ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഎപിയും ഐസയും എഐഎസ്എഫും രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധം ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു. എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജന്തര്‍ മന്തറിലേക്ക് ഐസ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലേക്ക് ഐസ നടത്തിയ സിറ്റിസണ്‍ മാര്‍ച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ദേശീയ പ്രസിഡന്റ് നേഹ ബോറ ഉള്‍പ്പെടെ ഐസ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ബസിന്റെ ചില്ല് തകര്‍ത്ത് നിരവധി പ്രവര്‍ത്തകര്‍ പുറത്തുകടന്നു. നേരത്തെ എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തിലാണ് നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് എന്ന് ആരോപിച്ച് ഐസ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കസ്റ്റഡി നിയമവിരുദ്ധമാണെന്നാണ് ഐസ പ്രവര്‍ത്തകരുടെ ആരോപണം.
അതേസമയം പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി സിജെപിയും ഐസയും രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

































