28.8 C
Kollam
Tuesday 15th September, 2026 | 06:44:01 PM
Home News Local കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ അന്താരാഷ്ട്രനിലവാരമുള്ള വിമാനത്താവളങ്ങള്‍ക്ക് സമാനമായ തരത്തിലുള്ള ബില്‍ഡിംഗ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നു

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ അന്താരാഷ്ട്രനിലവാരമുള്ള വിമാനത്താവളങ്ങള്‍ക്ക് സമാനമായ തരത്തിലുള്ള ബില്‍ഡിംഗ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നു

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളങ്ങള്‍ക്ക് സമാനമായ തരത്തിലുള്ള ബില്‍ഡിംഗ് മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ദക്ഷിണ റെയില്‍വേ നിര്‍മ്മാണവിഭാഗം മേധാവി ഓം പ്രകാശുമായുള്ള ഉന്നതതലയോഗത്തിനും നിര്‍മ്മാണ പരിശോധനയ്ക്കും ശേഷമാണ് വിവരമറിയിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള സൗകര്യങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ നിയന്ത്രിക്കുന്ന അത്യാധുനിക സംവിധാനമാണ് ബില്‍ഡിംഗ് മാനേജ്മെന്‍റ് സിസ്റ്റം. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ തിരക്കനുസരിച്ച് സ്റ്റേഷനിലെ ലൈറ്റിംഗ് സംവിധാനവും അനൗണ്‍സ്മെന്‍റും ഉള്‍പ്പെടെയുള്ള ഇതര സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് ബില്‍ഡിംഗ് മാനേജ്മെന്‍റ് സിസ്റ്റം.

നിലവില്‍ 5735 ചതുരശ്രമീറ്ററാണ് പ്ലാറ്റ്ഫോമുകളുടെ മേല്‍ക്കൂര. അവയുടെ പുനര്‍നിര്‍മ്മാണമാണ് വിഭാവന ചെയ്തിരുന്നതെങ്കിലും കൂടുതലായി ഏറ്റെടുത്തതുള്‍പ്പെടെ മുഴവന്‍ പ്ലാറ്റ്ഫോമിലും മേല്‍ക്കൂര നിര്‍മ്മിക്കുവാന്‍ തീരുമാനമായി. പുനഃക്രമീകരിച്ച പ്രകാരം 16296 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂര നിര്‍മ്മിക്കും. നിലവിലുള്ള മേല്‍ക്കൂര പൂര്‍ണ്ണമായും മാറ്റിയാണ് ഒരേ രീതിയിലുള്ള ആകര്‍ഷണീയമായ പുതിയ മേല്‍ക്കൂര നിര്‍മ്മിക്കുന്നത്.

നിലവിലെ 5735 ചതുരശ്രമീറ്റര്‍ ടൈലും സിമന്‍റും കോണ്‍ക്രീറ്റും കൊണ്ടുള്ള പ്ലാറ്റ്ഫോമിനു പകരം 16296 ചതുരശ്രമീറ്റര്‍ ഗ്രാനൈറ്റ് ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോം നിര്‍മ്മിക്കും. സൗത്ത് ടെര്‍മിനല്‍ കെട്ടിടത്തിന് 3732 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണുള്ളത്. പകരം 24433 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കെട്ടിടം നിര്‍മ്മിക്കും. ഇതില്‍ പകുതിയും വാണിജ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ലേലം ചെയ്ത് നല്‍കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
12 മീറ്റര്‍ വീതിയിലും 823 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലമുള്ള മേല്‍നടപ്പാതയും 36 മീറ്റര്‍ വിസ്തൃതിയില്‍ 4780 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള എയര്‍ കോണ്‍കോസും നിര്‍മ്മിക്കും. എയര്‍ കോണ്‍കോസുകളില്‍ ശീതീകരണ സംവിധാനം ഉള്‍പ്പെടുത്തിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമായ ചൂട് അനുഭവപ്പെടുന്ന സ്ഥലമെന്ന പരിഗണനയില്‍ കോണ്‍കോസില്‍ ശീതീകരണ സംവിധാനം സജ്ജമാക്കണമെന്നുള്ള ആവശ്യം ഉന്നയിക്കും.

