ന്യൂഡല്‍ഹി: സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഇന്നത്തെ ലോകത്ത് ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങിനില്‍ക്കില്ലെന്നും, അത് ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂട്ടായ പുരോഗതിക്കായി ഇതുവരെ കൈവരിച്ച നേട്ടങ്ങളെ തകിടംമറിക്കാന്‍ തക്കവിധം സാങ്കേതികവിദ്യയും പ്രധാന ധാതുക്കളും ആയുധവല്‍ക്കരിക്കുന്നതിന്റെ അപകടങ്ങള്‍ ബ്രിക്സ് രാജ്യങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘ലോകത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഹാമാരികള്‍, കാലാവസ്ഥ ദുരന്തങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ഒരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങില്ലെന്ന് വ്യക്തമാക്കുന്നു’ -പ്രധാനമന്ത്രി പറഞ്ഞു. മഹാമാരികളെ പ്രതിരോധിക്കുന്നതിനും നേരിടുന്നതിനുമായി ‘ബ്രിക്സ് ഇന്റഗ്രേറ്റഡ് ഏര്‍ലി വാണിങ് സിസ്റ്റം’ നടപ്പാക്കാന്‍ ധാരണയായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായുള്ള ഡേറ്റ ഇന്റഗ്രേഷന്‍ സിസ്റ്റത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ തുടങ്ങിയ ലോകനേതാക്കളും ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രതിരോധം, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് തത്ത്വങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.






























