കൊല്ലം: മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ ബുള്ളറ്റ് മോട്ടോര്‍സൈക്കിളിന്റെ ക്രാഷ് ഗാര്‍ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കിളികൊല്ലൂര്‍ കല്ലുംതാഴം ചേരിയില്‍ കുറ്റിയില്‍ കിഴക്കതില്‍ വീട്ടില്‍ ജ്യോതികുമാര്‍ (53)നെയാണ് കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സി.എം. സീമ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
2020 സെപ്റ്റംബര്‍ 13ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കുംഭാഗം വടക്കുംഭാഗം ചേരിയില്‍ ജ്യോതിസ് വീട്ടില്‍ സനില്‍കുമാര്‍ (49) ആണ് കൊല്ലപ്പെട്ടത്. മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജ്യോതികുമാര്‍ സനില്‍കുമാറിനെ തലയില്‍ അടിക്കുകയായിരുന്നു.
ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിയും സനില്‍കുമാറും തമ്മിലുണ്ടായ അടിപിടിയില്‍ ജ്യോതികുമാറിന്റെ നെറ്റിയില്‍ പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയിലെത്തിയപ്പോള്‍ പരിക്ക് സനില്‍കുമാറുമായുണ്ടായ അടിപിടിക്കിടെയാണ് സംഭവിച്ചതെന്ന് പ്രതി ഡോക്ടറോട് പറഞ്ഞിരുന്നു. ഇക്കാര്യം ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നു.
സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും സനില്‍കുമാറിനോട് പ്രതിക്കുണ്ടായിരുന്ന വിരോധം തെളിയിക്കുന്നതിനും ഈ മൊഴിയും രേഖയും പ്രധാന തെളിവായതായി കോടതി വിലയിരുത്തി.
തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന ആര്‍. രാജേഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. ജയകുമാര്‍ കെ.കെ. കുന്നത്തൂര്‍ ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് എഎസ്‌ഐ സാജുവായിരുന്നു.




























