27.2 C
Kollam
Monday 28th September, 2026 | 12:37:41 AM
Home News Breaking News ശബരിമല സന്നിധാനത്തേക്ക് ‘നെയ്യ്’ കൊണ്ടുപോയ ട്രാക്ടറിന്റെ രേഖകള്‍ കാണാനില്ല; അന്വേഷണം തുടങ്ങി

ശബരിമല സന്നിധാനത്തേക്ക് ‘നെയ്യ്’ കൊണ്ടുപോയ ട്രാക്ടറിന്റെ രേഖകള്‍ കാണാനില്ല; അന്വേഷണം തുടങ്ങി

പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് തിരുവനന്തപുരം മേഖല മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യ് പമ്പയില്‍നിന്ന് ട്രാക്ടറില്‍ കൊണ്ടുപോയതിനു രേഖകളില്ല.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ തീർഥാടനസീസണിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം മേഖല മില്‍മയില്‍നിന്ന് നെയ്യ് വാങ്ങിയത്. ആകെ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാറെങ്കിലും, പമ്പയിലെ ലെഡ്ജർ പരിശോധിച്ചപ്പോള്‍ 1.61 ലക്ഷം ലിറ്റർ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് മുൻപ് കണ്ടെത്തിയിരുന്നു. സന്നിധാനത്ത് നെയ്യ് എത്തിയതായി ലെഡ്ഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ലെഡ്ജറിലെ വിവരങ്ങള്‍ മാത്രം വെച്ച്‌ നെയ്യ് അവിടെയെത്തിയെന്ന് സ്ഥിരീകരിക്കാനാകില്ലെന്നാണ് വിജിലൻസിന്റെ വിലയിരുത്തല്‍. അനുബന്ധ രേഖകള്‍ യാതൊന്നും ഹാജരാക്കാൻ പമ്പയിലെ സ്റ്റോർ ചുമതലക്കാർക്ക് കഴിഞ്ഞിട്ടില്ല.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കൃത്യമായ നടപടിക്രമങ്ങളാണ് ഇവിടെ പാലിക്കപ്പെടാതെ പോയത്. ട്രാക്ടർ നമ്പർ, ഡ്രൈവറുടെ പേര്, തീയതി, സമയം, കൊണ്ടുപോയ സാധനം, അളവ്, ദേവസ്വത്തില്‍ അടയ്ക്കേണ്ട 100 രൂപയുടെ രസീതിന്റെ പകർപ്പ് തുടങ്ങിയ നിർണ്ണായക വിവരങ്ങളെല്ലാം ഔദ്യോഗിക രേഖകളില്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നെയ്യ് കൊണ്ടുപോയ ട്രാക്ടർ യാത്രകളെ സംബന്ധിച്ച്‌ ഇത്തരം രേഖകളൊന്നും ദേവസ്വം വിജിലൻസിന് മുന്നില്‍ ഹാജരാക്കാൻ സാധിച്ചിട്ടില്ല.

മില്‍മയില്‍ നിന്ന് നെയ്യ് എത്തിയത്, പമ്പയില്‍ സ്വീകരിച്ചത്, സ്റ്റോക്കില്‍ ചേർത്തത്, സന്നിധാനത്തേക്ക് മാറ്റിയത് തുടങ്ങി ഓരോ ഘട്ടത്തിലുമുള്ള കടുത്ത പൊരുത്തക്കേടുകളാണ് എസ്.ഐ.ടി അന്വേഷണത്തില്‍ പ്രധാനമായി പരിശോധിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട ഈ വീഴ്ചയും ദുരൂഹതയും വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.