Home Blog Page 1122

ഇവ കഴിച്ചോളൂ, ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാം

ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ, അത് ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന എന്നിവയ്ക്ക് കാരണമാകും. കൂടാതെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ ഈ അവസ്ഥ വിളർച്ചയിലേക്ക് നയിക്കാം.

ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹീമോ​ഗ്ലോബിന്റെ അളവ് എളുപ്പം കൂട്ടാൻ സഹായിക്കും.

ഇലക്കറികളിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു

ഇലക്കറികളിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഹീമോഗ്ലോബിൻ ഉൽപാദനത്തിന് അത്യാവശ്യമാണ്. ഇരുമ്പ് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതേസമയം ഫോളേറ്റ് പുതിയ കോശങ്ങൾ രൂപപ്പെടുന്നതിന് സഹായിക്കുന്നു.

സിട്രസ് പഴങ്ങൾ (ഓറഞ്ച്, നാരങ്ങ), സരസഫലങ്ങൾ, തക്കാളി, കുരുമുളക്, ബ്രോക്കോളി

സിട്രസ് പഴങ്ങൾ (ഓറഞ്ച്, നാരങ്ങ), സരസഫലങ്ങൾ, തക്കാളി, കുരുമുളക്, ബ്രോക്കോളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിന് ഇരുമ്പ് ഫലപ്രദമായി ഉപയോഗിക്കാൻ എളുപ്പമാക്കുന്നു.

ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ

ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ എന്നിവയുൾപ്പെടെയുള്ള നട്സും വിത്തുകളും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുന്ന പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളാണ്. ഇവയിൽ ഇരുമ്പ്, വിറ്റാമിൻ ഇ, മറ്റ് അവശ്യ ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.

മത്തങ്ങ വിത്തുകൾ രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണമാണ്. ഇതിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്

മത്തങ്ങ വിത്തുകൾ രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണമാണ്. ഇതിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്. മത്തങ്ങ വിത്തുകൾ പ്രമേഹരോഗികൾക്കും ഗുണം ചെയ്യും.

ബീറ്റ്റൂട്ട് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ വളരെ നല്ലതാണ്.

ബീറ്റ്റൂട്ട് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ വളരെ നല്ലതാണ്. കാരണം അതിൽ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഓക്സിജനേഷനും ഇവയെല്ലാം പ്രധാനമാണ്.

എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍

ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും വർദ്ധിപ്പിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ഈ തീരുമാനത്തിലൂടെ ഏകദേശം 46,322 ജീവനക്കാർക്കും 23,570 പെൻഷൻകാർക്കും 23,260 ഫാമിലി പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.

ശമ്പള, പെൻഷൻ വർദ്ധനവ്

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ, നബാർഡ്, ആർബിഐ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ശമ്പള, പെൻഷൻ വർദ്ധനവിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇത് ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കും.

ആര്‍ബിഐ ജീവനക്കാര്‍ക്ക് നേട്ടം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ (ആർബിഐ) വിരമിച്ച ജീവനക്കാരുടെ പെൻഷനിലും ഫാമിലി പെൻഷനിലും സർക്കാർ മാറ്റങ്ങൾ വരുത്തി. 2022 നവംബർ 1 മുതൽ പെൻഷനിൽ 10% വർദ്ധനവ് നടപ്പാക്കും. ഇത് 30,769 പേർക്ക് ഗുണം ചെയ്യും.

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാര്‍ക്കും ഗുണം

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ (PSGIC) ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. 2022 ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. 43,247 ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഫാമിലി പെൻഷൻ പരിഷ്കരിച്ചു

ഫാമിലി പെൻഷൻ 30 ശതമാനം എന്ന ഏകീകൃത നിരക്കിൽ പരിഷ്കരിച്ചു. ഇത് 14,615 ഫാമിലി പെൻഷൻകാർക്ക് ഗുണം ചെയ്യും. ഇതിന്റെ ആകെ സാമ്പത്തിക ബാധ്യത 8,170.30 കോടി രൂപയാണ്.

