25.8 C
Kollam
Saturday 1st August, 2026 | 01:17:28 PM
Home News Kerala പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നു…കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍

പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നു…കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐ രേഷ്മയ്ക്കും എതിരായി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍. പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്എം കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പറയുന്നു. വിഷയത്തില്‍ ബുധനാഴ്ചക്കകം ഹില്‍പാലസ് എസ് എച്ച് ഒ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതേസമയം നടന്‍ ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് കൂടുതല്‍ പേരുടെ മൊഴിയെടുത്തിരുന്നു. നടി നീന കുറുപ്പിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നിലിന്റെ മകന്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്നിലിന്റെ മകന്‍ മൊഴി നല്‍കി. നടന്‍ ടിനി ടോം സൈബര്‍ അധിക്ഷേപവും വര്‍ഗീയ പരാമര്‍ശവും നടത്തിയെന്ന അന്‍സിബയുടെ പരാതിയില്‍ വിശദമായ വിവരശേഖരണത്തിന്റെ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.

അമ്മയുടെ കുടുംബമേളയ്ക്കിടെ തന്റെ സഹപ്രവര്‍ത്തകയോട് ടിനി മോശമായി പെരുമാറിയെന്ന അന്‍സിബയുടെ ആരോപണത്തെ പിന്തുണച്ചും ടിനിയെ തള്ളിയും നീന കുറുപ്പും മൊഴി നല്‍കി.ഇതോടെ പരാതിയില്‍ പരാമര്‍ശമുള്ള പ്രധാന പേരുകാരെല്ലാം അന്‍സിബക്കൊപ്പമാണെന്ന് വ്യക്തമായി. ഇത് ടിനിക്ക് കുരുക്കായി മാറുമെന്ന് പൊലീസ് വിലയിരുത്തുന്നുണ്ട്. എന്നാല്‍ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.