തിരുവനന്തപുരം. 250 കോടി രൂപയുടെ കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന് കേരള വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണി കരാറുകാർ സമരത്തിലേക്ക്. ഈ മാസം 17, 18 തീയതികളിൽ സൂചനാ പണിമുടക്ക് നടത്താനാണ് കരാറുകാരുടെ തീരുമാനം. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും കരാറുകാർ പറയുന്നു.
കേരള വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ കരാറെടുത്തവർക്ക് 21 മാസത്തെ കുടിശ്ശികയായി കിട്ടാനുള്ളത് 250 കോടി രൂപ. സ്വർണ്ണം പണയം വച്ചും കടം വാങ്ങിയും കരാർ എടുത്ത ചെറുകിടക്കാർ കടക്കെണിയിലായി. ജീവനക്കാരുടെ വേതനം നൽകാനും അറ്റകുറ്റപ്പണികൾക്കാവശ്യമായ സാമഗ്രികൾ വാങ്ങാനും വരെ വായ്പ വാങ്ങേണ്ടി വരുന്നു. കാലാവധി കേട്ടു മടുത്തപ്പോൾ സമരത്തിലേക്ക് നീങ്ങുകയാണ് കരാറുകാർ. 17, 18തിയ്യതികളിൽ സൂചന പണിമുടക്ക്. 18ന് ജലഭവന് മുന്നിൽ ധർണ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ അറ്റകുറ്റപ്പണികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാനാണ് തീരുമാനമെന്ന് KWA മെയിന്റനൻസ് കോൺട്രാക്ടേഴ്സ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി. നാഗരത്നൻ പറഞ്ഞു.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ, ചോർച്ച, പമ്പിങ് സംവിധാനങ്ങളിലെ തകരാറുകൾ തുടങ്ങിയവ പരിഹരിക്കുന്നതിൽ കരാറുകാരുടെ സേവനം നിർണായകമാണ്. അറ്റകുറ്റപ്പണികൾ നിലച്ചാൽ അടിയന്തര തകരാറുകൾ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടാകാനും ജലവിതരണത്തെ ബാധിക്കാനും സാധ്യതയുണ്ട്.




























