26.5 C
Kollam
Thursday 5th November, 2026 | 12:00:37 AM
Home News Kerala തൊണ്ടിമുതൽ മോഷണം; പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയില്‍ ഏല്‍പ്പിക്കുന്നത് കള്ളനും!

തൊണ്ടിമുതൽ മോഷണം; പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയില്‍ ഏല്‍പ്പിക്കുന്നത് കള്ളനും!

Advertisement

പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയില്‍ ഏല്‍പ്പിക്കുന്നത് കള്ളനും എന്ന അവസ്ഥയിലാണ് നാട്. കൊച്ചിയില്‍ തൊണ്ടിമുതലുകളുടെ സംരക്ഷണം പൊലീസിനും കോടതിക്കും വെല്ലുവിളിയായി മാറുകയാണ്. ഓപ്പറേഷന്‍ തൂഫാനിലൂടെ പിടികൂടിയ ലക്ഷങള്‍ വിലയുള്ള ലഹരിമരുന്നാണ് എസ്‌ഐ മോഷ്ടിച്ചതെങ്കില്‍ കോടതിയില്‍ നിന്ന് കവര്‍ന്നത് ലക്ഷങ്ങള്‍ വിലയുള്ള വാച്ചുകള്‍. കൂടുതലെന്തൊക്കെ നഷ്ടപ്പെട്ടുവെന്ന ഉറപ്പിക്കാന്‍ സമഗ്രമായ അന്വേഷണം വേണ്ടിവരും.

മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണക്കേസ്. ലഹരിക്കടത്ത് കേസ് അട്ടിമറിക്കാന്‍ ലഹരികടത്തിയ അടിവസ്ത്രം തന്നെ അടിച്ചുമാറ്റി ചെറുതാക്കി പ്രതിയെ രക്ഷിക്കാന്‍ കാണിച്ച അതിബുദ്ധി. കേസ് ജയിക്കാനും തോല്‍ക്കാനും തൊണ്ടിമുതിലനെ ഉന്നംവെയ്ക്കുന്ന രീതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉണ്ട്. സമീപകാലത്ത് അത്തരം മോഷണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ആ പട്ടികയില്‍ ഒടുവിലത്തെ രണ്ട് കേസുകള്‍ കൊച്ചിയില്‍ നിന്നാണ്. സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ മുപ്പതാം തീയതി അടുത്തടുത്തായി രജിസ്റ്റര്‍ ചെയ്തത് രണ്ട് തൊണ്ടിമുതല്‍ മോഷണക്കേസുകള്‍.

ഒരുകേസിന് ഇടയാക്കിയത് ബിഗ്ടിവിയുടെ ഇടപെടലെങ്കില്‍ രണ്ടാമത്തെ കേസിന് ഇടപെടല്‍ നടത്തിയത് കോടതി. ക്രൈംനമ്പര്‍ 1185/2026ല്‍ പ്രതി സെന്‍ട്രല്‍ സ്‌റ്റേഷനിലെ എസ്‌ഐ അനസ് തൗഫീക്ക്. ഓപ്പറേഷന്‍ തൂഫാനില്‍ എളമക്കര പൊലീസ് പിടിച്ചെടുത്ത 87 ഗ്രാം എംഡിഎംഎയാണ് അനസ് അടിച്ചുമാറ്റിയത്. നശിപ്പിക്കാനുള്ള ലഹരിവസ്തുക്കളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് ലക്ഷങള്‍ വിലയുള്ള എംഡിഎംഎ നഷ്‌പ്പെട്ടതായി കണ്ടെത്തുന്നത്. അന്വേഷണത്തില്‍ മുറിയില്‍ അനസ് കയറിയിറങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇത് മനസിലാക്കിയ അനസ് അടുത്ത ദിവസം മറ്റൊരു പായ്ക്കറ്റ് ഇതേ സ്ഥാനത്ത് എത്തിച്ചു. മോഷ്ടിച്ച 87 ഗ്രാമിന പകരമെത്തിയത് 200 ഗ്രാം തൂക്കമുള്ള പായ്ക്കറ്റ്.

തൊണ്ടിമുതല്‍ മോഷണം പൂഴ്ത്താന്‍ പൊലീസ് പരമാവധി ശ്രമിച്ചു. എന്നാല്‍ ബിഗ്ടിവിയുടെ ഇടപെടലോടെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. മണിക്കൂറുകള്‍ക്കകം കേസെടുത്ത് അനസിനെ അറസ്റ്റ് ചെയ്തു. എന്തിനായിരുന്നു മോഷണം എംഡിഎംഎ വിറ്റത് ആര്‍ക്ക് എന്നീ ചോദ്യങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. തൊട്ടടുത്ത ക്രൈംനമ്പര്‍ 1186/2026 എറണാകുളം ജില്ലാ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം. ഇവിടെ മോഷ്ടാവ് ആരെന്ന് ഉറപ്പിക്കാനായിട്ടില്ല. പത്ത് വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 124 തൊണ്ടിമുതലുകള്‍. ഒരു സ്യൂട്ട്‌കേസിലായി സൂക്ഷിച്ച വാച്ചുകളാണ് നഷ്ടപ്പെട്ടതെന്നാണ് സൂചന.

2016ല്‍ സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലായ റാഡോ വാച്ചിനായി നടത്തിയ തിരച്ചിലിലാണ് വന്‍കൊള്ള പുറത്തായത്. ഒരു സ്യൂട്ട്‌കേസിലാണ് വിവിധ കേസുകളിലെ തൊണ്ടിമുതലുകളായ വാച്ചുകള്‍ സൂക്ഷിച്ചിരന്നത്. ലക്ഷങ്ങള്‍ വിലയുള്ളതും വലിയ വിലയില്ലാത്ത വാച്ചുകളും കൂട്ടത്തിലുണ്ടായിരുന്നു. പൂര്‍ണമായും കോടതിയുടെ സംരക്ഷണയിലുള്ളതും പൊലീസിന്റെ കാവലുമുള്ള മുറിയില്‍ നിന്നാണ് തൊണ്ടിമുതല്‍ കള്ളന്‍ കൊണ്ടുപോയത്. കള്ളന്‍ കപ്പലില്‍ തന്നെയെന്ന് നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. മോഷണത്തില്‍ പൊലീസിന് പുറമെ ജഡ്ജിമാരുടെ നേതൃത്വത്തിലുമാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here