Home News Kerala ‘ഇത് ഞാന്‍ പൂട്ടിക്കും,ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവായ പഞ്ചായത്ത് മെമ്പര്‍

‘ഇത് ഞാന്‍ പൂട്ടിക്കും,ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവായ പഞ്ചായത്ത് മെമ്പര്‍

കൊല്ലം. ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പര്‍. സിപിഎം നേതാവായ മനു മത്തായി ആണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ‘ഇത് ഞാന്‍ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു’മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെമ്പര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പണപ്പിരിവാണെന്നും അതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നും മനു മത്തായി പറഞ്ഞു. വാഹനങ്ങള്‍ കടത്തിവിടാനും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്നുവെന്നും അത് അവസാനിപ്പിക്കുമെന്നുമാണ് താന്‍ പറഞ്ഞതെന്ന് മനു മത്തായി വിശദീകരിച്ചു.