28.8 C
Kollam
Tuesday 15th September, 2026 | 06:26:41 PM
Home News Local ആലപ്പാട് പഞ്ചായത്തില്‍ സുനാമി റെഡി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

ആലപ്പാട് പഞ്ചായത്തില്‍ സുനാമി റെഡി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

ആലപ്പാട് ഗ്രാമപഞ്ചായത്തിന് സുനാമി റെഡി അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. 14, 15,16 വാര്‍ഡുകളില്‍ ആണ് മോക്ക് ഡ്രില്‍ നടന്നത്. യുനെസ്‌കോയുടെ കീഴിലുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ ഓഷ്യനോഗ്രഫിക് കമ്മീഷന്‍ (IOC), ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (INCOIS), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്നതാണ് സുനാമി റെഡി പദ്ധതി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസിന്റെ മേല്‍നോട്ടത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് കൈമാറല്‍, ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കല്‍, അടിയന്തര പ്രതികരണ സംവിധാനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു.

രാവിലെ 9.30ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് സുനാമി ജാഗ്രതാനിര്‍ദേശം ലഭിച്ചതോടെയാണ് മോക്ക് ഡ്രില്ലിന് തുടക്കമായത്. വിവരം താലൂക്ക് കണ്‍ട്രോള്‍ റൂമിലേക്കും ആലപ്പാട് പഞ്ചായത്തിലേക്കും പോലീസ്, അഗ്‌നിരക്ഷാസേന, റവന്യൂ , തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കൈമാറി. ഇതോടെ ആലപ്പാട് വെള്ളനാതുരുത്ത് ബീച്ച് പരിസരത്ത് നിന്ന് പോലീസിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒഴിപ്പിച്ചു. ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങളുമായി അഗ്‌നിരക്ഷാസേനയും അടിയന്തരമായി സ്ഥലത്തെത്തി ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ പങ്കാളികളായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജയശ്രീയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജനപ്രതിനിധികളും ഒഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍ മുന്നിട്ടിറങ്ങി. കടപ്പുറത്ത് നിന്ന് ഒഴിപ്പിച്ചവരെ മൂക്കുംപുഴ ദേവീക്ഷേത്രത്തിന് സമീപത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ എസ് സജീദും കരുനാഗപ്പള്ളി തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസും ഉടന്‍ സ്ഥലത്തെത്തി ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിച്ചു. സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പഞ്ചായത്തും ഫിഷറീസ് വകുപ്പും വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തി.

കിടപ്പുരോഗികളും ഗര്‍ഭിണികളും ഭിന്നശേഷിയുള്ളവരും വയോധികരും അടക്കം പ്രത്യേക പരിഗണനയും ശ്രദ്ധയും വേണ്ടവരെ അഗ്‌നിരക്ഷാസേനയുടെയും ആപ്ദമിത്ര സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആംബുലന്‍സുകളിലേക്ക് മാറ്റി സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കാനായി ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. വെള്ളനാതുരുത്തില്‍ നിന്ന് ബോട്ട് മാര്‍ഗം പത്മനാഭന്‍ ജെട്ടിയിലേക്കും ഏതാനും ആളുകളെ മാറ്റി. പണ്ടാരത്തുരുത്ത് ഗവ. എല്‍പിഎസില്‍ നിന്നുള്ള കുട്ടികളെയും പോലീസും അഗ്‌നിരക്ഷാസേനയുമെത്തി ഒഴിപ്പിച്ചു. പ്രദേശത്തെ വീടുകളില്‍ നിന്നുള്ള വളര്‍ത്തുമൃഗങ്ങളെയും ഒഴിപ്പിച്ചു.

മൂക്കുംപുഴ ക്ഷേത്ര പരിസരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയവരെ പിന്നീട് ഡോ. വി വി വേലുക്കുട്ടി അരയന്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അഴീക്കല്‍,ആലപ്പാട് കുടുംബരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ശരണ്‍ ശര്‍മ്മ, ഡോ. ശ്രീകല എന്നിവരുടെ നേതൃത്വത്തില്‍ പതിനാലംഗ മെഡിക്കല്‍ സംഘം ക്യാമ്പില്‍ വൈദ്യസഹായം ലഭ്യമാക്കി. കരുനാഗപ്പള്ളി എസിപി വിനോദ് കുമാര്‍, സി ഐ ഗോപകുമാര്‍, നീണ്ടകര കോസ്റ്റല്‍ സി ഐ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുദ്യോഗസ്ഥരും കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി ജി ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷസേനാ ഉദ്യോഗസ്ഥരുമാണ് മോക്ക് ഡ്രില്ലില്‍ പങ്കാളികളായത്. ജില്ലാ പഞ്ചായത്തംഗം വരുണ്‍ ആലപ്പാട്, നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിന്ദു കെ ഒ, ആലപ്പാട് പഞ്ചായത്ത് സെക്രട്ടറി ആര്‍ താര, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, തദ്ദേശ സ്വയംഭരണ ദുരന്ത നിവാരണ പദ്ധതി കോര്‍ഡിനേറ്റര്‍ മീനു എസ്, പദ്ധതിയുടെ അക്കാദമിക പങ്കാളികളായ അമൃത വിശ്വവിദ്യാപീഠം പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. മോക്ക് ഡ്രില്ലിന് ശേഷം ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അവലോകന യോഗം ചേര്‍ന്നു. സുനാമി മുന്നറിയിപ്പുണ്ടാകുമ്പോള്‍ കൂടുതലായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here