കാഠ്മണ്ഡു: നേപ്പാൾ എവറസ്റ്റ് കൊടുമുടിക്ക് സമീപം രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്ന് ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു ഈ ദാരുണ സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ജില്ലയിലെ ഫെരിചെ ഹെലിപാഡിലാണ് അപകടം. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ഫിഷ്‌ടെയിൽ എയർ , എയർ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകൾ ഒരേസമയം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അവയുടെ പങ്കകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഫിഷ്‌ടെയിൽ എയർ ഹെലികോപ്റ്ററിലുണ്ടായിരുന്ന വസന്ത് കുമാർ ബലരാമരാമദു എന്ന 47 വയസുകാരനായ ഇന്ത്യൻ വിനോദസഞ്ചാരിയാണ് മരണപ്പെട്ടത്.
ന്യൂസിലൻഡിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ശൈലേഷ് കൃഷ്ണ പട്ടേൽ (49) എന്ന യാത്രികനും രണ്ട് ഹെലികോപ്റ്ററുകളിലെയും പൈലറ്റുമാരായ രവീന്ദ്ര പ്രജാപതി, പ്രജ്വൽ കെ.സി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിയും പ്രാദേശിക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്




























