Home News Breaking News ‘പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?’ ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി...

‘പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?’ ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി എഐഎസ്എഫ്

പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.

Also Read: ഡോ. കെ മോഹന്‍കുമാറിനെ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ആയി നിയമിച്ചു

ദുരന്തബാധിതർക്കൊപ്പം നേരിട്ട് നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എംപി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് കത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മണ്ഡലത്തിന്‍റെ എംപി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിയിൽ നിന്ന് കൂടുതൽ ശക്തമായ നേതൃത്വവും സജീവ ഇടപെടലുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കത്തിൽ പറയുന്നു

ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാനും സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനപ്രതിനിധിക്ക് ഉത്തരവാദിത്തമുണ്ട്. അത്യാധുനിക തിരച്ചിൽ-രക്ഷാപ്രവർത്തന സംവിധാനങ്ങൾ ദുരന്തഭൂമിയിൽ എത്തിക്കുക, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കുക, സമഗ്രമായ പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയ്ക്കായി ലഭ്യമായ എല്ലാ വിഭവങ്ങളും അടിയന്തരമായി വിനിയോഗിക്കാൻ എംപി നടപടി സ്വീകരിക്കണം.

“ഇത് വെറും വാക്കുകളുടെ സമയമല്ല; നേതൃത്വവും കരുണയും നിർണായകമായ ഇടപെടലുകളും പ്രകടിപ്പിക്കേണ്ട നിമിഷമാണിത്. തങ്ങളുടെ ശബ്‍ദം കേൾക്കാൻ ആളുണ്ടെന്നും, ഈ അതിദുഷ്കരമായ സമയത്ത് സ്വന്തം ജനപ്രതിനിധി തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്നും വയനാട്ടിലെ ജനങ്ങൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്.” – കത്തിൽ എഐഎസ്എഫ് വ്യക്തമാക്കുന്നു. ദുരന്തത്തിൽ തകർന്നടിഞ്ഞ വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിനായി എല്ലാ രാഷ്ട്രീയ ഭേദമന്യേയുള്ള ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും, ജനങ്ങളെ പ്രതിസന്ധിഘട്ടത്തിൽ കൈവിടരുതെന്നും എഐഎസ്എഫ് കത്തിലൂടെ ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here