28.6 C
Kollam
Saturday 3rd October, 2026 | 04:55:00 PM
Home News Breaking News നടുക്കം, കരുവാറ്റയിലെ കൊലപാതകം മുത്തഛനെതിരെ 13 കാരിയുടെ ക്വട്ടേഷന്‍

നടുക്കം, കരുവാറ്റയിലെ കൊലപാതകം മുത്തഛനെതിരെ 13 കാരിയുടെ ക്വട്ടേഷന്‍

Advertisement

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയെ വീട്ടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പുറത്ത്. കൊലപാതകത്തിന് തൊട്ടുമുന്‍പ് ശിവന്‍കുട്ടി അതിക്രൂരമായ ശാരീരിക മര്‍ദ്ദനങ്ങള്‍ക്ക് ഇരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. തലയ്ക്ക് ശക്തമായി അടിയേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. ഇതിനുപിന്നാലെ അബോധാവസ്ഥയിലായ ശിവന്‍കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. താടിയെല്ലിന് മുകളിലായി ആഴത്തിലുള്ള നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

ശിവന്‍കുട്ടിയുടെ പേരക്കുട്ടിയായ പതിമൂന്നുകാരി തന്നെയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി (എസ്.പി) ടി.കെ. വിഷ്ണു പ്രദീപ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഐഫോണും ബൈക്കുകളും വാങ്ങാനും പണം സമ്പാദിക്കാനുമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കവരാന്‍ പെണ്‍കുട്ടിയാണ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്. ഇതിനായി കൊല്ലത്തുനിന്ന് തന്റെ കാമുകനെയും സുഹൃത്തിനെയും പെണ്‍കുട്ടി കരുവാറ്റയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഓഗസ്റ്റ് 15-ന് വൈകുന്നേരമാണ് കൊല്ലത്തുനിന്ന് ട്രെയിന്‍ മാര്‍ഗ്ഗം പതിനാറും പതിനേഴും വയസ്സുള്ള പ്രതികള്‍ കരുവാറ്റയിലെത്തിയത്. രാത്രി വീടിന്റെ ശുചിമുറിയിലെ വെന്റിലേറ്ററിലൂടെ ഇവര്‍ അകത്തുകടക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ശിവന്‍കുട്ടിയുമായി മല്‍പ്പിടിത്തമുണ്ടാവുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്ന പതിമൂന്നുകാരിക്ക്, കാമുകന്‍ വീഡിയോ കോളിലൂടെ കൊലപാതക ദൃശ്യങ്ങള്‍ തത്സമയം കാണിച്ചുകൊടുത്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മുത്തച്ഛന്‍ തന്നെ ‘ബാഡ് ടച്ച്’ ചെയ്‌തെന്നും അതിനാലാണ് കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് എസ്.പി പറഞ്ഞു. കുടുംബപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടിയുടെ മുന്‍കാല പശ്ചാത്തലങ്ങളും മുന്‍പ് കാണാതായ സംഭവങ്ങളും വിശദമായി പരിശോധിക്കും. കവര്‍ച്ച നടത്തിയ 4.5 ഗ്രാമോളം സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണ്ണവും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 16,000 രൂപയ്ക്ക് കൊല്ലത്തെ ജ്വല്ലറിയില്‍ വിറ്റ മോതിരവും ഉള്‍പ്പെടുന്നു.

സിനിമകള്‍ കണ്ട പ്രേരണയിലാണ് തെളിവ് നശിപ്പിക്കാന്‍ വീട്ടിനുള്ളില്‍ മുളകുപൊടി വിതറിയത്. കൃത്യം നടത്തിയ ശേഷം ഒന്നുമറിയാത്ത ഭാവത്തില്‍ മുത്തച്ഛനെ കാണാനില്ലെന്ന് നാട്ടുകാരെ ആദ്യം അറിയിച്ചതും ഈ പെണ്‍കുട്ടി തന്നെയാണ്. ചോദ്യം ചെയ്യലിലെ മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ മുതിര്‍ന്ന ക്രിമിനലുകളെപ്പോലെയാണ് ഈ പൈശാചിക കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.