26.8 C
Kollam
Wednesday 15th July, 2026 | 08:49:30 PM
Home News Breaking News വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണവുമായി ഹൈക്കോടതി

വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണവുമായി ഹൈക്കോടതി

കൊച്ചി.കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണവുമായി ഹൈക്കോടതി. നിലവിലെ ബോർഡിന്റെ ഘടന വഖഫ് നിയമപ്രകാരമല്ലെന്ന പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, സുപ്രധാന തീരുമാനങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും കോടതി നിയന്ത്രണം ഏർപ്പെടുത്തി. ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ബോർഡിന് സുപ്രധാന തീരുമാനങ്ങളോ നയപരമായ തീരുമാനങ്ങളോ കൈക്കൊള്ളാനോ, മൂലധന ചെലവുകൾ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ ബോർഡിന്റെ ഘടന വഖഫ് നിയമത്തിലെ സെക്ഷൻ 14-ന് അനുസൃതമല്ലെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഒരു ഷിയ അംഗത്തെയും ഉൾപ്പെടുത്തണമെന്ന ഹർജിക്കാരുടെ വാദവും കോടതി രേഖപ്പെടുത്തി. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയാണ് ബോർഡിലെ എക്‌സ്-ഓഫീഷ്യോ അംഗമാകേണ്ടതെന്നും, ആ വ്യവസ്ഥയും പാലിച്ചിട്ടില്ലെന്ന വാദവും കോടതി പരിഗണിച്ചു.

അതേസമയം, വഖഫ് നിയമത്തിലെ സെക്ഷൻ 14 കർശനമായി പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ ഭരണപരമായ നിയന്ത്രണത്തിൽ താൽക്കാലികമായി ബോർഡ് പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു. നിയമാനുസൃതമായി ബോർഡ് പുനഃസംഘടിപ്പിക്കുന്നതുവരെ നിലവിലെ ബോർഡിന്റെ അധികാരങ്ങൾ കർശനമായി നിയന്ത്രിക്കുന്നതാണ് ഹൈക്കോടതിയുടെഇടക്കാല ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here