ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന നഗരമായ ഡൽഹി, സമാനതകളില്ലാത്ത ജാഗ്രതയിൽ. കേന്ദ്ര സർക്കാറിന്റെ സകല സംവിധാനങ്ങളും ഉച്ചകോടിയുടെ നടത്തിപ്പിനായി കൈകോർക്കുന്നു. ഇന്ന് മുതൽ ആഗോള നയതന്ത്രത്തിന്റെ കേന്ദ്രമായി ഡൽഹി മാറുകയാണ്.
പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിക്ക് രാജ്യതലസ്ഥാനം വേദിയാകുമ്പോൾ സമാനതകളില്ലാത്ത ജാഗ്രതയിലും ഒരുക്കത്തിലുമാണ് ഡൽഹി. പശ്ചിമേഷ്യയിലെ സംഘർഷവും റഷ്യ -യുക്രൈൻ യുദ്ധവും ആഗോള ഇന്ധന-സാമ്പത്തിക പ്രതിസന്ധികളുമെല്ലാം നിലനിൽക്കുമ്പോഴാണ് ആഗോള തെക്കിന്റെ പ്രധാന്യം ഓർമ്മിപ്പിക്കാൻ ലോകനേതാക്കൾ ഡൽഹിയിൽ കൈകോർക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. നാളെയും മറ്റന്നാളും രണ്ട് ദിവസമായാണ് ബ്രിക്സ് ഉച്ചകോടി ഭാരത് മണ്ഡപത്തിൽ നടക്കുക. ഇന്ന് തന്നെ ലോകനേതാക്കൾ ഡൽഹിയിൽ എത്തി തുടങ്ങും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഇന്ന് ഡൽഹിയിലെത്തും. ഇരുവരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് നാളെയാണ് എത്തുന്നത്. ലോക നേതാക്കൾക്ക് ഡൽഹിയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിട്ടാണ് താമസം. ഡൽഹിയിലെ പല പ്രമുഖ ഹോട്ടലുകളും ഇതിനോടകം തന്നെ വിവിധ ലോക നേതാക്കളുടെ സുരക്ഷാ സംഘത്തിന്റെ പൂർണ നിയന്ത്രണത്തിലേക്ക് മാറികഴിഞ്ഞു.
സ്വകാര്യ വാഹനങ്ങളൊന്നും ഭാരത് മണ്ഡപത്തിലേക്ക് കടക്കാൻ അനുവദിക്കില്ല. മാധ്യമപ്രവർത്തകരടക്കം പ്രത്യേക ബസുകളിൽ പോകണം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാണ് ഈ ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരത് മണ്ഡപത്തിനകത്ത് നിയന്ത്രണങ്ങൾ കടുത്തതാണ്. മാധ്യമങ്ങൾക്ക് ഇന്റർനാഷണൽ മീഡിയ സെന്ററിൽ മാത്രമേ പ്രവേശിക്കാനാകൂ. പ്രധാന ചർച്ചകൾ നടക്കുന്നിടത്ത് നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനം. പതിവുപോലെ മൂർച്ചയുള്ള വസ്തുക്കൾ കൂടാതെ റിമോട്ട് കാർകീ, ഫ്ലാസ്ക്, ബൈനോക്കുലർ തുടങ്ങിയവയും ഭാരത് മണ്ഡപത്തിനകത്ത് വിലക്കിയിട്ടുണ്ട്.
കേന്ദ്രസർക്കാറിന്റെ എല്ലാ സംവിധാനങ്ങളും സുരക്ഷയൊരുക്കാൻ കൈകോർക്കുന്നുണ്ട്. 15000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും, 200 കമ്പനി കേന്ദ്രസേനയും സുരക്ഷയ്ക്കായി അധികമായി നഗരത്തിൽ വിന്യസിച്ചു. പ്രധാനപ്പെട്ട റോഡുകളിലെല്ലാം അധിക ക്യാമറകൾ സ്ഥാപിച്ചു, സിസിടിവി നിരീക്ഷണവും കർശനമാക്കി. മധ്യ , തെക്കൻ ഡൽഹിയെയാണ് നിയന്ത്രണങ്ങൾ കൂടുതൽ ബാധിക്കുക ജൻപഥ്, കർത്തവ്യപഥ് അടക്കം ഡൽഹിയിലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം കാര്യമായ നിയന്ത്രണങ്ങളുണ്ടെന്നതും നഗരത്തിലെത്തുന്നവർ ഓർത്തിരിക്കണം. നഗരത്തിൽ 22 ഇടങ്ങളിലായി യാത്രക്കാരെ വഴിതിരിച്ചിവിടുന്ന പോയിന്റുകളുമുണ്ട്. ട്രെയിൻ യാത്രക്കാരും വിമാനയാത്രക്കാരും സ്റ്റേഷനുകളിലേക്കും വിമാനതാവളത്തിലേക്കും പോകാൻ നേരത്തെ ഇറങ്ങണം, കൂടുതൽ സമയം യാത്രയ്ക്ക് വേണ്ടിവരും.
എന്നാൽ മെട്രോ യാത്രകൾക്ക് നിയന്ത്രണമില്ല, മെട്രോ യാത്ര പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഡൽഹി പൊലീസ് അഭ്യർത്ഥിക്കുന്നു. ഡൽഹിയിലെത്തുന്ന ഓരോ നേതാവിനൊപ്പവും നൂറിൽ കുറയാത്ത പ്രതിനിധി സംഘവുമുണ്ട്. അതിനാൽ ഏകോപനത്തിൽ വലിയ വെല്ലുവിളിയാണ് വിദേശകാര്യമന്ത്രാലയവും സുരക്ഷാ ഏജൻസികളും നേരിടുന്നത്.



























