Home Blog Page 1125

ബാഹ്യ ഇടപെടലുകളില്ലാത്ത അന്വേഷണം ഉറപ്പ്, പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി, 13 പോലീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ബാഹ്യഇടപെടലുകളില്ലാതെ നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ വിവിധ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ പോലീസ് സ്റ്റേഷൻ സങ്കൽപ്പങ്ങളിൽ നിന്ന് കേരള പൊലീസ് ഏറെ മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതുതായി നിർമ്മിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളും സ്ത്രീ-ശിശു സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാണ്. ഇത് സേനയ്ക്ക് കൂടുതൽ ജനകീയ മുഖം നൽകാൻ സഹായിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൊലീസ് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പൊലീസിന്റെ യശസ്സ് ഉയർത്തുന്ന തരത്തിലുള്ള ആധുനിക കെട്ടിടങ്ങളാണ് നിർമ്മിക്കപ്പെടുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 13 മന്ദിരങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കരുനാഗപ്പള്ളി, കിളികൊല്ലൂർ, പെരുനാട്, മാഞ്ഞൂർ, കല്ലടിക്കോട്, വാളയം പൊലീസ് സ്റ്റേഷനുകൾ, വിവിധ ജില്ലകളിലെ ക്വാർട്ടേഴ്‌സുകൾ, നോളഡ്‌ജ് റെപ്പോസിറ്ററി സെന്ററുകൾ തുടങ്ങിയവ. കരീലകുളങ്ങര, കടുത്തുരുത്തി, കൊയിലാണ്ടി, കോടഞ്ചേരി, നീലേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ പത്ത് മന്ദിരങ്ങളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷനും ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ഡി ജി പി എസ് ശ്രീജിത്ത്, ഐജി ആർ നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല, ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്; ഫിസിയോതെറാപ്പിസ്റ്റുകൾക്കടക്കം ഉപയോഗിക്കാം

കൊച്ചി: മെഡിക്കൽ ബിരുദധാരികൾക്ക് (എം ബി ബി എസ്) മാത്രം അവകാശപ്പെട്ടതല്ല ‘ഡോക്ടർ’ പദവിയെന്ന് ഹൈക്കോടതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി നിയമപരമായി അങ്ങനെ ‘ഡോക്ടർ’ പദവി നീക്കിവെച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി. ‘ഡോക്ടർ’ പദവി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിഷേയൻ ( ഐ എം എ ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഫിസിയോതെറാപ്പിസ്റ്റുകൾ സഹായികൾ മാത്രമല്ല

ഫിസിയോതെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമാണെന്ന വാദത്തെ തള്ളിക്കളഞ്ഞ കോടതി, അവർക്ക് സ്വതന്ത്രമായി രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കുമടക്കം തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി. ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിൽ വൈദഗ്ധ്യം നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാമെന്ന കോടതിയുടെ ഈ തീരുമാനം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.

അങ്ങനെ വച്ചാലെന്താ..ഡോ.

കൊച്ചി.ഫിസിയോതെറാപ്പിസ്റ്റുകൾ പേരിന് മുൻപിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുത് എന്ന ഹർജി ഹൈകോടതി തള്ളി. IMA യാണ് ഹർജി നൽകിയത്. ‘ഡോക്ടർ എന്ന തലക്കെട്ട് വൈദ്യന്മാർക്ക് മാത്രമുള്ളതാണെന്ന വാദം തെറ്റാണ് എന്ന് കോടതി’. പിഎച്ച്ഡി പോലുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് “ഡോക്ടർ” എന്ന പ്രിഫിക്സ് ഉപയോഗിക്കാൻ അർഹതയുണ്ട്. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലെ തരന നഗരത്തിൽ സാമുദായിക സംഘർഷം. ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന 22കാരന് മർദനമേറ്റതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലാരംഭിച്ച തർക്കമാണ് നിയന്ത്രണാതീതമായത്. സംഘർഷത്തിൽ ഇതുവരെ ആറ് പേർക്ക് പരിക്കേറ്റു. ബസിന് തീവച്ച അക്രമി സംഘം വീടുകളും കടകളും തകർത്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയിൽ അക്രമം വ്യാപിക്കുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ വ്യാപിപ്പിച്ചിട്ടുണ്ട്. ഉജ്ജൈൻ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശുക്ല മൊഹല്ല എന്ന സ്ഥലത്താണ് സംഘർഷത്തിൻ്റെ തുടക്കം. വീടിന് സമീപത്ത് നിന്ന യുവാവിനെ ഒരു സംഘം ആക്രമിച്ചതാണ് സാമുദായിക സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സംഘടിച്ച ഒരു സംഘം ആളുകൾ വീടുകൾക്കും കടകൾക്കും നേരെ കല്ലെറിയുകയും ബസിന് തീവെക്കുകയുമായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാനായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

