26.3 C
Kollam
Sunday 11th October, 2026 | 09:54:45 AM
Home News Kerala കള്ളാടി തുരങ്കപാതയ്ക്കും തുരങ്കം വച്ചോ,വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി

കള്ളാടി തുരങ്കപാതയ്ക്കും തുരങ്കം വച്ചോ,വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം. വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി ടി. സിദ്ദിഖ്. റിപ്പോർട്ടിനെക്കുറിച്ച് മന്ത്രിസഭയിലും ചർച്ച ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ദുരന്തത്തെത്തുടർന്ന് നിർത്തിവച്ച തുരങ്കപാത നിർമാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.


കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത പദ്ധതിയുടെ വയനാട് ഭാഗത്താണ് ജൂലൈ ഏഴിന് മണ്ണിടിച്ചിലുണ്ടായത്. നിർമാണ മേഖലയിലുണ്ടായ അപകടത്തിൽ തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ കാരണങ്ങളും നിർമാണത്തിലെ വീഴ്ചകളും പരിസ്ഥിതി അനുമതികളിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. അതേസമയം, അപകടം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും തുരങ്കപാത നിർമാണം പുനരാരംഭിച്ചിട്ടില്ല. നിർമാണമേഖലയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതും പ്രധാന വെല്ലുവിളിയായി തുടരുകയാണ്. മണ്ണ് നീക്കുന്നതിനുള്ള ശാസ്ത്രീയ മാർഗം നിർദേശിക്കാൻ മറ്റൊരു വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.


വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകൾ വൈകുന്നത് പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം വർധിപ്പിക്കുകയാണ്. നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യം ഒരു വശത്ത് ശക്തമാകുമ്പോൾ, പരിസ്ഥിതി സുരക്ഷയും അപകടസാധ്യതകളും കൃത്യമായി വിലയിരുത്തിയശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്ന ആവശ്യവും മറുവശത്ത് നിലനിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here