25.8 C
Kollam
Saturday 1st August, 2026 | 03:20:06 PM
Home Sports Football സ്‌പെയിന്‍ ഇന്ന് ഇറങ്ങുന്നു…. സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ആദ്യ ഇലവനില്‍ ഉണ്ടാകില്ല

സ്‌പെയിന്‍ ഇന്ന് ഇറങ്ങുന്നു…. സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ആദ്യ ഇലവനില്‍ ഉണ്ടാകില്ല

വാഷിങ്ടണ്‍: കേപ് വെര്‍ദെയ്ക്കെതിരായ സ്പെയിനിന്റെ 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ആദ്യ ഇലവനില്‍ ഉണ്ടാകില്ല. പകരക്കാരുടെ ബെഞ്ചിലായിരിക്കും സ്ഥാനമെന്ന് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ അറിയിച്ചു. ഏപ്രലിലേറ്റ പരിക്കിനുശേഷം 18-കാരനായ താരം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. കേപ് വെര്‍ദെയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങുമെന്നാണ് പ്രതീക്ഷ.
യമാല്‍ മത്സരത്തിന് സജ്ജനാണെങ്കിലും ആദ്യ ഇലവനില്‍ കളിക്കില്ലെന്നും, കുറച്ചു മിനിറ്റുകള്‍ കളിക്കാന്‍ താരം പൂര്‍ണ ആരോഗ്യവാനാണെന്നും ലാ ഫ്യൂന്റെ വ്യക്തമാക്കി. പരിക്കിന്റെ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും വിങ്ങര്‍മാരായ നിക്കോ വില്യംസ്, വിക്ടര്‍ മുനോസ് എന്നിവരും പകരക്കാരുടെ ബെഞ്ചിലായിരിക്കും.

ചരിത്രത്തിലാദ്യമായാണ് റയല്‍ മാഡ്രിഡിന്റെ ഒരൊറ്റ താരംപോലുമില്ലാതെ സ്പെയിന്‍ ഒരു ലോകകപ്പിനിറങ്ങുന്നത്. ലോകകപ്പ് കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്പെയിന്‍. ലോകകപ്പിലെ ഏറ്റവും മികച്ച ടീം സ്പെയിനാണെന്ന് പറഞ്ഞ കോച്ച്, കളിക്കാരുടെ നിലവാരം അളക്കാന്‍ താന്‍ ഒഴിവാക്കേണ്ടി വന്ന കളിക്കാരുടെ പട്ടിക നോക്കിയാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ കന്നിപ്പോരാട്ടത്തിന് ഇറങ്ങുന്ന കേപ് വെര്‍ദെയ്‌ക്കെതിരെയുള്ള മത്സരത്തിനുശേഷം ഗ്രൂപ്പ് എച്ചില്‍ സൗദി അറേബ്യ, യുറഗ്വായ് എന്നിവരെയാണ് സ്പെയിന്‍ നേരിടുക.