നബാർഡിലെ ജീവനക്കാര്‍ക്കും കോളടിച്ചു

നബാർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പള, പെൻഷൻ പരിഷ്കരണത്തിന് സർക്കാർ അനുമതി നൽകി. 2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം 3,800-ഓളം പേർക്ക് ഗുണം ചെയ്യും.

അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് മൂന്ന് കുരുന്നുകൾ, വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച, രക്തത്തിൽ കുളിച്ച് നാലുപേർ

അറ്റ്ലാന്‍റ: അമേരിക്കയിൽ ഭാര്യയെയും അവരുടെ മൂന്ന് ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ. അറ്റ്ലാന്‍റയിലെ ബ്രൂക്ക് ഐവി കോർട്ടിലെ 1000 ബ്ലോക്കിലുള്ള വീട്ടിൽ വെച്ച് ഭാര്യ മീനു ഡോഗ്ര (43), അവരുടെ ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരൻ വിജയ് കുമാറിനെ (51)യാണ് അറസ്റ്റ് ചെയ്തത്.

ജോർജിയയിലെ ലോറൻസ് വില്ലിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം ഉണ്ടായത്. കുടുംബ തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ലോറൻസ് വില്ലിലെ ബ്രൂക്ക് ഐവി കോർട്ടിലുള്ള വീട്ടിൽ പുലർച്ചെ 2:30-ഓടെയാണ് വെടിയൊച്ച കേട്ടത്. പൊലീസ് എത്തിയപ്പോൾ വെടിയേറ്റു മരിച്ച നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അലമാരയിൽ ഒളിച്ചിരുന്ന് മൂന്ന് കുട്ടികൾ

വെടിവയ്പ്പ് നടക്കുമ്പോൾ മൂന്ന് കുട്ടികൾ വീടിനുള്ളിൽ ഉണ്ടായിരുന്നു. പ്രാണരക്ഷാർത്ഥം ഈ കുട്ടികൾ അലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിലൊരു കുട്ടി ധൈര്യം സംഭരിച്ച് 911-ൽ വിളിച്ച് വിവരം നൽകിയതാണ് പൊലീസിന് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്താൻ സഹായിച്ചത്. കുട്ടികൾ സുരക്ഷിതരാണെന്നും അവരെ ബന്ധുക്കൾക്കൊപ്പം വിട്ടതായും പൊലീസ് അറിയിച്ചു. പൊലീസ് നായയുടെ സഹായത്തോടെയാണ് കൊലപാതകത്തിന് ശേഷം അടുത്തുള്ള മരങ്ങൾക്കിടയില്‍ ഒളിച്ചിരുന്ന വിജയ് കുമാറിനെ കണ്ടെത്തിയത്.

വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള ക്രൂരത ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു.

ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം; ദുബായിൽ നിർണായക ചർച്ചയെന്ന് സൂചന

തിരുവനന്തപുരം: ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം. ദുബായിൽ നിർണായക ചർച്ചകൾ എന്ന സൂചന പുറത്ത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. നിര്‍ണായകമായ വിവരമാണ് വിശ്വസനീയമായ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

മഹാപഞ്ചായത്തിലെ അവഗണനയിൽ തരൂര്‍ അതൃപ്തിയിലാണ്. ഇന്ന് രാവിലെയാണ് ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചത്. ഇന്ന് വൈകിട്ടോട് കൂടി മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായിയും ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും എന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 27ന് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തിൽ തരൂര്‍ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ച സാഹചര്യത്തിലാണ് സിപിഎമ്മിൽ നിന്നും ഇത്തരത്തിലുള്ള നീക്കം നടക്കുന്നുവെന്നതിന്‍റെ സൂചന.

