മാന്നാര്‍. കെഎസ്ആർടിസി ബസ് തട്ടി സ്കൂട്ടർ യാത്രക്കാരൻ വീണു എന്ന് ആരോപിച്ച് ബസ് ഡ്രൈവർക്ക് മർദ്ദനം.ബസ്സിനുള്ളിൽ കയറിയുള്ള മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് വരുന്നത് കണ്ട് സ്കൂട്ടർ യാത്രക്കാരൻ ബസ്സിനു മുന്നിലേക്ക് നിയന്ത്രണം തെറ്റി വീഴുകയായിരുന്നു എന്നാണ് യാത്രക്കാരും പറയുന്നത്.മാവേലിക്കര പുതിയകാവ് സ്വദേശി വിപിൻ കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
ഇന്നലെ രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ചെങ്ങന്നൂർ വഴി ആലപ്പുഴയിലേക്കുള്ള സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവർ വിജയനാണ് മർദ്ദനമേറ്റത്.ബസ് ചെന്നിത്തല പുത്തുവിളപ്പടി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിയുന്നതിനിടെ മാവേലിക്കര ഭാഗത്തുനിന്ന് എത്തിയ സ്കൂട്ടർ യാത്രക്കാരൻ നിയന്ത്രണം റോഡിലേക്ക് മറിഞ്ഞുവീണു.ഇത് കണ്ട് ബസ് നിർത്തിയ ഡ്രൈവർ വിജയനനേറെ സ്കൂട്ടർ യാത്രക്കാരൻ പ്രകോപനപരമായി സംസാരിക്കുകയും ബസ്സിനുള്ളിൽ കയറി ഡ്രൈവറെ മർദ്ദിക്കുകയും ആയിരുന്നു.ബസ്സ് തട്ടിയതുകൊണ്ടാണ് യാത്രക്കാരൻ താഴെ വീണത് എന്നായിരുന്നു ആക്ഷേപം.
സ്കൂട്ടർ യാത്രക്കാരനായ മാവേലിക്കര സ്വദേശി വിപിൻ കൃഷ്ണന്റെ ചവിട്ടേറ്റ ഡ്രൈവർ വിജയൻ ബസ്സിനുള്ളിൽ കുഴഞ്ഞുവീണു.ഗുരുതരമായി പരിക്കേറ്റ വിജയനെ യാത്രക്കാരാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മാന്നാർ പോലീസ് സ്ഥലത്തെത്തി.ബസ്സ് വരുന്നത് കണ്ട് സ്കൂട്ടർ യാത്രക്കാരൻ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് യാത്രക്കാർ പോലീസിൽ മൊഴി നൽകിയത്.ഇതോടെ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും വിപിൻ കൃഷ്ണനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.


































