28.1 C
Kollam
Sunday 29th November, 2026 | 08:03:04 PM
Home News Breaking News ആശങ്ക ഒഴിഞ്ഞു; കെ.സുധാകരൻ എംപി ആശുപത്രി വിട്ടു, രാത്രി ഡൽഹിയിലേക്ക് തിരിക്കും

ആശങ്ക ഒഴിഞ്ഞു; കെ.സുധാകരൻ എംപി ആശുപത്രി വിട്ടു, രാത്രി ഡൽഹിയിലേക്ക് തിരിക്കും

Advertisement

ദുബൈ:കോൺഗ്രസ് എംപിയും കണ്ണൂർ പ്രതിനിധിയുമായ കെ. സുധാകരനെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്തു. അപസ്മാരവും ഓർമക്കുറവും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ, ഇന്ന് രാത്രി 9:30-നുള്ള എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും.

നവംബർ 26-നാണ് കെ. സുധാകരനും കുടുംബവും യുഎഇയിൽ എത്തിയത്. അമേരിക്കയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോകാൻ നിശ്ചയിച്ചിരുന്നെങ്കിലും, തിങ്കളാഴ്ച പാർലമെന്റിൽ (ഡെലിമിറ്റേഷൻ ബിൽ ചർച്ച) പങ്കെടുക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ശാരീരിക അസ്വസ്ഥതയും അപസ്മാരവും ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
ആശുപത്രി അധികൃതർ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും, തന്നെ പിതാവിനെ കാണാൻ അനുവദിക്കുന്നില്ലെന്നും മകൻ സംജോഗ് സുധാകരൻ ആരോപിച്ചിരുന്നു. കെ. സുധാകരൻ പാർലമെന്റിൽ എത്താതിരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും കുടുംബം ഉന്നയിച്ചിരുന്നു. പിന്നീട് മകന് അദ്ദേഹത്തെ കാണാൻ അനുമതി നൽകി.

ആശുപത്രി അധികൃതർ പൂർണ്ണമായി ഡിസ്ചാർജ് നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന്, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ കുടുംബവും കോൺഗ്രസ് നേതൃത്വവും തീരുമാനിക്കുകയായിരുന്നു. രാത്രിയിലെ വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here