28.1 C
Kollam
Sunday 29th November, 2026 | 08:16:36 PM
Home News Breaking News കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസ്; ഏഴുപേർ അറസ്റ്റിൽ, രണ്ട് പിടിച്ചുപറി കേസുകൾക്കും തുമ്പായി

കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസ്; ഏഴുപേർ അറസ്റ്റിൽ, രണ്ട് പിടിച്ചുപറി കേസുകൾക്കും തുമ്പായി

Advertisement

കൊല്ലം: ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത കേസിൽ ഏഴുപേരെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് പിടിച്ചുപറി കേസുകൾക്കും തുമ്പായി.

ശക്തികുളങ്ങര കന്നി മേൽച്ചേരി ഡ്രീം നഗർ 131 പരുവക്കൽ തെക്കേത്തറയിൽ സഞ്ജയ് (19), മില്ലേനിയം നഗർ 33 കൊടിയിൽ തെക്കേതിൽ അഭിജിത്ത് (21), കുരീപ്പുഴ കൊച്ചാലുംമൂട് ജിജി ഭവനിൽ ആദർശ് (22), കുരീപ്പുഴ മോഹത്ത് കിഴക്കതിൽ വിപിൻ (26), കുരീപ്പുഴ തെക്കേച്ചിറ കൊച്ചാലുംമൂട് അശ്വതി ഭവനിൽ രാഹുൽ (26), കുരീപ്പുഴ കൊച്ചാലുംമൂട് ആലുവിള പടിഞ്ഞാറ്റതിൽ ജിനു (26), അഞ്ചുകല്ലുംമൂട് കൈക്കുളങ്ങര കല്ലമ്പള്ളി മഠത്തിൽ മുഹമ്മദ് ഹുസൈൻ (24) എന്നിവരാണ് പിടിയിലായത്.

നവംബർ 23ന് രാത്രി 11.50ഓടെയാണ് കേസിനാസ്പദമായ സംഭവം. കൈക്കുളങ്ങര നോർത്ത് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശികളായ യുവാക്കളുടെ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഇവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കല്ലും മരപ്പട്ടികയും ഉപയോഗിച്ച് വീട്ടിലെ ഉപകരണങ്ങളും അടിച്ചുതകർത്തു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊല്ലം വെസ്റ്റ് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിലാണ് ശക്തികുളങ്ങര പരിധിയിലെ രണ്ട് പിടിച്ചുപറി കേസുകളിലെ പ്രതികളാണെന്നും കണ്ടെത്തിയത്.

നവംബർ 24ന് രാത്രി 7.30ഓടെ കാവനാട് ജങ്ഷനിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മുക്കാട് ബോട്ട് കടവിലേക്ക് നടന്നുപോവുകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയെ ബൈക്കിലെത്തിയ ആദർശ്, രാഹുൽ, ജിനു, വിപിൻ എന്നിവർ തടഞ്ഞുനിർത്തി പണവും ലോട്ടറി ടിക്കറ്റുകളും കവർന്നിരുന്നു. നവംബർ 22ന് ഉച്ചയ്ക്ക് 1.45ഓടെ ശക്തികുളങ്ങര കുരിശടിക്ക് കിഴക്കുവശം മറ്റൊരു പശ്ചിമ ബംഗാൾ സ്വദേശിയെ രാഹുൽ, ജിനു, വിപിൻ എന്നിവർ ബൈക്കിലെത്തി തടഞ്ഞുനിർത്തി പണവും ആധാർ കാർഡും ലേബർ കാർഡും തട്ടിയെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.

അറസ്റ്റിലായ ആദർശിനെതിരെ കരുനാഗപ്പള്ളി, ഇരവിപുരം, അഞ്ചാലുംമൂട്, ശക്തികുളങ്ങര സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരവും നടപടിയുണ്ട്. രാഹുലിനെതിരെ അഞ്ചാലുംമൂട്, ഇരവിപുരം, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ് കേസുകളുണ്ട്. ജിനുവിനെതിരെ അഞ്ചാലുംമൂട്, ശക്തികുളങ്ങര, കിളികൊല്ലൂർ സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് കേസുകളും നിലവിലുണ്ട്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി. എസ്. ഷാജിയുടെ മേൽനോട്ടത്തിൽ കൊല്ലം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ. സരിത, എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐ. മുഹമ്മദ് ഷാഫി, എസ്.സി.പി.ഒ.മാരായ രാജീവ്, ബിജീഷ്, സുജിത്ത്, സി.പി.ഒ.മാരായ സാംസൺ, ഫെബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here