നിലവില്‍ 2 ലിഫ്റ്റും 2 എസ്കലേറ്ററുമുള്ള സ്റ്റേഷനില്‍ 21 ലിഫ്റ്റുകളും 12 എസ്കലേറ്ററുകളും സ്ഥാപിക്കും.

സൗത്ത് ടെര്‍മിനലിലെ 255 ഇരുചക്ര വാഹനങ്ങളും 185 നാലുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇതിന്‍റെ ഉപയോഗം 300 ശതമാനമാണ്. നോര്‍ത്ത് ടെര്‍മിനലില്‍ 890 ഇരുചക്ര വാഹനങ്ങളും 190 നാലുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളൊരുക്കും.

ഗ്യാംങ് റൂം, എസ്.എസ്.സി വര്‍ക്ക് ബില്‍ഡിംഗ്, സര്‍വ്വീസ് ബില്‍ഡിംഗ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, പാര്‍സല്‍ ബില്‍ഡിംഗ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡിവിഷന് കൈമാറിയിട്ടുണ്ട്.  മേല്‍കാല്‍നടപ്പാതയുടെ നിര്‍മ്മാണം നവംബര്‍ 1 ഓടുകൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍റെ തെക്കുവശം കെട്ടിടനിര്‍മ്മാണത്തിന് ആദ്യരൂപകല്‍പനയെക്കാള്‍ ആഴത്തിലും വണ്ണത്തിലും എണ്ണത്തിലും കൂടുതല്‍ പൈലിംഗുകള്‍ ആവശ്യമായി വന്നു. മണ്ണ് പരിശോധനയെ തുടര്‍ന്നാണ് മാറ്റം വരുത്തിയത്. 90 മീറ്റര്‍ വ്യാസത്തിലും 32 മീറ്റര്‍ ആഴത്തിലുമുള്ള 800 പൈലിംഗുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

ജലസംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലാണ് ജലവിനിയോഗം രൂപകല്‍പന ചെയ്തിട്ടുള്ളത്. ജലം പരമാവധി പുനരുപയോഗിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. സുശക്തമായ സുരക്ഷാ സംവിധാനം സജ്ജമാക്കും. സ്റ്റേഷനുള്ളില്‍ മാത്രം 76 സിസിടിവി ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനമാണ് വിഭാവന ചെയ്തിട്ടുള്ളത്.

സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് കൂടുതലായി നടപ്പാക്കാനുള്ള ആവശ്യങ്ങള്‍ ഈ മാസം 18 ന് രാവിലെ 11 മണിക്ക് ചെന്നൈയില്‍ ചേരുന്ന ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ യോഗത്തില്‍ ഉന്നയിക്കും.

റെയില്‍വേയുടെ വികസനപ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ കൂടുതല്‍ സമയം റെയില്‍ ഗതാഗതം നിര്‍ത്തിവയ്ക്കേണ്ടതുണ്ട്. 7 മണിക്കൂര്‍ നേരം റെയില്‍ ഗതാഗതം നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍മ്മാണ കമ്പനിയുടെ ആവശ്യം. എന്നാല്‍ കൊല്ലത്തെ തീവണ്ടി ഗതാഗതത്തിരക്കുമൂലം 7 മണിക്കൂര്‍ ഗതാഗതം നിര്‍ത്തി വയ്ക്കുക എന്നുള്ളത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ രാത്രിയില്‍ 4 മണിക്കൂര്‍ കാലയളവാണ് നിര്‍മ്മാണത്തിനായി തീവണ്ടി ഗതാഗതം നിര്‍ത്തിവയ്ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ 2027 ഡിസംബറോടു കൂടി എല്ലാ പണികളും പൂര്‍ത്തീകരിച്ച് റെയില്‍വേ സ്റ്റേഷന് പുനര്‍ നിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ നിര്‍ദ്ദേശപ്രകാരം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവി ഓംപ്രകാശ്, കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എഞ്ചിനിയര്‍ സുശീല്‍കുമാര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ പവന്‍കുമാര്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഗോപിശങ്കര്‍, പ്രോജക്ട് മാനേജ്മെന്‍റ് സിസ്റ്റം മാനേജര്‍ ദാമോധരന്‍, എഞ്ചിനിയറിംഗ് & പ്രക്വയര്‍മെന്‍റ് കോണ്‍ട്രാക്ട് പ്രധിനിധികളായി ആര്‍. ബ്രിജേന്ദ്രകുമാര്‍, അഭിഷേക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here