ഇന്ത്യൻ നേവിയിലെ 2026 വർഷത്തെ അഗ്‌നിവീർ അപ്രന്റിസ് റിക്രൂട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് അഞ്ചിന് വൈകുന്നേരം അഞ്ചു മണിവരെ നീട്ടി. അഗ്‌നിവീർ (അപ്രന്റിസ്) ആയി ഇന്ത്യൻ നാവിക സേനയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികൾക്ക് അവസാന തീയതിക്ക് മുമ്പായി ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
01/2027, 02/2027 ബാച്ചുകളിലേക്കുള്ള റിക്രൂട്ട്മെന്റിൽ വിവിധ എൻജിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.
യോഗ്യതാ മാനദണ്ഡങ്ങൾ
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) പരീക്ഷ പാസ്സായിരിക്കണം. ഇതുകൂടാതെ, AICTE അംഗീകരിച്ച പോളിടെക്‌നിക് സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം.
യോഗ്യമായ ഡിപ്ലോമ സ്ട്രീമുകളിൽ മെക്കാനിക്കൽ എൻജിനീയറിങ്, മെറൈൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഓട്ടോമൊബൈൽ എൻജിനീയറിങ്, മെക്കാട്രോണിക്‌സ്, പ്രൊഡക്ഷൻ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ, മെറ്റലർജി, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മാനുഫാക്ചറിങ് ടെക്‌നോളജി, പവർ പ്ലാന്റ് എൻജിനീയറിങ്, മറ്റ് അനുബന്ധ ശാഖകൾ എന്നിവ ഉൾപ്പെടുന്നു.
01/2027 ബാച്ചിലേക്കുള്ള ഉദ്യോഗാർഥികൾ 2004 ഡിസംബർ ഒന്നിനും 2009 മെയ് 31 നും ഇടയിൽ ജനിച്ചവരായിരിക്കണം. 02/2027 ബാച്ചിന്, ജനന തീയതി 2005 മെയ് ഒന്നിനും 2009 ഒക്ടോബർ 31 നും ഇടയിലായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
joinindiannavy.gov.in എന്ന ഔദ്യോഗിക ഇന്ത്യൻ നാവിക റിക്രൂട്ട്മെന്റ് വെബ്‌സൈറ്റ് സന്ദർശിക്കുക.
അപ്രന്റിസായി രജിസ്റ്റർ ചെയ്യുക (ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ).
ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
അഗ്‌നിവീർ (അപ്രന്റിസ്) INET 2/2026 അപേക്ഷ ഫോം തുറക്കുക.
ആവശ്യമുള്ള വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
ഓൺലൈൻ പേയ്‌മെന്റ് മാർഗങ്ങളിലൂടെ അപേക്ഷ ഫീസ്(550 രൂപ + 18% ജിഎസ്ടി) അടയ്ക്കുക.
അപേക്ഷാ ഫോം സമർപ്പിച്ച് ഭാവിയിലെ റഫറൻസിനായി സ്ഥിരീകരണ പേജിന്റെ ഒരു പകർപ്പ് എടുത്തുവെക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഇന്ത്യൻ നേവി പ്രവേശന പരീക്ഷ (INET) 2/2026 യോടുകൂടി ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ 2026 ഓഗസ്റ്റിൽ നടക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലീഷ്, GK, സയൻസ്, ഗണിതശാസ്ത്രം, ഡിപ്ലോമ ട്രേഡ്-നിർദിഷ്ട വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ ഉണ്ടാകും.
എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികളെ ശാരീരികക്ഷമത പരീക്ഷ (PFT), മറ്റൊരു എഴുത്തുപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിലേക്ക് ക്ഷണിക്കും.
PFT യിൽ ഉദ്യോഗാർത്ഥികൾ 1.6 കിലോമീറ്റർ ഓട്ടം 6 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കണം, കൂടാതെ 20 സ്‌ക്വാട്ടുകൾ, 15 പുഷ്-അപ്പുകൾ, 15 ബെൻഡ്-നീ സിറ്റ്-അപ്പുകൾ എന്നിവയും ചെയ്യണം.



























