കൊല്ലം: മുളങ്കാടകം വിഷ്ണത്തുകാവിന് സമീപം നൂറുവർഷത്തോളം പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു.
വിഷ്ണത്തുകാവ് എൻ.കെ.ആർ.എ 90 എയിൽ ശോഭനകലയുടെ ജി.പി. വിലാസം വീടാണ് ഇന്നലെ ഉച്ചയോടെ തീപിടിച്ച് നശിച്ചത്.
ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. പഴയ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി പുതിയ വീടിന്റെ നിർമാണം നടക്കുകയായിരുന്നു. നിർമാണം അന്തിമഘട്ടത്തിലെത്തിയതിനാൽ ശോഭനകല പുതിയ വീട്ടിലായിരുന്നു. ഇതിനിടെ വലിയ ശബ്ദം കേട്ട് പുറത്തേക്കെത്തിയപ്പോഴാണ് പഴയ വീടിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു.
ശോഭനകലയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. രണ്ട് യൂണിറ്റ് എത്തിയെങ്കിലും അപ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. കഴുക്കോലുകൾ കത്തിയതോടെ മേൽക്കൂരയിലെ ഓടുകൾ നിലംപതിച്ചു. ഫർണിച്ചർ, ഇലക്ട്രിക് ഉപകരണങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവയും കത്തിനശിച്ചു.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ചേർന്നാണ് തീയണച്ചത്.




























