പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ സംയുക്ത സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഓട്ടോ തൊഴിലാളികളെയും ടൂറിസ്റ്റ് ബസ് ഉടമകളെയും ഉൾപ്പെടുത്തി സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് നേരിടേണ്ടി വരുന്നതെന്ന് ബസ് ഉടമകൾ പറയുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ദിവസേന കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. ഇതോടെ പല ബസുകളും സർവീസ് നിർത്തലാക്കുന്ന സാഹചര്മാണ്.പ്രതിസന്ധി രൂക്ഷമായിട്ടും സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നാണ് ബസ് ഉടമകളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് ഓട്ടോ തൊഴിലാളികളെയും ടൂറിസ്റ്റ് ബസ് ഉടമകളെയും ഉൾപ്പെടുത്തി സംയുക്ത സമരത്തിന് രൂപം നൽകാൻ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.
പ്രിയദർശിനി പദ്ധതി ആരംഭിച്ച് 13 ദിവസം പിന്നിടുമ്പോൾ മാത്രം സ്വകാര്യ ബസുകൾക്ക് 28 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബസ് ഉടമകളുടെ വിലയിരുത്തൽ. ഒരു ബസിന്റെ പ്രതിദിന വരുമാനത്തിൽ ആയിരം മുതൽ ആറായിരം രൂപ വരെ കുറവുണ്ടായതായും അവർ പറയുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ബസ് ഉടമകൾ പരാതിപ്പെടുന്നു.ബസ് ഉടമകളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമോ, അതോ സമരം ശക്തമാകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്ത്



































