തിരുവനന്തപുരം.ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും നിരോധിത ക്രീമുകൾ പിടിച്ചെടുത്തു. പാകിസ്ഥാൻ നിർമിത ക്രീമുകളായ ഫൈസ, ഗോരി എന്നിവയാണ് പിടിച്ചെടുത്തത്. കോഴിക്കോട് ലേബലിംഗ് ഇല്ലാത്ത നെയിൽ പോളിഷും പിടികൂടി.
ഡ്രഗ്സ് കൺട്രോളർ വിഭാഗത്തിന്റെ പരിശോധന സംസ്ഥാനമൊട്ടകെ തുടരുകയാണ്. തിരുവനന്തപുരം മണക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് 2 ലക്ഷം രൂപ വിലമതിക്കുന്ന ക്രീമുകളാണ് പിടിച്ചെടുത്തത്. ബ്യൂട്ടി ഷോപ്പുകളിൽ നേരിട്ട് വില്പന നടത്തുന്ന സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഡ്രഗ്സ്സ് കൺട്രോൾ വിഭാഗം കണ്ടെടുത്തത്. കോഴിക്കോട് നിന്ന് 8000 രൂപയിൽ അധികം മൂല്യമുള്ള നെയിൽ പോളിഷും കണ്ടെത്തിയിട്ടുണ്ട്. 11 ഉത്പന്നങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. പ്രത്യേക ലേബലുകൾ ഇല്ലാത്ത ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇവയുടെ പർച്ചേസ് ബില്ലുകൾ ഹാജരാക്കാൻ ബ്യൂട്ടി ഷോപ്പ് ഉടമകൾ തയ്യാറാകുന്നില്ല.
എവിടെനിന്നാണ് ക്രീമുകൾ എത്തിച്ചതെന്നും വ്യക്തമാക്കിയിട്ടില്ല. സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്സ് കൺട്രോളർ വിഭാഗം കേസ് എടുത്തു. കുറഞ്ഞ പിഴയും തടവ് ശിക്ഷയും കഴിഞ്ഞാൽ കേസിൽ നിന്ന് ഊരിപ്പോകാൻ സാധിക്കും എന്നുള്ളതുകൊണ്ട് തന്നെ വീണ്ടും സ്ഥാപനങ്ങൾ ക്രീമുകൾ സുലഭമായി വിപണിയിൽ എത്തിക്കുകയാണ്. ഇതിൽ ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിനും വലിയ നടപടികളിലേക്ക് പോകാൻ സാധിക്കുന്നില്ല എന്നുള്ളതും പരിമിതിയാണ്. അതിനാൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കാൻ ഡ്രഗ്സ്സ് കൺട്രോളർ വിഭാഗം സർക്കാരിന് ശുപാർശ നൽകാനാണ് തീരുമാനം
























