തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മാൻഹോളിൽ നവജാതശിശുവിന്റെ (ഭ്രൂണാവസ്ഥയിലുള്ള) മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടാം വാർഡിന് സമീപമുള്ള മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈകുന്നേരം നാല് മണിയോടെ മാൻഹോൾ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ ആശുപത്രി അധികൃതരെയും ഡോക്ടർമാരെയും വിവരമറിയിച്ചു.
ഏകദേശം നാല് മാസം പ്രായമുള്ള ഭ്രൂണമാണിതെന്ന് വിവരം പുറത്ത് വരുന്നു.
മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
പോലീസ് അന്വേഷണം. ആശുപത്രി സൂപ്രണ്ടിന്റെ വിവരമനുസരിച്ച് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
മാസം തികയാതെ പ്രസവിച്ച ഭ്രൂണം ആരെങ്കിലും ഉപേക്ഷിച്ചതാണോ, അതോ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

































