കോഴിക്കോട്: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍, ജനങ്ങളില്‍ നിന്നുണ്ടായ അകല്‍ച്ചയും പാര്‍ട്ടിക്ക് പറ്റിയ തെറ്റുകളും അദ്ദേഹം തുറന്നുപറഞ്ഞത്. ജനങ്ങളില്‍ നിന്നാണ് ഈ പാര്‍ട്ടി വളര്‍ന്നതെന്നും, ജനങ്ങളിലേക്ക് തിരികെപ്പോകാനും വീഴ്ചകള്‍ തിരുത്താനും പാര്‍ട്ടി തയ്യാറാകുമെന്നും അദ്ദേഹം അണികളെ ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള വിശദമായ അവലോകന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് മൂന്ന് ദിവസത്തെ പ്രത്യേക വിശാല സമ്മേളനം വിളിച്ചുചേര്‍ത്തത്.
സിപിഎമ്മിനെതിരെയുള്ള വ്യാജനിര്‍മ്മിതികള്‍ ഇപ്പോഴും തുടരുകയാണെന്ന് എംഎ ബേബിവിമര്‍ശിച്ചു. 1958-59 കാലഘട്ടത്തിലെ വിമോചന സമരത്തിന്റെ കാലത്ത് തുടങ്ങിയതാണ് ഈ വ്യാജനിര്‍മ്മിതി. യഥാര്‍ത്ഥത്തില്‍ അന്ന് കേരളത്തില്‍ വിമോചന സമരം നടത്തിയത് ഇഎംഎസ് സര്‍ക്കാറാണെന്നും, ജനങ്ങളെ വിമോചിപ്പിക്കാന്‍ വേണ്ടിയുള്ള സമരമാണ് അന്ന് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയൊഴിപ്പിക്കല്‍ നിരോധിച്ചതും തൊഴിലാളി സമരങ്ങളില്‍ നിഷ്പക്ഷമായ സമീപനം സ്വീകരിച്ച് പുതിയ പൊലീസ് നയം നടപ്പിലാക്കിയതും പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതുമെല്ലാം ചൂഷിതരായ ജനങ്ങളുടെ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു.
എന്നാല്‍, ഇതിനെതിരെ ഭൂപ്രഭുക്കന്മാരും പ്രതിലോമ ശക്തികളും ചേര്‍ന്ന് ‘വിമോചന സമരം’ എന്ന പേരില്‍ വ്യാജനിര്‍മ്മിതി ഉണ്ടാക്കുകയാണുണ്ടായത്. അമേരിക്കന്‍ സിഐഎയുടെ ഡോളര്‍ വരെ കടന്നുവന്ന ആ പ്രതിലോമ സമരത്തിന് വിമോചന സമരം എന്ന പേരിട്ടാണ് കേരള രാഷ്ട്രീയത്തില്‍ വ്യാജനിര്‍മ്മിതിക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ ഇത്തരം സംഭവങ്ങള്‍ ഓര്‍മ്മിക്കണമെന്നും, കേരളത്തെ ലോകത്തിന് മുമ്പില്‍ നിവര്‍ന്നുനില്‍ക്കാന്‍ പ്രാപ്തമാക്കിയ അഭിമാനകരമായ നേട്ടങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവുമാണ് ഉണ്ടാക്കിയതെന്നും സിപിഎം ജനറല്‍ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി അതിജീവിക്കാനും ജനസ്വാധീനം വിപുലമാക്കാനുമുള്ള കര്‍മ്മപദ്ധതികള്‍ യോഗം ആവിഷ്‌കരിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, വര്‍ഗ-ബഹുജന സംഘടനാ ഭാരവാഹികള്‍ അടക്കം മുന്നൂറിലേറെ പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.


































