തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സീനിയർ സർജൻ ഡോ. എൻ.കെ. ബിനു (ഡോ. വിനു) റിമാൻഡിലായി. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ കൺസൾട്ടിങ് റൂമിൽ വെച്ച് സീനിയർ ഡോക്ടർ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടറുടെ പരാതി. അതിക്രമം ചെറുത്ത യുവതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും സഹപ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത നെടുമങ്ങാട് പൊലീസ് കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സർക്കാർ ഉദ്യോഗസ്ഥനും ഡോക്ടറും എന്ന നിലയിൽ വകുപ്പിന് അവമതിപ്പുണ്ടാക്കിയതിനും ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിയതിനും കേരള ആരോഗ്യവകുപ്പ് ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാധാരണ വൈദ്യപരിശോധന മാത്രമാണ് നടത്തിയതെന്നുമാണ് ഡോ. ബിനു പൊലീസിന് നൽകിയ മൊഴി.



























