25.7 C
Kollam
Monday 24th August, 2026 | 02:51:56 AM
Home News Breaking News എറണാകുളം-കായംകുളം മെമുവില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

എറണാകുളം-കായംകുളം മെമുവില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

ആലപ്പുഴ: ബ്രേക്ക് തകരാറിനെ തുടര്‍ന്ന് എറണാകുളം-കായംകുളം മെമുവില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. ട്രെയിന്‍ മാവേലിക്കര കഴിഞ്ഞ് കായംകുളത്ത് എത്താറായപ്പോള്‍ ഈരേഴ ഭാഗത്ത് വെച്ചാണ് പുക ശ്രദ്ധയില്‍പെട്ടത്.
ട്രാക്കില്‍ ജോലി ചെയ്തിരുന്ന ട്രാക് മെയിന്റനര്‍മാര്‍ ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന് വലിയതോതില്‍ പുക ഉയരുന്നത് കണ്ടു. ഇവര്‍ ഉടനെ തൊട്ടടുത്ത ലെവല്‍ക്രോസുകളില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവിടെനിന്ന് റെയില്‍വേ അധികൃതരെ ബന്ധപ്പെടുകയും അവര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ച് കൊയ്പ്പള്ളി കാരായ്മ ഭാഗത്ത് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.
അപ്പോഴേക്കും ഒന്നര കിലോമീറ്ററോളം പിന്നിട്ടിരുന്നു. തുടര്‍ന്ന് നടക്കാവ് റെയില്‍വേ ഗേറ്റിനടുത്ത് ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. റെയില്‍വേയുടെ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ബ്രേക്കിലെ തകരാര്‍ കണ്ടെത്തുകയുമായിരുന്നു. ട്രെയിന്‍ മൊത്തത്തിലും പാളങ്ങളിലും പരിശോധന നടത്തി.
മെമു പിടിച്ചിട്ടതിനാല്‍ മറ്റ് ട്രെയിനുകള്‍ വൈകി. എറണാകുളംകൊല്ലം മെമു ഒരു മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് 40 മിനിറ്റും വൈകി. ഒറ്റ പാളത്തിലൂടെ മാത്രമാണ് ട്രെയിന്‍ ഗതാഗതം ക്രമീകരിച്ചിരുന്നത്. പിന്നീട് മെമു കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റി.
കോട്ടയം വഴി കായംകുളത്തേക്കുള്ള മെമു രാവിലെ 8.45 നാണ് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെട്ടത്. കനത്തമഴയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. കോഴിക്കോട്ട് നാലാമത്തെ പ്ലാറ്റ്ഫോമിലൂടെ മാത്രമേ ട്രെയിനിന് കടന്നുപോകാന്‍ സാധിക്കുകയുള്ളൂ.
വിവിധ ട്രെയിനുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ഉച്ചക്ക് 1.45ന് പുറപ്പെടേണ്ട തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കല്ലായിയില്‍നിന്നാണ് പുറപ്പെടുക. ബംഗളൂരു യശ്വന്ത്പൂര്‍ എക്‌സ്പ്രസ് കോഴിക്കോടിന് പകരം വെസ്റ്റ്ഹില്ലില്‍ നിന്നാണ് പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.