27.4 C
Kollam
Thursday 5th November, 2026 | 08:24:14 PM
Home News Kerala 162 കിലോമീറ്റർ വേഗം; ബ്രേക്ക് ചവിട്ടിയത് അപകടത്തിന് ഒരു സെക്കൻഡ് മുൻപ്; മിനി കൂപ്പറിന്റെ അമിതവേഗം...

162 കിലോമീറ്റർ വേഗം; ബ്രേക്ക് ചവിട്ടിയത് അപകടത്തിന് ഒരു സെക്കൻഡ് മുൻപ്; മിനി കൂപ്പറിന്റെ അമിതവേഗം സ്ഥിരീകരിച്ച് ബിഎംഡബ്ല്യു റിപ്പോർട്ട്

Advertisement

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ നിർണായക കണ്ടെത്തലുമായി ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൂട്ടിയിടിയുടെ സമയത്ത് വേഗം മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ്, അതായത് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് അമർത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (എസിഎസ്എം) രേഖപ്പെടുത്തിയ വിവരങ്ങൾ വിശദമായി പരിശോധിച്ചാണ് ബിഎംഡബ്ല്യു ഇന്ത്യ റിപ്പോർട്ട് തയ്യാറാക്കിയത്. വ്യാഴാഴ്ച റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. അപകടത്തിന് തൊട്ടുമുമ്പുള്ള വാഹനത്തിന്റെ വേഗം, ബ്രേക്കിങ് ഉൾപ്പെടെയുള്ള ഡ്രൈവറുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച നിർണായക വിവരങ്ങളാണ് ക്രാഷ് ഡാറ്റയിലൂടെ പുറത്തുവന്നത്.

അപകടത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, മിനി കൂപ്പർ വെറും 11 സെക്കൻഡിനുള്ളിൽ 500 മീറ്റർ ദൂരം പിന്നിട്ടതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് കൂടുതൽ വ്യക്തത നൽകുന്നതാണ് വാഹനത്തിന്റെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങൾക്ക് പുറമേ, വാഹനത്തിനുള്ളിൽതന്നെ രേഖപ്പെടുത്തിയ ഡാറ്റയും അമിതവേഗത്തിന്റെ നിർണായക തെളിവായി മാറുകയാണ്.

അമിതവേഗവും അവസാന നിമിഷത്തെ ബ്രേക്കിങ്ങും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകും. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഡ്രൈവറുടെ പ്രവർത്തനങ്ങൾ, ഒപ്പമുണ്ടായിരുന്നവരുടെ പങ്ക് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here