റൗഡിയെ കൊലപ്പെടുത്താൻ പൊലിസ് വാഹനത്തിന് നേരെ നാടൻബോംബ് എറിഞ്ഞു

ചെന്നൈ.തമിഴ് നാട്ടിൽ സിനിമാ സ്റ്റൈൽ ആക്രമണം.റൌഡിയെ കൊലപ്പെടുത്താൻ പൊലിസ് വാഹനത്തിന് നേരെ നാടൻബോംബ് എറിഞ്ഞു.മൂന്ന് പൊലിസുകാർക്ക് പരുക്ക്

വെള്ളൈകാളിയെന്ന കുപ്രസിദ്ധ റൌഡിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം.തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ
പെരമ്പലൂരിലാണ് ആക്രമണം.റൌഡിയെ കോടതിയിൽ ഹാജരാക്കി തിരികെ വരുമ്പോഴായിരുന്നു ആക്രമണം.അക്രമി സംഘത്തിന് നേരെ പൊലിസ് വെടിയുതിർത്തു

ട്വന്റി 20 എൻഡിഎ മുന്നണിയുടെ ഭാഗമായത് വികസനം ലക്ഷ്യമിട്ടെന്ന് സാബു എം ജേക്കബ്

കൊച്ചി. ട്വന്റി ട്വന്റി എൻഡിഎ മുന്നണിയുടെ ഭാഗമായത് വികസനം ലക്ഷ്യമിട്ടെന്ന് സാബു എം ജേക്കബ്.തീരുമാനം ഏകക്ഷീയമായിരുന്നില്ലെന്നും,കൂടിയാലോചന നടന്നിട്ടുണ്ടെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറിക്കിടെയാണ് സാബു എം ജേക്കബ് നിലപാട് വ്യക്തമാക്കിയത്. അതേസമയം വ്യവസായ വളർച്ച ലക്ഷ്യമിട്ടാണ് ട്വന്റി20 എന്‍ഡിഎ ക്യാമ്പിൽ വിറ്റതെന്ന് പി വി ശ്രീനിജൻ എംഎൽഎ കുറ്റപ്പെടുത്തി

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‍വില്ലെന്ന് പ്രഖ്യാപിച്ചിട്ട് എൻഡിഎ പാളയത്തിൽ എത്തിയതിന് വിമർശനം ശക്തമാകുന്നതിനിടെയിലാണ് നിലപാട് വ്യക്തമാക്കി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത് എത്തിയത്. സിപിഐഎം, കോൺഗ്രസും കൂടാതെ എസ്ഡിപിഐ , വെൽഫെയർ ഉൾപ്പെടെയുള്ള പാർട്ടികൾ ഇല്ലാതാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് എൻഡിഎ മുന്നണിയുടെ ഭാഗമായത്.മറ്റ് സംസ്ഥാനങ്ങളെല്ലാം പതിന്മടങ്ങ് വികസനത്തിലേക്ക് പോയപ്പോൾ കേരളം മുരടിച്ചെന്ന് വിമർശനം.സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്താണ് മുന്നണി പ്രവേശന തീരുമാനം എടുത്തതെന്ന് സാബു എം ജേക്കബ്

