ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ബില്ലിനെ പരാജയപ്പെടുത്തിയാൽ തമിഴ്‌നാടിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ സംരക്ഷണം പോലും നഷ്ടപ്പെടുമെന്നും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. തമിഴ്‌നാടാണ് തങ്ങൾക്ക് ഒന്നാമത്. ബില്ലിനെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ് നേതൃത്വത്തിലുള്ള പാർട്ടികൾ ബദൽ നിർദേശങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ബില്ലിനെ പരാജയപ്പെടുത്താൻ ഡിഎംകെയുടെ പിന്തുണ തേടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷന്മാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങിയ ഉന്നതതല സംഘം ചെന്നൈയിലെത്തി സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഇതോടെ ചർച്ച പരാജയപ്പെട്ടു. തുടർന്ന് ഇന്ത്യ മുന്നണി നേതാക്കൾ സ്റ്റാലിന്റെ വസതിയിൽനിന്ന് മടങ്ങി.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കും; തമിഴ്‌നാടിന്റെ താൽപ്പര്യമാണ് പ്രധാനം: എം.കെ. സ്റ്റാലിൻ
Advertisement
























