Home News Kerala ‘മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്, തലനാരിഴക്ക് തിരിച്ചു കിട്ടിയ ജീവിതം

‘മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്, തലനാരിഴക്ക് തിരിച്ചു കിട്ടിയ ജീവിതം

കല്‍പ്പറ്റ: ‘മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്. ഇത് രണ്ടാം ജന്മമാണ്’ വയനാട് കള്ളാടി ദുരന്തത്തില്‍  നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് തമിഴ്‌നാട് സ്വദേശികളായ ബല്‍രാജും ഭാര്യ കൂടമ്മാളും പറയുന്നു. മീനാക്ഷി എസ്റ്റേറ്റിലെ എലം തൊഴിലാളികളായ ഇരുവരും ഇന്ന് അവധി ആയതിനാല്‍ ബാങ്കില്‍ പോകുന്നതിനായാണ് മേപ്പാടിയില്‍ എത്തിയത്. അതിനിടെയാണ് മിനാക്ഷി പാലത്തിന് സമീപം വന്‍തോതില്‍ മണ്ണിടിച്ചില്‍   ഉണ്ടായത്. ഇരുവരും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

‘ഞാനും ഭാര്യയും മേപ്പാടി ടൗണില്‍ വന്നതാണ്. ബസ് സ്റ്റോപ്പില്‍ ഇരുന്ന് മുകളിലേക്ക് നോക്കിയിരുമ്പോഴാണ് കുന്ന് ഇടിഞ്ഞുവരുന്നത് കണ്ടത്. ചെറിയ തോതില്‍ ശബ്ദവും കേട്ടിരുന്നു. ഉടനെ ഭാര്യയുടെ കൈപിടിച്ച് ഓടുന്നതിനിടെയാണ് മണ്ണ് ഒലിച്ചുവന്നത്. ലോറി ഒലിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ലോറിക്കടിയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഞങ്ങള്‍ മക്കളെ ഇട്ടേച്ച് പോയെന്നാണ് വിചാരിച്ചത് – ഇരുവരും പറഞ്ഞു.

കൂടമ്മാളിന് നേരിയ പരിക്കേറ്റതായും ബല്‍രാജ് പറഞ്ഞു. മീനാക്ഷിപുരം എസ്റ്റേറ്റിലെ ഏലം തൊഴിലാളികാളാണ് തമിഴ്‌നാട് സ്വദേശികളായ ഇരുവരും. ദീര്‍ഘനാളായി വയനാട്ടിലാണ് താമസം. എന്തെങ്കിലം ആവശ്യം വരുമ്പോള്‍ മാത്രമാണ് മേപ്പാടിയിലേക്ക് വരാറുള്ളത്. ഇന്ന് ബാങ്കില്‍ പോകേണ്ട ആവശ്യം ഉണ്ടായിരുന്നതിനാലാണ് മേപ്പാടിയില്‍ എത്തിയതെന്ന് ബല്‍രാജ് പറഞ്ഞു. രക്ഷപ്പെട്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഇത് ഞങ്ങളുടെ രണ്ടാം ജന്മമാണെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here