സ്വതന്ത്രമായി നിന്നാല്‍ മതിയെന്നും,യുഡിഎഫിന്റെ കൂടെ കൂടണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായം ആരും പറഞ്ഞില്ല സാബു പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വേട്ടസംബന്ധിച്ച് ചോദ്യമുയർന്നെങ്കിലും സാബു എം ജേക്കബ് ഒഴിഞ്ഞുമാറി

ബിസിനസ്സിൽ അതിജീവിക്കാനുള്ള മാർഗമാണ് എൻഡിഎ പ്രവേശനം എന്നും, ന്യൂനപക്ഷ വേട്ടയിൽ സാബു എം ജേക്കബിന് മൗനം എന്നും പി വി ശ്രീനിജൻ

എൻഡിഎ പ്രവേശനത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി. എൻഡിഎ പ്രവേശനത്തിൽ അതൃപ്തരായ നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് സിപിഐഎമ്മും കോൺഗ്രസും

എംടിക്കെതിരെ അന്യായം,പ്രതികരിച്ച് മകള്‍

കോഴിക്കോട്. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ എംപ്റ്റി സ്പേസ്- ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി എം ടി വാസുദേവൻനായരുടെ മകൾ അശ്വതി നായർ. എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങൾ തോന്നിയത് പോലെ രചയിതാക്കൾ വളച്ചൊടിച്ചു എന്നും പുസ്തകം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അശ്വതി നായർ പറഞ്ഞു.

ദീദി ദാമോദരനും എച്ചുമുക്കുട്ടിയും ചേർന്ന് എഴുതിയ എംറ്റി സ്പേസ് ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകത്തിനെതിരെ എം ടി വാസുദേവൻ നായരുടെ മക്കൾ രംഗത്ത് വന്നിരുന്നു. എന്നാൽ, എംടിയുടെ ആദ്യ ഭാര്യ പ്രമീള നായരുമായി ബന്ധപ്പെട്ട പുസ്തകം വായിക്കാതെയാണ് മക്കളായ സിത്താരയും അശ്വതി നായരും പ്രതികരിച്ചത് എന്നായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം. പുസ്തകം പ്രസിദ്ധീകരിക്കാൻ കുടുംബത്തിന്റെ അനുമതി ആവശ്യമില്ലെന്നും ദീദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അശ്വതി നായർ വീണ്ടും രംഗത്ത് വന്നത്. പുസ്തകം വായിക്കാതെ പ്രതികരിക്കാൻ വിവരക്കേട് ഉള്ളവരല്ല തങ്ങളെന്ന് അശ്വതി.

എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങൾ തോന്നിയത് പോലെ വളച്ചൊടിച്ചു. സിത്താര അഭിമുഖത്തിൽ നിഷേധിച്ച പല കാര്യങ്ങളും ഉൾപ്പെടുത്തി എന്നും പുസ്തകത്തിന്റെ ഡിസൈൻ മുതൽ എംടിയെ കുത്തുന്നുണ്ടെന്നും അശ്വതി.

രചയിതാക്കളുമായി ചർച്ചയ്ക്ക് ഇല്ല. പുസ്തകം പിൻവലിക്കുകയാണ് ആവശ്യം. അവരുടെ പ്രതികരണം അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു.

കളി കാര്യമാകും, ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഇനി പണി ഇങ്ങനെ

തിരുവനന്തപുരം. വർഷത്തിൽ അഞ്ചോ അതിലധികമോ ട്രാഫിക്ക് നിയമലംഘനങ്ങൾ നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് പോകും. നിയമം കർശനമാക്കാൻ ഗതാഗത വകുപ്പ് തീരുമാനം.. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പിടിച്ചെടുക്കും. കേന്ദ്രമോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്തും കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു.

