26.6 C
Kollam
Wednesday 7th October, 2026 | 06:44:10 AM
Home News National ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി (94) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

1931ല്‍ ജനിച്ച സൗകാര്‍ ജാനകി 1950ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഷാവുകാരു’വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു.

‘സ്‌കൂള്‍ മാസ്റ്റര്‍’, ‘സൂര്യമാനസം’, ‘പപ്പു’ തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. ‘സൂര്യമാനസം’ സിനിമയില്‍ മമ്മൂട്ടിയുടെ അമ്മയായി നടത്തിയ പ്രകടനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഇന്ത്യന്‍ ചലച്ചിത്രരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായ സൗകാര്‍ ജാനകിയുടെ നിര്യാണത്തില്‍ ചലച്ചിത്ര, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.