മഹാപഞ്ചായത്തിലെ അപമാനഭാരത്തില്‍ പാര്‍ട്ടിയോടകന്നു നില്‍ക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം തുടങ്ങിയിരിക്കുകയാണ്. പിണക്കം മാറ്റാന്‍ രാഹുല്‍ ഗാന്ധി തന്നെ തരൂരിനോട് സംസാരിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു. തരൂരിനെ കോണ്‍ഗ്രസ് അകറ്റി നിര്‍ത്തില്ലെന്നും തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ റിസ്ക് എടുക്കാന്‍ പാര്‍ട്ടിയില്ലെന്നും ഉള്ള നിലപാടിലാണ് നേതൃത്വം.

മഹാപഞ്ചായത്ത് വേദിയിലുണ്ടായ മോശം അനുഭവത്തില്‍ പിണങ്ങി നില്‍ക്കുന്ന തരൂരിനോട് രാഹുല്‍ ഗാന്ധി തന്നെ സംസാരിച്ച് മുറിവുണക്കും. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്‍പ് നേതാക്കള്‍ സംസാരിക്കുമെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരുന്ന ബുധനാഴ്ചയോ വ്യാഴാഴ്ചയോ കൂടിക്കാഴ്ട നടന്നേക്കുമെന്ന സൂചനയും പറത്തുവരുന്നുണ്ട്. തരൂരിനെ കാണാനുള്ള താല്‍പര്യം രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് വിവരം. എന്നാല്‍ തരൂര്‍ മറുപടി നല്‍കിയിട്ടില്ല. സംസ്ഥാന നേതാക്കളുടെയും എഐസിസി നേതാക്കളുടെയും അനുനയത്തിന് വഴങ്ങാത്ത തരൂരിനോട് രാഹുല്‍ ഗാന്ധി തന്നെ സംസാരിക്കണമെന്നാണ് പൊതു വികാരം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ തരൂരിനെ പിണക്കി നിര്‍ത്തിയാല്‍ യുവാക്കളിലും, പ്രൊഫഷണലുകളിലും മധ്യവര്‍ഗത്തിലുമൊക്കെ അതൃപ്തിക്കിടയാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാൻഡ് ചെയ്തു, ഫോണിൽ നിർണായക തെളിവുകൾ

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബാബു തോമസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം.

കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്‍റിന് നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടർന്ന് പൊൻകുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്ന് പൊലീസിന് ചില നിർണായക തെളിവുകളും കിട്ടിയിട്ടുണ്ട്.

സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് പ്രതി അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുടുതൽ ജീവനക്കാരിൽ നിന്ന് പൊലീസ് വിവരം തേടുന്നത്. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനും കോടതയിൽ അപേക്ഷ നൽകും. ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ പ്രതിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകി. ചൊവ്വാഴ്ച ജാമ്യാപേക്ഷയും പരിഗണിക്കും.

ഗുജറാത്തിൽ ട്രാക്കിൽ കല്ലുകളും ഇരുമ്പ് തൂണുകളും വച്ച് ട്രയിന്‍ അട്ടിമറിക്ക് നീക്കം

ഗുജറാത്തിൽ ട്രെയിൻ അട്ടിമറിക്ക് നീക്കം. അമ്രേലിയിലാണ് ട്രാക്കിൽ കല്ലുകളും ഇരുമ്പ് തൂണുകളും വച്ച് അഞ്ജാതർ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. ഭാവ്നഗർ – പോർബന്തർ എക്സ്പ്രസ് തലനാരിഴയ്ക്കാണ് അപകടം ഒഴിവാക്കിയത്. കല്ലുകളും മറ്റും കണ്ട് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക് പ്രയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. റെയിൽവേ പോലീസും ഡോഗ്സ്കോഡും ഫോറൻസിക്ക് വിഭാഗവും പരിശോധന നടത്തി. പ്രതികളെ തിരിച്ചറിയാൻ ആയിട്ടില്ല.

