26.2 C
Kollam
Tuesday 4th August, 2026 | 06:40:40 PM
Home News National നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടനും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഉദയനിധിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് നീലാങ്കരയിലെ വസതിയില്‍ വെച്ച് തഞ്ചാവൂര്‍ ഈസ്റ്റ് പൊലീസ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നടുത്തളത്തിലിറങ്ങി ഡിഎംകെ എംപിമാര്‍ പ്രതിഷേധിച്ചു. ഉദയനിധിയെ കയറ്റിയ പൊലീസ് വാഹനം തടഞ്ഞ ഡിഎംകെ പ്രവര്‍ത്തകര്‍, സംഭവസ്ഥലത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അറസ്റ്റ്‌ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അതേസമയം അറസ്റ്റ് സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കാനാണെന്നും റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ടിവികെ നല്‍കിയ ഔദ്യോഗിക പരാതിയുടെയും ദേശീയ വനിതാ കമ്മിഷന് നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരായി തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമര്‍ശം. തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നുമായിരുന്നു പരാമര്‍ശം.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി എം കെ പ്രവര്‍ത്തകര്‍ തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെ ദ്വയാര്‍ഥ പ്രയോഗം നടത്തി. തുടര്‍ന്ന് താന്‍ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി ഒഴിഞ്ഞുമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here