28.3 C
Kollam
Wednesday 7th October, 2026 | 07:52:17 PM
Home News Local ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തിലെ മള്‍ട്ടിപര്‍പ്പസ് ഫിഷറീസ് സെന്റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തിലെ മള്‍ട്ടിപര്‍പ്പസ് ഫിഷറീസ് സെന്റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനുമുള്ള ബൃഹത് പദ്ധതി തയ്യാറാക്കാനുള്ള
ശ്രമത്തിലാണ് സർക്കാരെന്നും ഫിഷറീസ് വകുപ്പിൻ്റെ സ്വന്തം ഭവന പദ്ധതി ഉടൻ അവതരിപ്പിക്കുമെന്നും ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ ഭാഗമായി ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തില്‍ നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് ഫിഷറീസ് സെന്ററിന്റെ പ്രവർത്തനോദ്ഘാടനവും മൊബൈൽ ഓട്ടോ കിയോസ്‌ക് താക്കോൽ ദാനവും താന്നി സെന്റ് മൈക്കിള്‍സ് പാരിഷ് ഹാളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായ ഇൻഷുറൻസ് പരിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുകയാണെന്നും  മന്ത്രി പറഞ്ഞു. തീരദേശമേഖലയുടെ വികസനമാണ് മുഖ്യമന്ത്രിയുടെ സ്വപ്നം. ആ സ്വപ്നത്തിൻ്റെ ചുവടു പിടിച്ചാണ് ഫിഷറീസ് വകുപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഒട്ടേറെ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ചു വരുകയാണ്. ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് ഇരവിപുരത്ത് മൾട്ടിപർപ്പസ് സെൻ്റർ ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വിഷ്ണു മോഹന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക് മത്സ്യം ശീതീകരിച്ച് ഗുണമേന്മയോടെ സൂക്ഷിക്കുന്നതിനും സമീപ പ്രദേശങ്ങളിൽ നേരിട്ടെത്തിച്ച് വിപണനം നടത്തുന്നതിനുമുള്ള  മൊബൈല്‍ ഫിഷ് വെന്‍ഡിങ് കിയോസ്‌കിന്റെ താക്കോല്‍ദാനം മന്ത്രി  വി ഇ അബ്ദുള്‍ ഗഫൂറും വിഷ്ണു മോഹന്‍ എം.എല്‍.എയും ചേർന്ന് നിര്‍വഹിച്ചു. യൂണിറ്റിന്റെ ഫ്ളാഗ് ഓഫ്
മന്ത്രിയും ഡെപ്യൂട്ടി മേയര്‍  കരുമാലില്‍ ഉദയസുകുമാരനും ചേർന്ന് നിര്‍വഹിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് സുസ്ഥിര മത്സ്യബന്ധന രീതികള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, കടല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍  എന്നിവ സംബന്ധിച്ച പരിശീലന പരിപാടികള്‍ ലഭ്യമാക്കുന്നതിനും വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് ആധുനിക സൗകര്യങ്ങളോടെ 41.30 ലക്ഷം രൂപ ചെലവില്‍ സെന്റര്‍ നിര്‍മിച്ചത്. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന
കാലാവസ്ഥാവ്യതിയാന പ്രതിരോധ ശേഷിയുള്ള തീരദേശ മത്സ്യഗ്രാമ പദ്ധതിയിലൂടെ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, ഉപജീവന സുരക്ഷ, വരുമാന വര്‍ധനവ്, നൈപുണ്യ വികസനം, പരിശീലനം, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് ലക്ഷ്യമിടുന്നത്.

202.45 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തില്‍ മറൈന്‍ ഗ്രേഡ് സോളാര്‍ മിനി മാസ്റ്റ് ലൈറ്റ്, കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എമര്‍ജന്‍സി റെസ്‌ക്യൂ ബോട്ട്, പ്ലാസ്റ്റിക് ശേഖരണ ബിന്നുകള്‍, ബ്രാക്കിഷ് വാട്ടര്‍ കേജ് ഫാമിംഗ്, ഫിഷ് സ്റ്റോക്ക് എന്‍ഹാന്‍സ്‌മെന്റ്  റാഞ്ചിംഗ്, പോര്‍ട്ടബിള്‍ സോളാര്‍ ഫിഷ് ഡ്രയര്‍ തുടങ്ങിയ ഘടക പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ ഷേയ്ക് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ ജെ ഇസബെല്ല, ജെ ജയലക്ഷ്‌മി, എ കെ അസൈൻ, ഫിഷറീസ് സൗത്ത് സോൺ ജോയിൻ്റ് ഡയറക്ടർമാരായ ആർ അമ്പിളി, ബേബി ഷീജ കോഹൂർ, ഫിഷറീസ് ഡെ. ഡയറക്ടർ സി എസ് ശ്രീദിവ്യാറാണി, ഫാദർ റെജിസൺ റിച്ചാർഡ്, ജനപ്രതിനിധികള്‍, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here