ആലപ്പുഴ: കാർഷിക കലണ്ടർ കൃത്യമായി പാലിക്കുന്നതിനും നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കാലതാമസം അടിയന്തരമായി പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി. കൃഷിമന്ത്രി ടി. സിദ്ദീഖിന് കത്തയച്ചു.
കുട്ടനാട് ഉൾപ്പെടെയുള്ള നെൽകൃഷി മേഖലകളിൽ പുഞ്ചകൃഷിക്ക് മുന്നോടിയായി വിത്തുവിതരണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്ന് എം.പി. കത്തിൽ ചൂണ്ടിക്കാട്ടി. വിത്തുവിതരണത്തിലെ കാലതാമസം കർഷകരുടെ കൃഷിയിറക്കൽ സമയക്രമത്തെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൃഷിവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന നെൽകൃഷി മേഖലകളിൽ ഒന്നാം വിളയുടെ നെല്ലുസംഭരണം വൈകുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മില്ലുകളുമായുള്ള കരാറുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുകയും നെല്ലുസംഭരണം കാര്യക്ഷമമാക്കുകയും കർഷകർക്ക് അർഹമായ വില സമയബന്ധിതമായി ലഭ്യമാക്കുകയും വേണമെന്ന് എം.പി. ആവശ്യപ്പെട്ടു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് കുറഞ്ഞ വിലയ്ക്ക് നെല്ല് വിൽക്കേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കണം. സംഭരണ സംവിധാനത്തിലെ തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് കർഷകർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കാർഷിക കലണ്ടർ കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പാടശേഖര സമിതികൾ എന്നിവയുടെ ഏകോപനത്തോടെ താഴെത്തട്ടിൽ കൃത്യമായി നടപ്പാക്കണം. വിത്തുവിതരണം, കൃഷിയിറക്കൽ, വിളവെടുപ്പ്, നെല്ലുസംഭരണം തുടങ്ങിയ ഓരോ ഘട്ടവും നിശ്ചിത സമയക്രമത്തിൽ തന്നെ പൂർത്തിയാക്കുന്നതിനുള്ള ഏകോപിത സംവിധാനം ഒരുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.
കർഷകരുടെ താൽപര്യം മുൻനിർത്തി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖിനോട് എം.പി. അഭ്യർത്ഥിച്ചു.




































