക്കാരും നിരന്തര സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ എ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണത്തിന് 2 കോടി രൂപ അനുവദിച്ചത്. റോഡിൻ്റെ വീതി കുറവും കാരാളിമുക്കിലെ കുത്തനെയുള്ള കയറ്റം പരിഹരിച്ചും 6 മീറ്റർ വീതിയിൽ ബി.എം. ബി. സി യിൽ റോഡ് നിർമ്മിക്കാൻ പി.ഡബ്ലു. ഡി അധികൃതർ എസ്റ്റിമേറ്റ് തയ്യാറാക്കുകയും  ടെൻഡർ വിളിക്കുകയും ചെയ്തിട്ട് കരാർ എടുക്കാൻ ആളുണ്ടായില്ല. പിന്നീട് 2 തവണ കൂടി ടെൻഡൻ വിളിച്ചിട്ടും കരാർ ആയിട്ടില്ല.
നൂറ് കണക്കിന് ആളുകളും വാഹനങ്ങളും നിത്യവും കടന്ന് വരുന്ന കാരാളിമുക്ക് – ശസ്താംകോട്ട റെയിൽവേ സ്റ്റേഷൻ – കുറ്റിയിൽ മുക്ക് റോഡ് കാൽ നടയായി പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡ് നിർമ്മാണത്തോടെ ഇതിന് പരിഹാരമാകും എന്ന് പ്രതീക്ഷിച്ചിരുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും കടുത്ത തിരിച്ചടി ആയിരിക്കുകയാണ് കരാർ എടുക്കാൻ ആളില്ലാത്ത സാഹചര്യം.

ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു

സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഇന്ത്യയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ബ്രെസ്റ്റ് ക്യാൻസർ കേസുകൾ കൂടി വരികയാണ്. മദ്യപാനവും പുകവലിയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മിതമായ അളവിൽ മദ്യം കഴിക്കുന്നത് പോലും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മാംസാഹാരം കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ ഈസ്ട്രജൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന പൂരിത കൊഴുപ്പും സംസ്കരിച്ച മാംസവും കൂടുതലായി കഴിക്കുന്നതും ബ്രെസ്റ്റ് ക്യാൻസറിന് കാരണമാകാമെന്ന് പഠനം പറയുന്നു.
നോൺ-വെജിറ്റേറിയൻ ഡയറ്റ്, മോശം ഉറക്കം, പൊണ്ണത്തടി എന്നിവ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഐസിഎംആർ പഠനം. ഇത് പ്രതിവർഷം ഏകദേശം 5.6 ശതമാനം വർദ്ധിക്കുമെന്നും ഇത് പ്രതിവർഷം 0.05 ദശലക്ഷം പുതിയ കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്നും ഐസിഎംആർ പഠനം പറയുന്നു.

ഹോർമോൺ തകരാർ, പാരമ്പര്യം എന്നിവയും പ്രധാനമായും ഇന്ത്യൻ സ്ത്രീകളിൽ സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.

2022 ൽ, ലോകമെമ്പാടുമുള്ള 2.3 ദശലക്ഷം സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം കണ്ടെത്തി. ഇത് ഏകദേശം 670,000 മരണങ്ങൾക്ക് കാരണമായതായി ​ഗവേഷകർ പറയുന്നു. 2024 ഡിസംബർ 22 വരെ പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്ത്രീകളിലെ സ്തനാർബുദ സാധ്യത ഘടകങ്ങൾ വിലയിരുത്തുന്ന അവലോകനമായിരുന്നു ഈ പഠനം.

