ശാസ്താംകോട്ട:ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നിരഞ്ജന്റെ (17) മരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്.ശൂരനാട് വടക്ക് ആനയടി നിരഞ്ജ നിവാസിൽ സന്തോഷിൻ്റെയും രാജിയുടെയും മകൻ നിരഞ്ജനെ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ താമരക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.എസ്.പി.സി കോ ഓർഡിനേറ്ററായ അധ്യാപികയ്ക്കും പ്രിൻസിപ്പാളിനുമെതിരെ ശക്തമായ അന്വേഷണം നടത്തി കുറ്റർക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ശൂരനാട് പോലീസിൽ പരാതി നൽകി.
സഹപാഠിയായ പെൺകുട്ടിയോടൊപ്പം സംസാരിച്ചതിന്റെ പേരിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപികയും പ്രിൻസിപ്പാളും നിരഞ്ജനോട് മോശമായി പെരുമാറിയെന്നും,തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തി അപമാനിച്ചതുമാണ് മരണത്തിന് കാരണമായതെന്ന് വീട്ടുകാർ ആരോപിക്കുന്നു. ഈ സംഭവങ്ങൾ കുട്ടിയിൽ കടുത്ത മനോവിഷമമുണ്ടാക്കിയിരുന്നതായും കുടുംബം വ്യക്തമാക്കുന്നു.നവംബർ 23ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു.അതിന്റെ ഭാഗമായി അമ്മ നിരഞ്ജനെ കൂട്ടിക്കൊണ്ടുപോയി പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നതായും വീട്ടുകാർ പറയുന്നു.വീട്ടിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം നേരത്തെ വീട്ടിലെത്തിയ നിരഞ്ജൻ അസ്വസ്ഥനായിരുന്നുവെന്നും സഹോദരിക്കൊപ്പം പഠിച്ച ശേഷം ഉറങ്ങാൻ മുറിയിലേക്ക് പോയതാണ്.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്‌റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സ്‌കൂളിലെത്തിച്ച് പ്രതിഷേധിച്ചു.സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി നാളെ (24/11/2026) മണ്ഡലത്തിലെ സ്കൂളുകളിൽ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു.
നാളെ മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠിപ്പുമുടക്ക് ആചരിക്കുമെന്ന് കെ.എസ്.യു ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുള്ള എ അറിയിച്ചു.
































