തിരുവനന്തപുരം:
നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസ ജീവിതം മതിയാക്കി മടങ്ങിവന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് കേരളം പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ജെ മാത്യു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ എന്നിവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസി മലയാളികൾക്കുള്ള നോർക്കാ കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ട എൻറോൾമെന്റിന്റെയും ഇതിനായുള്ള പോർട്ടലിന്റെയും ഉദ്‌ഘാടനം നിർവഹിച്ചശേഷം അതേ വേദിയിലാണ് നിവേദനത്തിലൂടെ ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അതോടൊപ്പം, ഈദ്, ഈസ്റ്റർ, വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളിലും സ്കൂൾ അവധിക്കാലത്തും വിമാനക്കമ്പനികൾ ഗൾഫ് മേഖലയിൽ ഈടാക്കുന്ന അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് പ്രവാസികാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും, മിഷൻ സമുദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഗൾഫ് മലയാളികൾക്കായി യാത്രാക്കപ്പൽ സർവീസ് ആരംഭിക്കണമെന്നും കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ദീപാ ഹിജിനസ്സ്, കാസർഗോഡ് മുൻ ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, ജില്ലാ ഭാരവാഹികളായ ശ്രീകണ്ഠൻ ആറ്റുകാൽ, ഇടയാർ രമണൻ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ അനുഭാവ പ്രതികരണം ലഭിച്ചതായി പത്മാലയം മിനിലാലും ടി ജെ മാത്യുവും പറഞ്ഞു.
