ഐസിസി നിലപാട് കടുപ്പിച്ചു…ലോകകപ്പ്‌ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ബംഗ്ലദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഐസിസി നിലപാട് കടുപ്പിച്ചതോടെ
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വന്‍റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. സല്‍മാന്‍ അലി ആഗയാണ് ക്യാപ്റ്റന്‍. ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും ടീമിലേക്ക് മടങ്ങിയെത്തി. ഹാരിസ് റൗഫ് ടീമിന് പുറത്തായി. ടീം ഇങ്ങനെ: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖ്വാജ മുഹമ്മദ് നാഫി, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍),സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരിഖ്. ബാറ്റിങ് നിരയ്ക്ക് ബാബര്‍ മടങ്ങിയെത്തിയതോടെ കരുത്താകും. 

ഷഹീനും നസീം ഷായും പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്നാണ്  ഹാരിസ് റൗഫ് ടീമിന് പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ടൂര്‍ണമെന്‍റിലെ പാക്കിസ്ഥാന്‍റെ മല്‍സരങ്ങള്‍ ഇങ്ങനെ: ഫെബ്രുവരി 7– പാക്കിസ്ഥാന്‍ vs നെതര്‍ലന്‍ഡ്സ്, ഫെബ്രുവരി 10– പാക്കിസ്ഥാന്‍ vs യുഎസ്എ, ഫെബ്രുവരി 15– പാക്കിസ്ഥാന്‍ vs ഇന്ത്യ, ഫെബ്രുവരി 18– പാക്കിസ്ഥാന്‍ vs നമീബിയ. കൊളംബോയില്‍ വച്ചാകും പാക്കിസ്ഥാന്‍റെ മല്‍സരങ്ങളെല്ലാം നടക്കുക. ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നുവെന്ന് പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി പ്രഖ്യാപിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുമതി നല്‍കിയാല്‍ ലോകകപ്പ് ബഹിഷ്കരിക്കുമെന്നായിരുന്നു നഖ്വിയുടെ വാക്കുകള്‍. ബഹിഷ്കരിക്കാന്‍ ഒരുങ്ങിയാല്‍ പിസിഎലില്‍ വിദേശ താരങ്ങളെ അനുവദിക്കില്ലെന്നും രാജ്യാന്തര മല്‍സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഏഷ്യാക്കപ്പില്‍ നിന്നും പുറത്താക്കുമെന്നും ഐസിസി മുന്നറിയിപ്പ് നല്‍കി. അത്തരത്തിലൊരു വിലക്ക് വന്നാല്‍ അത് പിസിബിയെ മാത്രമല്ല, പാക് സമ്പദ്ഘടനയെ കൂടി ബാധിക്കുമെന്ന് വന്നതോടെയാണ് പാക്കിസ്ഥാന്‍ ഐസിസിക്ക് വഴങ്ങിയത്.

ശ്വാസംകിട്ടാതെ പിടഞ്ഞ ആള്‍ ആശുപത്രി വരാന്തയില്‍ കാത്തുകിടന്നത് പത്തുമിനിറ്റിലേറെ

തിരുവനന്തപുരം. വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരായ ചികിത്സ നിഷേധ പരാതിയിൽ നിർണായക ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുതരാവസ്ഥയിലായിട്ടും കൃത്യമായ ചികിത്സ രോഗിക്ക് നൽകില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. 10 മിനിറ്റിൽ അധികം നേരം ആശുപത്രി വരാന്തയിൽ ബിസ്മിറിനും ഭാര്യക്കും കാത്തുനിൽക്കേണ്ടി വന്നു. നിലവിളിച്ച് കരഞ്ഞിട്ടും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് ഭാര്യ ജാസ്മിൻ പ്രതികരിച്ചു.

ശ്വാസ തടസ്സത്തെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച രോഗിക്ക് കൃത്യമായ ചികിത്സ നൽകിയില്ലെന്ന കുടുംബത്തിന്റെ പരാതി ശരി വയ്ക്കുന്നയാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ.

ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയത് മൂലം മിനുട്ടുകൾ മരണവെപ്രാളത്തിൽ രോഗി പുറത്തുനിന്നു. ഗുരുതരാവസ്ഥയിൽ ആയ രോഗിയുടെ വിലപ്പെട്ട സമയം ആദ്യ മിനിറ്റുകളിൽ പാഴായെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ് നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതർ കേട്ടില്ലെന്നും സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ 24 നോട് പ്രതികരിച്ചു.

ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഹോദരനും പറയുന്നു.ജനുവരി 19ന് പുലർച്ചയാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിസ്മിറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. ശേഷം ഓക്സിജൻ ടി പി ആർ നേബൂലൈസേഷൻ എന്നിവ നൽകാൻ തയ്യാറായില്ലെന്നാണ് കുടുംബം ഇപ്പോഴും ആവർത്തിക്കുന്നത്. നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണ തിരക്ക് നടന്നത് 262ലേറെ വിവാഹങ്ങള്‍

തൃശൂര്‍.ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണ തിരക്ക്. 262ലേറെ വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടന്നത്. തിരക്കൊഴിവാക്കാൻ പ്രത്യേക കതിർ മണ്ഡപങ്ങൾ തന്നെ സജ്ജീകരിച്ചു.

മകരമാസത്തിലെ മികച്ച മുഹൂർത്തം ആയിരുന്നു ഇന്നത്തേത്. സംസ്ഥാനത്തു തന്നെ വിവാഹ തിരക്കേറിയ ദിനം. ഗുരുവായൂരിൽ പുലർച്ചെ 4 മണി മുതൽ വിവാഹ ചടങ്ങുകൾ ആരംഭിച്ചു.
താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കി. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ   ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചു. വിവാഹമണ്ഡപത്തിന് സമീപം  മംഗളവാദ്യസംഘത്തെയും സജ്ജമാക്കി. അങ്ങനെ കണ്ണനെ സാക്ഷിയാക്കി 262 നവദമ്പതികൾ വിവാഹിതരായി.

വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ  24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്കും അനുഭവപ്പെട്ടു.

ഉത്തരേന്ത്യയിൽ ശൈത്യതരംഗം,ഹിമാചൽപ്രദേശിൽ സ്ഥിതിഗതികൾ രൂക്ഷം

ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ച.
മണാലിപാതയിൽ വൻ ഗതാഗത കുരുക്ക് ഹിമാചൽപ്രദേശിൽ സ്ഥിതിഗതികൾ രൂക്ഷം. മഞ്ഞുവീഴ്ചയും മഴയും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഈ സീസണിലെ കനത്ത മഞ്ഞുവീഴ്ചയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ.
ഹിമാചൽ പ്രദേശിലെയും ജമ്മു കാശ്മീരിലെയും റോഡുകൾ മഞ്ഞിൽ മൂടി. ഷിംലയിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. മഞ്ഞ് നിറഞ്ഞ പാതകളിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മണാലിയിൽ 8 കിലോമീറ്റർ നീളത്തിൽ വാഹനങ്ങൾ കുടുങ്ങി. മണിക്കൂറുകളോളം സഞ്ചാരികൾ റോഡിൽ തുടർന്നു. നിരവധി വിനോദസഞ്ചാരികൾ എത്തിയതോടെ
മണാലിയിലെ ഹോട്ടലുകൾ നിറഞ്ഞു. ജമ്മു കാശ്മീർ ഗുൽമാർഗിലും കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ശ്രീനഗർ വിമാനത്താവളത്തിലേക്ക് ഉള്ള പ്രധാന റോഡില്‍ ഉൾപ്പെടെ മഞ്ഞുനീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേദാർനാഥ് ക്ഷേത്രത്തിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന പാതകളിൽ ഏകദേശം നാലടി ഉയരത്തിലാണ് മഞ്ഞുമൂടിയത്.