കോഴിക്കോട്. പാര്‍ട്ടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അച്ചടക്ക നടപടിയുമായി സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കോഴിക്കോട്ട് ചേര്‍ന്ന വിപുലീകരിച്ച സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി ശാസിച്ചു. പാര്‍ട്ടി ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ അസാധാരണ നടപടി. സംസ്ഥാനത്തെ ഒരു സിറ്റിംഗ് സെക്രട്ടറിക്കെതിരെ പാര്‍ട്ടി വേദിയില്‍ പരസ്യ ശാസന ഉണ്ടാകുന്നത് സിപിഎമ്മിന്റെ സംഘടനാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്. മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ശൈലി മാറ്റണമെന്ന നിര്‍ദേശവും ഉയര്‍ന്നു വന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയില്‍ പാര്‍ട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എന്നാല്‍ ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. താഴെത്തട്ടില്‍ പാര്‍ട്ടിയുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടായതും പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ന്നതും യോഗത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. തളിപ്പറമ്പില്‍ പികെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതുള്‍പ്പെ ടെയുള്ള തീരുമാനങ്ങള്‍ ഗോവിന്ദനെതിരെയുള്ള വികാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായി.
പ്രത്യേകിച്ച്, പല നിര്‍ണ്ണായക രാഷ്ട്രീയ ഘട്ടങ്ങളിലും എം.വി. ഗോവിന്ദന്‍ നടത്തിയ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ തീര്‍ത്തും വെട്ടിലാക്കിയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തെറ്റുകള്‍ പൂര്‍ണ്ണമായി തിരുത്തി സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് എം.വി. ഗോവിന്ദനും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എംഎ ബേബിയും യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി.
സംസ്ഥാന ഘടകത്തില്‍ കേന്ദ്ര നേതൃത്വം പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് എംവി ഗോവിന്ദനെതിരായ നടപടിയിലൂടെ പുറത്തുവന്നത്. ഗോവിന്ദനെതിരായ അച്ചടക്ക നടപടി ഒഴിവാക്കാനും ലഘൂകരിക്കാനും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ ശക്തമായ ശ്രമം നടത്തിയെങ്കിലും പൊളിറ്റ് ബ്യൂറോ കര്‍ശന നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു.
തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഒരു ഉത്തരവാദി ഉണ്ടാകണം എന്ന ഉറച്ച നിലപാടാണ് പിബി സ്വീകരിച്ചത്. സംസ്ഥാന പാര്‍ട്ടി സെക്രട്ടറിക്ക് പരാജയങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു കാരണവശാലും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും സംഘടനാ നടപടി ഉണ്ടായേ മതിയാകൂ എന്നും എംഎ. ബേബി നിലപാടെടുത്തു. ഇതോടെയാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ പാര്‍ട്ടി ശാസന എന്ന അസാധാരണ നടപടിയിലേക്ക് നീങ്ങിയത്.

































