27.6 C
Kollam
Monday 26th October, 2026 | 08:31:18 PM
Home News Local ഇടിച്ചിട്ടു കടന്നുകളയുന്ന വാഹനങ്ങൾ; ഹിറ്റ് ആൻഡ് റൺ കേസുകളിൽ നിരീക്ഷണം എവിടെ?

ഇടിച്ചിട്ടു കടന്നുകളയുന്ന വാഹനങ്ങൾ; ഹിറ്റ് ആൻഡ് റൺ കേസുകളിൽ നിരീക്ഷണം എവിടെ?

Advertisement

കൊല്ലം: റോഡില്‍ അപകടമുണ്ടാക്കിയശേഷം വാഹനം നിര്‍ത്താതെ കടന്നുകളയുന്ന സംഭവങ്ങള്‍ കൊല്ലം ജില്ലയിലും ആശങ്കയാകുന്നു. അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുമ്പോഴും ഉത്തരവാദികളായ വാഹനങ്ങളെയും ഡ്രൈവര്‍മാരെയും കണ്ടെത്തുക പലപ്പോഴും അന്വേഷണസംഘങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഇത്തരം കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് സംഘങ്ങള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെ കൊല്ലത്തെ ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലെ അന്വേഷണനടപടികളും ശ്രദ്ധേയമാകുന്നു.
സെപ്റ്റംബര്‍ അഞ്ചിന് ചിതറയില്‍ ഉണ്ടായ അപകടം ഇതിന് ഉദാഹരണമാണ്. കടയ്ക്കല്‍ ഭാഗത്തുനിന്ന് മടത്തറയിലേക്ക് ബുള്ളറ്റില്‍ പോവുകയായിരുന്ന ചിതറ വേങ്കോട് സ്വദേശി അനന്തു (31) എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെയെത്തിയ ടോറസ് ലോറി ദേഹത്തുകൂടി കയറിയിറങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ ലോറിയെ ചിതറ പോലീസ് പിന്തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസിന്റെ സഹായത്തോടെ ഡാലിയില്‍വച്ച് പിടികൂടി. ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ മാധ്യമശ്രദ്ധ ലഭിക്കുന്ന സംഭവങ്ങള്‍ക്ക് മാത്രമാണ് പലപ്പോഴും കാര്യമായ പരിഗണന ലഭിക്കുന്നതെന്ന നിരീക്ഷണത്തോടെയാണ് ജൂലൈ 20-ന് ഹൈക്കോടതി ഇടപെട്ടത്. അപകടമുണ്ടാക്കിയ വാഹനങ്ങളെയും പ്രതികളെയും കണ്ടെത്താന്‍ സംസ്ഥാന പോലീസ് മേധാവി ഓരോ ജില്ലയിലും ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംഘങ്ങളുടെ പ്രവര്‍ത്തനവും ബന്ധപ്പെടാനുള്ള നമ്പറുകളും പൊതുജനങ്ങളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
അപകടമുണ്ടാക്കിയ വാഹനം മറ്റൊരു ജില്ലയിലേക്ക് കടന്നുപോയാല്‍ വിവിധ പോലീസ് സംഘങ്ങള്‍ തമ്മിലുള്ള ഏകോപനവും നിര്‍ണായകമാണ്. സിസിടിവി ദൃശ്യങ്ങള്‍, വാഹനങ്ങളുടെ സഞ്ചാരവിവരങ്ങള്‍, സാങ്കേതിക പരിശോധന എന്നിവ സമയബന്ധിതമായി ഉപയോഗിച്ചാല്‍ പ്രതികളെ കണ്ടെത്താനുള്ള സാധ്യത വര്‍ധിക്കും.
ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ പ്രതികളെ കണ്ടെത്തുന്നതിനു പുറമേ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. കൊല്ലം ജില്ലയില്‍ ഇത്തരം കേസുകളില്‍ രൂപീകരിക്കുന്ന പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും പരാതികള്‍ എത്ര വേഗത്തില്‍ അന്വേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here