വിവാഹ പ്രായം, ഗർഭധാരണം, ആദ്യ പ്രസവത്തിലെയും അവസാന പ്രസവത്തിലെയും പ്രായം, മുലയൂട്ടൽ, കുട്ടികളുടെ എണ്ണം എന്നിവയുൾപ്പെടെയുള്ള പ്രത്യുൽപാദന, ഹോർമോൺ ഘടകങ്ങളും പരിശോധിച്ചു. വിവാഹ പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദ സാധ്യതയും ക്രമേണ വർദ്ധിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കൂടാതെ, രണ്ടിൽ കൂടുതൽ ഗർഭഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്താത്തവരെ അപേക്ഷിച്ച് 1.68 മടങ്ങ് കൂടുതൽ അപകടസാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

ജീവിതശൈലി ഘടകങ്ങൾ സ്തനാർബുദ സാധ്യതയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാംസാഹാരം കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ ഈസ്ട്രജൻ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന പൂരിത കൊഴുപ്പും സംസ്കരിച്ച മാംസവും കൂടുതലായി കഴിക്കുന്നതും ബ്രെസ്റ്റ് ക്യാൻസറിന് കാരണമാകാമെന്ന് പഠനം പറയുന്നു. ഉറക്കത്തിന്റെ ഗുണനിലവാരക്കുറവും അപകടസാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും ​ഗവേഷകർ പറയുന്നു.

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം.

എറണാകുളം – പൂനെ ഓഖ എക്സ്പ്രസാണ് റീൽ ചിത്രീകരിക്കുന്നതിനായി നിർത്തിച്ചത്. രണ്ട് പേരെയും കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം

കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള അലയൻസ് വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്നലെ രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് റദ്ദാക്കിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

അതേസമയം, യാത്രയ്ക്കായി ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ ജീവനക്കാരുമായി തർക്കത്തിലാണ്. നിലവിൽ പ്രശ്നപരിഹാരമായിട്ടില്ല. തുടർച്ചയായി രണ്ടാം ദിവസമാണ് അലയൻസ് വിമാനം റദ്ദാക്കുന്നത്. ബദൽ സംവിധാനം വേണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.

തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചു.

തലസ്ഥാനത്തെ ബിജെപിയുടെ മുഖമായ വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂർ കൗൺസിലറുമാണ് ഇദ്ദേഹം. കൗൺസിലറായി ഇത് രണ്ടാമൂഴമാണ്. ജില്ല പ്രസിഡന്റ് കരമന ജയൻ, വി വി രാജേഷ്, ആർ ശ്രീലേഖ, ജില്ല ജനറൽ പാപ്പനം കോട് സജി എന്നിവർ അടിയന്തര ചർച്ചയിൽ പങ്കെടുത്തു. രാജേഷിനായി അവസാന നിമിഷം ഇടപെട്ടത് മുരളീധര പക്ഷമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുൻ ഡി ജി പി ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ല. കൂടുതൽ വിജയ സാധ്യത കൂടുതൽ ഉള്ള സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ശ്രീലേഖയെ മേയർ ആക്കാനുള്ള നീക്കത്തെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറിയത്. തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുൻ എംഎൽഎ കെ എസ് ശബരീനാഥനാണ് മത്സരിക്കുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും. പുന്നക്കാമു​ഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജിയാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി.

വി. വി. രാജേഷ് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് പ്രഖ്യാപിച്ചു. നേരത്തെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. രാവിലെ ഉണ്ടായ നാടകീയ നീക്കങ്ങളെത്തുടര്‍ന്നാണ് തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് ട്വിസ്റ്റ് ഉണ്ടാകുന്നത്.

ശ്രീലേഖയെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സലര്‍മാര്‍ക്കിടയില്‍ ഭിന്നതയും ഉണ്ടായിരുന്നു. രാജേഷിനെ പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാള്‍ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ആര്‍എസ്എസ് നേതൃത്വവും വി.വി. രാജേഷിനെയാണ് പിന്തുണച്ചത്. ഇതോടെയാണ് ശ്രീലേഖയുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടായത്.
രാജേഷിനെ തഴയുന്നതില്‍ വി മുരളീധരപക്ഷം ജെ പി നഡ്ഡയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് രാജേഷ് വിജയിച്ചത്. ശ്രീലേഖയെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിപ്പിക്കില്ല. ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും.

