ന്യൂഡൽഹി: ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് രണ്ടാമത്തെ ലഹരി പരിശോധനയിലും പരാജയപ്പെട്ടതായി റിപ്പോർട്ട്. ആഗസ്റ്റ് അഞ്ചിന് ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിലാണ് പൈലറ്റുമാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. സംഭവത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു.
ഏകദേശം അഞ്ച് മിനിറ്റോളം വിമാനം ശക്തമായ ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴ്ന്നിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലും പൈലറ്റ് ലഹരിപദാർഥം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റീവായതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന സംശയവും ഉയർന്നിട്ടുണ്ട്. വിമാനം താഴേക്ക് പതിച്ച സമയത്ത് പൈലറ്റ് സീറ്റിലുണ്ടായിരുന്നില്ലെന്നും സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി) അന്വേഷണം ആരംഭിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിനും പൈലറ്റിന്റെ ലഹരി ഉപയോഗത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ ചട്ടപ്രകാരമാണ് ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കിയത്.
വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ, എ.എ.ഐ.ബി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് പരിശോധനാഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നത്. എയർ ഇന്ത്യയുടെ സ്ഥാനമൊഴിയുന്ന സി.ഇ.ഒ ക്യാംപ്‌ബെൽ വിൽസൺ വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എയർ ഇന്ത്യ അധികൃതർ കൈമാറിയിട്ടുണ്ടെന്നും തുടർനടപടികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വ്യോമയാന മന്ത്രി അറിയിക്കുമെന്നും വിൽസൺ മാധ്യമങ്ങളോട് പറഞ്ഞു.



























