Home News Kerala കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് തകര്‍ന്നുവീണത്. രാവിലെ 11:10 ഓടെയാണ് സംഭവം. കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ പ്ലാറ്റ് ഫോമില്‍ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിന്‍. അപകടം നടക്കുന്ന സമയത്ത് യാത്രക്കാര്‍ ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. ഇവിടെ ഉണ്ടായിരുന്ന ചില ജീവനക്കാര്‍ ഓടിമാറുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചു. പോലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി.
ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് കനത്ത മഴയാണ് പെയ്തിരുന്നത്. ഇതിനെത്തുടര്‍ന്ന് ക്ലോക്ക് ടവര്‍ തകര്‍ന്നു വീണേക്കാമെന്ന മുന്നറിയിപ്പുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗംകൂടി നിലംപതിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് പ്രദേശത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പൈലിങ് അടക്കം നടത്തി വരുന്നുണ്ട്. ഇതേത്തുടര്‍ന്ന് കാലപ്പഴക്കമുള്ള സ്റ്റേഷനിലെ കൂറ്റന്‍ ടവറുകളുടെ ബലക്ഷയം സംബന്ധിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here