തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ ഓണം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പൊടിപൂരമാക്കാൻ നീക്കം. ജീവനക്കാരുടെ ജനുവരിയിലെ 2% ഡി.എയും പെൻഷൻകാരുടെ തത്തുല്യമായ ഡി.ആറും ഓണത്തിനു ബോണസിനും ഉത്സവ ബത്തയ്ക്കുമൊപ്പം അനുവദിച്ചേക്കും.
ഈ വർഷം ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഏഴു മാസത്തെ ഡി.എ കുടിശിക പണമായി നല്‍കാനും ആലോചനയുണ്ട്.
രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാല പ്രാബല്യം നല്‍കിയില്ല. 2019ല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡി.എയും അതിനൊപ്പം ലയിപ്പിച്ചു. 2025 ജൂലായ് വരെയുള്ള ഡി.എ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നല്‍കിയില്ല.നിലവില്‍ സർക്കാർ ജീവനക്കാർക്ക് 35% ഡി.എയാണ്. ജനുവരിയിലെ 2% കൂടി ചേരുമ്പോള്‍ 37% ഡി.എയാകും.
ജീവനക്കാർക്ക് ഡി.എ നല്‍കാൻ 54.20 കോടിയും പെൻഷൻകാർക്ക് ഡി.ആർ നല്‍കാൻ 38.60 കോടിയും ഉള്‍പ്പെടെ മാസം 97.80 കോടിയുടെ അധികച്ചെലവുണ്ടാകും. ഓണക്കാലത്ത് ഏഴു മാസത്തെ കുടിശിക കൂടി നല്‍കാൻ 684.60 കോടി രൂപ സർക്കാരിന് കണ്ടെത്തേണ്ടി വരും.
കേന്ദ്ര സർക്കാർ ഈ മാസം അവസാനത്തോടെ 3% ക്ഷാമബത്ത അനുവദിച്ചേക്കും. അതു കൂടിയാവുമ്പോള്‍, ഈ വർഷം അവസാനത്തോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ 40% ആയി വർദ്ധിക്കും. ശമ്പള പരിഷ്കരണം നീണ്ടു പോകുന്ന സാഹചര്യത്തില്‍, ചരിത്രത്തിലെ ഏറ്റവും കൂടിയ ഡി.എയാവും സംസ്ഥാന ജീവനക്കാർക്ക് ലഭിക്കുക.