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് നിയമ ഭേദഗതി. ഈ വർഷം ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലായി. 5 തവണ വാഹന നിയമം ലംഘിക്കുന്നവരെ സ്ഥിരം കുറ്റവാളിയായി കണക്കാക്കിയാണ് ലൈസൻസ് റദ്ദാക്കുന്നത്. ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, ചുവപ്പ് സിഗ്നൽ മറികടക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഇതിൽ ഉൾപ്പെടും. ചലാൻ ലഭിച്ചാൽ അത് അടയ്ക്കുന്നതിന് ഇനിമുതൽ 45 ദിവസത്തെ സമയപരിധി മാത്രമേ ലഭിക്കൂ. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ തടയും. കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും. ചലാൻ തെറ്റാണെന്ന് തോന്നുകയാണെങ്കിൽ, 45 ദിവസത്തിനുള്ളിൽ അത് ഓൺലൈൻ പോർട്ടൽ വഴി ചോദ്യം ചെയ്യാവുന്നതാണ്. പരാതി നൽകിയാൽ 30 ദിവസത്തിനുള്ളിൽ അധികൃതർ തീരുമാനമെടുക്കണം. പരാതി തള്ളുകയാണെങ്കിൽ, ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കേണ്ടതുണ്ട്. കോടതിയെ സമീപിക്കാൻ താല്പര്യമുള്ളവർ പിഴത്തുകയുടെ 50% മുൻകൂറായി കെട്ടിവെക്കണം.

ആധാരം എഴുത്ത് അസോസിയേഷൻ കുമ്പളത്ത് ശങ്കുപ്പിള്ള പുരസ്കാരം ഡോ. സുജിത് വിജയൻ പിള്ളയ്ക്ക് സമ്മാനിച്ചു

ചവറ.ആധാരമെഴുത്ത് അസോസിയേഷൻ ചവറ യൂണിറ്റ് കൺവെൻഷൻ ചവറ കുമ്പളത്ത് ശങ്കുപിളള സ്മാരക മന്ദിരത്തിൽ നടന്നു. അസോസിയേഷന്റെ കുമ്പളത്ത് ശങ്കുപ്പിള്ള പുരസ്കാരം ഡോ. സുജിത് വിജയൻ പിള്ളയ്ക്ക് നൽകി. പൊതുപ്രവർത്തനരംഗത്ത് എംഎൽഎ എന്ന നിലയിൽ ചവറ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കും ചവറയ്ക്കും നൽകിയ നിസ്തുലമായ പ്രവർത്തന മികവ് പരിഗണിച്ചാണ് പുരസ്കാരം. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ പുരസ്കാരം നൽകി.

യൂണിറ്റ് പ്രസിഡന്റ് എം ജി ഗോപിനാഥ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ബി ശിവപ്രസാദൻ പിള്ള, ജെ ജെറോം നെറ്റോ,എ വേണുഗോപാലൻ നായർ, ജെ കുഞ്ഞുമോൻ,ഷംല നൗഷാദ്, പി ആർ ജയപ്രകാശ്,ഐ ജയലക്ഷ്മി,വി സലീം, സതീദേവി,എം മണിലാൽ, ഷിജു,ആർ അമ്പിളി, സുദേവൻ,ഷാനിദ,ബി കൃഷ്ണകുമാർ, ടി ബാബുപിള്ള, യമുന എന്നിവർ പങ്കെടുത്തു

തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തേഞ്ഞിപ്പലം: തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മാതാപ്പുഴ എടപ്പടത്തിൽ ഗിരീഷ് കുമാർ (54) ആണ് മരിച്ചത്. ശനി രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ചെനക്കലങ്ങാടി മൂത്തഞ്ചേരിയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങിൽക്കയറി തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം.


താഴെവീണ ഗിരീഷിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ എം മുൻ തേഞ്ഞിപ്പലം ലോക്കൽ കമ്മറ്റി അംഗവും ഒമ്പതുവർഷം ചെനക്കലങ്ങാടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നിലവിൽ ചെനക്കലങ്ങാടി ബ്രാഞ്ചംഗമാണ്.


മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോർട്ടം നടത്തി. ഞായര്‍ പകല്‍ 11മുതല്‍ 12വരെ ചെനക്കലങ്ങാടിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.