തിരുവനന്തപുരം. വൈദ്യുതി വിതരണം ചെയ്ത ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 1,342 കോടി രൂപ.
വർഷങ്ങളായി കുടിശ്ശികയായി കിടക്കുന്ന തുക പിരിച്ചെടുക്കുന്നതിൽ കെഎസ്ഇബിക്ക് ഗുരുതര വീഴ്ചയെന്നാണ് പുറത്തുവരുന്ന കണക്കുകൾ.പത്ത് വർഷത്തിലേറെയായി പിരിഞ്ഞുകിട്ടാനുള്ളത് മാത്രം 414.35 കോടി രൂപ.
കെഎസ്ഇബിക്ക് ആകെ ലഭിക്കാനുള്ള കുടിശ്ശിക 1,342 കോടി രൂപ.സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം കെഎസ്ഇബിക്ക് കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലുണ്ട്.
സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്ന് മാത്രം 6.22 കോടി രൂപ കെഎസ്ഇബിക്ക് ലഭിക്കാനുണ്ട്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക 8.87 കോടി രൂപ.കേരള വാട്ടർ അതോറിറ്റിയിൽ നിന്ന് കിട്ടാനുള്ളത് 28.25 കോടി രൂപ.തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് 1.52 കോടി രൂപ.കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് 2.32 കോടി രൂപ.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് 36.47 കോടി രൂപ.ഇതിന് പുറമെ പത്ത് സ്വകാര്യ സ്ഥാപനങ്ങളും കെഎസ്ഇബിക്ക് കോടികൾ നൽകാനുണ്ട്.
കണക്കുകളിൽ ഏറ്റവും ശ്രദ്ധേയമായത് പഴയ കുടിശ്ശികയാണ്.പത്ത് വർഷത്തിന് മുകളിലായി പിരിഞ്ഞുകിട്ടാനുള്ളത് 414.35 കോടി രൂപ.ഒരു വർഷമോ രണ്ട് വർഷമോ കുടിശ്ശികയായി കിടക്കുന്ന തുകയല്ല ഇത്.
പത്ത് വർഷത്തിലേറെയായി പിരിച്ചെടുക്കാൻ കഴിയാതെ കിടക്കുന്ന കോടികളാണ്.
വൈദ്യുതി വിതരണം ചെയ്തതിന്റെ തുക കൃത്യമായി പിരിച്ചെടുക്കുക കെഎസ്ഇബിയുടെ ഉത്തരവാദിത്തമാണ്.എന്നാൽ കോടിക്കണക്കിന് രൂപ വർഷങ്ങളായി കുടിശ്ശികയായി തുടരുന്നത് കെഎസ്ഇബിയുടെ പിരിവ് സംവിധാനത്തിലും നടപടികളിലും ചോദ്യങ്ങൾ ഉയർത്തുകയാണ്.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും സാമ്പത്തിക ബാധ്യതയും ചർച്ചയാകുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
കുടിശ്ശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയുടെ ബാധ്യത ഒടുവിൽ സാധാരണ ഉപഭോക്താക്കളുടെ മേൽ
വരുമോ എന്ന ആശങ്കയും ഉയരുന്നു.
വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് കെഎസ്ഇബി നൽകിയ മറുപടിയിലാണ് കുടിശ്ശികയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ ഇനി കെഎസ്ഇബി എന്ത് നടപടി സ്വീകരിക്കും എന്നതാണ് പ്രധാന ചോദ്യം.


































