കോഴിക്കോട്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ സംഘടിത വിമർശനം ഒഴിവാക്കാൻ അവസാനനിമിഷം വരെയും ശ്രമം തുടർന്ന് ഔദ്യോഗികപക്ഷം. ഓരോ ജില്ലാ കമ്മിറ്റിയിൽ നിന്നുമുള്ള പ്രതിനിധികളെ അനുനയിപ്പിക്കാൻ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലാണ് ശ്രമം. നേതൃമാറ്റമെന്ന ആവശ്യം മാറ്റിവച്ച് ഭാവി എങ്ങനെയെന്ന ചർച്ചകൾക്ക് പ്രാധാന്യം കൊടുക്കണമെന്നാണ് നിർദേശം.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബ്രാഞ്ച് തലം മുതൽ ഉയർന്ന രൂക്ഷ വിമർശനങ്ങൾ വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ ആവർത്തിക്കാനുള്ള സാധ്യത മുൻകൂട്ടിക്കാണുന്നുണ്ട് നേതൃത്വം. തുറന്ന വിമർശനങ്ങൾ ഒഴിവാക്കാനുള്ള ശ്രമം തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ വിശദീകരണ യോഗം മുതൽ തുടങ്ങിയതുമാണ്. എന്നാൽ പിഴച്ചത് അണികൾക്കാണെന്ന പരാമർശം കേന്ദ്രനേതൃത്വത്തെയടക്കം ചൊടിപ്പിച്ചു. തിരുത്തൽ വരുത്തേണ്ട കാലത്തെ ധാർഷ്ട്യത്തിന്‍റെ ഭാഷയിൽ സംസ്ഥാനകമ്മിറ്റിയിൽ തന്നെ വിയോജിപ്പുകളുണ്ട്. ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ മുഹമ്മദ് റിയാസുമായി അടുപ്പമുള്ള നേതാക്കൾ ചർച്ചകൾ നടത്തുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ വരെ നേരിൽക്കണ്ട് അനുനയചർച്ചകൾ. ഗ്രൂപ്പ് ചർച്ചയിൽ വിമർശനമുയർന്നാലും അത് പൊതുചർച്ചയിലേക്ക് എത്തിക്കാതിരിക്കാൻ ശ്രദ്ധവേണമെന്ന് സ്വാധീനമുള്ള ജില്ലാകമ്മിറ്റികൾക്ക് നിർദേശം നൽകി. വടക്കൻ കേരളത്തിൽ കാസർഗോഡ് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളിൽ ഔദ്യോഗികപക്ഷത്തിന് പൂർണ നിയന്ത്രണമുണ്ട്. എന്നാൽ തെക്കൻകേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്ന് വിമർശനം ഉയർന്നേക്കാം. വിമർശനങ്ങൾ പിണറായിയിൽ കേന്ദ്രീകരിക്കപ്പെടാതിരിക്കാനാണ് ഔദ്യോഗികപക്ഷത്തിന്‍റെ ജാഗ്രത.
പരാജയത്തിന്‍റെ ഉത്തരവാദിത്തം പാർട്ടി സെക്രട്ടറിയും പ്രതിപക്ഷനേതാവും ഏറ്റെടുക്കണമെന്ന ആവശ്യം കമ്മിറ്റിയിൽ ഉയരുമെന്നുറപ്പാണ്. നേതൃത്വത്തെ തള്ളിപ്പറയാതെ പാർട്ടിയുടെ ഭാവി എങ്ങനെ വേണമെന്നതിലൂന്നി ചർച്ചകൾ കൊണ്ടുപോകാനായിരിക്കും ഔദ്യോഗിക പക്ഷത്തിന്‍റെ ശ്രമം. പക്ഷേ പിണായിക്കും ഗോവിന്ദനുമെതിരെ തുറന്ന വിമർശനമുണ്ടായാൽ സെക്രട്ടറിയുടെ മറുപടിക്ക് മുൻപ് ഔദ്യോഗികപക്ഷത്തെ പ്രതിനിധികൾ ചർച്ചയിൽ തന്നെ പ്രതിരോധമുയർത്തും. നേതൃമാറ്റമെന്ന ആവശ്യം ഉയരാതെനോക്കുന്നതിൽ എത്രകണ്ട് വിജയിക്കുമെന്നതനുസരിച്ചിക്കും ഔദ്യോഗികക്ഷത്തിന്‍റെ ഭാവി


