കൊല്ലം കോര്‍പറേഷനിനും പുതിയ ഭരണ സമിതിയെ ചൊല്ലി തര്‍ക്കം

കൊല്ലം: കൊല്ലം കോര്‍പറേഷനിനും പുതിയ ഭരണ സമിതിയെ ചൊല്ലി തര്‍ക്കം. ഡെപ്യൂട്ടി മേയര്‍ പദവിയെ ചൊല്ലിയാണ് കൊല്ലം യുഡിഎഫിലെ തര്‍ക്കം. ആര്‍എസ്പിയും, മുസ്ലീം ലീഗുമാണ് കൊല്ലം യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്.

കൊല്ലം മേയര്‍ സ്ഥാനത്തേക്ക് എ കെ ഹഫീസിന്റെ പേര് നേരത്തെ തന്നെ ധാരണയായിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തിരുന്നില്ല. ആര്‍എസ്പിയുടെ ഷൈമ, മുസ്‌ലിം ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഉയര്‍ന്നത്.

എന്നാല്‍ സാമുദായിക സമവാക്യം പാലിക്കപ്പെടില്ലെന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ കരുമാലില്‍ ഉദയ സുകുമാരനെ സ്ഥാനത്തേക്ക് പരിഗണിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.


ആദ്യ ഘട്ടത്തില്‍ കൊല്ലം മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ കോണ്‍ഗ്രസ് കൈവശം വയ്ക്കുകയും ഭരണ സമിതിയുടെ അവസാന സമയത്ത് ഇവ വീതം വയ്ക്കാമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച് ഉപാധി. അവസാന ഓരോവര്‍ഷം മറ്റ് പാര്‍ട്ടികള്‍ക്ക് കൈമാറുക എന്നതായിരുന്നു നിര്‍ദേശം.

ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്പിയും ലീഗും നിലപാട് എടുത്തത്. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് ലീഗിന്റെ നിലപാട്. യുഡിഎഫ് യോഗത്തിലും ലീഗ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളെ മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍എസ്പി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 56 അംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ 27 സീറ്റുകളാണ് യുഡിഎഫിന്. എല്‍ഡിഎഫ് 16 സീറ്റിലും ബിജെപി 12 സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയും വിജയിച്ചു.

കൊല്ലത്ത് MDMA യുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കൊല്ലം. MDMA യുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.

ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡൻ്റ്  റെനീഫും, ഇരവിപുരം സ്വദേശി ഷാറൂഖാനുമാണ് പിടിയിലായത്.

ഇവരിൽ നിന്നും നാല് ഗ്രാം MDMA പിടിച്ചെടുത്തു.

ഇരവിപുരം പുത്തൻചന്ത റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും ഇന്ന്  പുലർച്ചെയാണ് ഇവർ പിടിയിലായത്.

ലഹരി സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം പോലീസ് പരിശോധിക്കുന്നു.

എട്ടുമാസം ഗർഭിണിയായ യുവതിയെ ചൂടുള്ള ഇസ്തിരിപ്പെട്ടി കൊണ്ട് ശരീരമാസകലം പൊള്ളിച്ച പങ്കാളി പിടിയിൽ

എട്ടുമാസം ഗർഭിണിയായ യുവതിയെ അതിക്രൂരമായി മർദ്ദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി കൊണ്ട് ശരീരമാസകലം പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി പിടിയിൽ. മങ്കട സ്വദേശി ഷാഹിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


ക്രൂരമായ പീഡനത്തിന് ഇരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുവതിക്ക് നേരെ ഷാഹിദ് നിരന്തരമായ ശാരീരിക പീഡനം നടത്തിവരികയായിരുന്നു.


ഏറ്റവും ഒടുവിൽ, ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് യുവതിയുടെ ശരീരത്തിൽ പലയിടങ്ങളിലായി പൊള്ളിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.


എട്ടുമാസം ഗർഭിണിയായ യുവതിക്ക് നേരെ നടന്ന ഈ അതിക്രമം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷാഹിദിനെ പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.


ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഗാർഹിക പീഡനം തടയുന്നതിനുള്ള നിയമപ്രകാരമുള്ള നടപടികളും പൊലീസ് ആരംഭിച്ചു. യുവതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.